ADVERTISEMENT

കൊച്ചി ∙ ‘മഴയത്തും വെയിലത്തും പോകരുതേ നീ നാടിന്റെ വെട്ടം കളയരുതേ..’ പാട്ടു പാടി വോട്ടു നേടി വിജയതീരം അണഞ്ഞിട്ടും ജീവിതത്തിൽ കടന്നുപോയ നിമിഷങ്ങളെ രമ്യ ഹരിദാസ് മറന്നിട്ടില്ല. മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ ചോദ്യങ്ങൾക്കാണു നിയുക്ത ആലത്തൂർ എംപി രമ്യ ഹൃദയം തൊടുന്ന മറുപടി നൽകിയത്. പ്രചാരണത്തിനിടെ 65 ജോഡി വസ്ത്രങ്ങൾ ലഭിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് ഉള്ളിൽ തട്ടി രമ്യയുടെ മറുപടി ഇങ്ങനെ.

‘പ്രചാരണത്തിനിടെ കിട്ടിയ വസ്ത്രങ്ങളെണ്ണുമ്പോൾ ഞാൻ ഒാർത്തുപോയിട്ടുണ്ട്. ഒരു ഒാണക്കോടി പോലും കിട്ടാത്ത അവസരങ്ങളെ കുറിച്ച്. പഴയ വസ്ത്രങ്ങൾ ധരിച്ച് പുതിയത് വാങ്ങാൻ നിവൃത്തിയില്ലാതെ കടന്നുപോയ നിമിഷങ്ങളും ജീവിതത്തിലുണ്ട്. ചിലപ്പോൾ പുതിയ ബുക്ക് വാങ്ങാൻ പണമുണ്ടാകില്ല. അപ്പോൾ അമ്മ പറയും. ബുക്കിന്റെ ഒരു വശത്തുനിന്ന് ഒരു വിഷയം എഴുതി തുടങ്ങണം. അടുത്ത വിഷയം അതേ ബുക്കിന്റെ മറുവശത്തും നിന്നും എഴുതി തുടങ്ങാൻ. അങ്ങനെ കടന്നുവന്നതാ ഞാൻ. ഒരു ഇത്തിരി നുറുങ്ങ് വെട്ടവുമായിട്ടാണ് ഇരുട്ടിനെ ഭേദിച്ച് മിന്നാമിനുങ്ങ് കടന്നുപോകുന്നത്..’– രമ്യ പറഞ്ഞു.

ഇൗ തിരഞ്ഞെടുപ്പില്‍ പാട്ടുംപാടി ജയിക്കുമെന്നു പല സ്ഥാനാര്‍ഥികളും അവകാശപ്പെടാറുണ്ടെങ്കിലും കൃത്യമായി നടപ്പിലാക്കി കാണിച്ചതു രമ്യയാണ്. പണി മുടങ്ങിക്കിടക്കുന്ന മണ്ണുത്തി– വടക്കഞ്ചേരി ദേശീയപാതയിലെ മേൽപാലം, ആറുവരിപ്പാത എന്നിവ ഒരു വർഷത്തിനകം പൂർത്തീകരിക്കുകയാണ് ആദ്യ ലക്ഷ്യം. ഇക്കാര്യത്തില്‍ പല തടസ്സങ്ങളുണ്ടെന്നറിയാം, കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണെന്നും അറിയാം. പക്ഷേ, ഞാൻ പിന്നാലെ ഉണ്ടാകും. മുടക്കാനാണു ശ്രമമെങ്കിൽ ഞാനും നാട്ടുകാരും അവിടെ ചെന്നു കുത്തിയിരിക്കും– രമ്യ പറഞ്ഞു.  

ആലത്തൂരിനു താന്‍ ഒരിക്കലും പാര്‍ട് ടൈം മെംബര്‍ ആയിരിക്കില്ലെന്ന് രമ്യ പറയുന്നു. എപ്പോഴും ജനങ്ങൾക്കു ലഭ്യമാകുന്ന രീതിയിൽ ഉണ്ടാകും. പാടാനും ആടാനും കഴിവുള്ളവരെ കണ്ടെത്തി, അതു പഠിക്കാനുള്ള സാഹചര്യം ഇല്ലാത്ത യുവാക്കളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾക്കു രൂപം നല്‍കും. കേന്ദ്രസർക്കാരിനു കീഴിൽ പുറനാട്ടുകരയിലെ രാഷ്ട്രീയ സംസ്കൃത സൻസ്ഥാൻ എന്ന കൽപിത സർവകലാശാലയുടെ ഓഫ് ക്യാംപസുകൾ പാലക്കാട് തുടങ്ങും. തിരഞ്ഞെടുപ്പിൽ മൊബൈൽ സന്ദേശം വഴി വോട്ടു ചോദിച്ച സമയത്തു ജനങ്ങൾക്കു നിർദേശങ്ങൾ നൽകാനുള്ള ഓപ്ഷനും നൽകിയിരുന്നു. 2,85,000 പേരുടെ നിർദേശങ്ങൾ വോയ്സ് റെക്കോർഡായി കൈവശമുണ്ട്.

ആലത്തൂരിലെ ജനങ്ങൾ വികസനം എത്രമാത്രം കൊതിക്കുന്നെന്നും അവർക്കു നാടിന്റെ വികസനത്തെക്കുറിച്ച് എത്ര ധാരണയുണ്ടെന്നും അവ കേട്ടാൽ അറിയാം. അതില്‍ മികച്ചത് നടപ്പിലാക്കാന്‍ ശ്രമിക്കും. പാലക്കാട്ടുകാർ ഏറെ ആശ്രയിക്കുന്ന തൃശൂർ മെഡിക്കൽ കോളജ് ആലത്തൂർ മണ്ഡലത്തിലാണ്. മെഡിക്കൽ കോളജിന്റെ സമഗ്ര വികസനം ഉറപ്പാക്കും. കേന്ദ്രസർക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികൾ മണ്ഡലത്തിലെ എല്ലാ ജനങ്ങൾക്കും ഉറപ്പാക്കും‌ം. കർഷകർക്കു കേന്ദ്രത്തിൽനിന്നു കിട്ടാനുള്ള എല്ലാ പദ്ധതികളും സഹായങ്ങളും വാങ്ങിയെടുക്കും. മുളങ്കുന്നത്തുകാവ് സ്റ്റേഷനെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തും. മണ്ഡലത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളും നവീകരിക്കും. പാലക്കാട്–പൊള്ളാച്ചി റെയിൽവേ പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും.

തൃശൂരിനോടു ചേർന്ന നഗരസമീപ മേഖല, പാലക്കാട്ടെ കാർഷിക മേഖല, വള്ളുവനാട് മേഖല എന്നിങ്ങനെ മൂന്നു പ്രദേശങ്ങൾക്കായി വ്യത്യസ്ത വികസന പദ്ധതികൾ തയാറാക്കും. കടുത്ത ജലക്ഷാമം നേരിടുന്ന ചിറ്റൂർ ബ്ലോക്കിനു വേണ്ടി പ്രത്യേക ജലനയം. 2000 ഏക്കറോളം ജലസംഭരണം ഉറപ്പാക്കുന്ന പ്രത്യേക പദ്ധതി. രാജ്യത്തെ മികച്ച വിദഗ്ധരെ ഉൾപ്പെടുത്തി ജലപ്രതിസന്ധിയെക്കുറിച്ചു പഠനം. അന്തർ സംസ്ഥാന നദീജല കരാറുകളുടെ കാര്യത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നടത്തുന്ന ഇടപെടലുകൾക്കു പിന്തുണ.

തക്കാളി, വെണ്ടയ്ക്ക പോലെയുള്ള പച്ചക്കറികൾ സൂക്ഷിച്ചു വിപണനം ചെയ്യുന്നതിനു ശീതീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. കർഷകരുടെ പട്ടയ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെക്കൊണ്ട് ഇടപെടൽ നടത്തും. പറമ്പിക്കുളം, നെല്ലിയാമ്പതി എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നം ഉൾപ്പെടെ പരിഹരിക്കാൻ പ്രത്യേക പാക്കേജ്. പട്ടികജാതി–പട്ടികവർഗ മാതൃകാ കോളനികൾ വികസിപ്പിക്കുമെന്നും രമ്യ ആലത്തൂരുകാർക്കു ഉറപ്പു നൽകുന്നു.

English Summary: Alathur UDF MP Remya Haridas Life Story, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com