ADVERTISEMENT

ലണ്ടൻ ∙ മൂന്നുദിവസത്തെ ഔദ്യോഗിക സന്ദശനത്തിനായി യുഎസ് പ്രസിഡന്റ് അടുത്തയാഴ്ച ലണ്ടനിലെത്തുമ്പോൾ ഏവരും ഉറ്റുനോക്കുന്നതു ട്രംപും തെരേസ മേയും തമ്മിലുള്ള കൂടിക്കാഴ്ച. ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ തന്റെ ഉപദേശം സ്വീകരിക്കാതിരുന്ന തെരേസ മേയെ നേരത്തെ പരസ്യമായി വിമർശിച്ച ട്രംപ് ഇനി എന്തു പറയുമെന്നു കാതോർക്കുകയാണ് എല്ലാവരും. സ്ഥാനമൊഴിയുന്ന മേയുടെ അവസാനത്തെ ഔദ്യോഗിക പരിപാടി ട്രംപുമായുള്ള കൂടിക്കാഴ്ചയും വിരുന്നുമാകും. 

അത്ര സുഖകരമായ ബന്ധമല്ലെങ്കിലും തെരേസ സ്ഥാനമൊഴിയുന്ന വാർത്തയോടു പ്രതികരിക്കവെ അവരെ മുക്തകണ്ഠം പ്രശംസിച്ചാണ് ട്രംപ് കഴിഞ്ഞദിവസം തന്റെ ജപ്പാൻ സന്ദർശനം ആരംഭിച്ചത്. അസാമാന്യ ധൈര്യശാലിയും കഠിനാധ്വാനിയുമായ നേതാവാണ് തെരേസ. നല്ലൊരു വനിതയാണവർ, അവരെ എനിക്ക് ഇഷ്ടമാണ്. അവർ സ്ഥാനമൊഴിയുന്നതിൽ ദുഃഖിക്കുന്നു. മറ്റുള്ളവർ ആശ്ചര്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാനാണ് അവർ ശ്രമിച്ചത്. അതെല്ലാം അവരുടെ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അവരെ നേരിൽ കാണും– ട്രംപ് പറഞ്ഞു.

ബ്രെക്സിറ്റ് ഹിതപരിശോധനാകാലത്തും പിന്നീടും കടുത്ത ബ്രെക്സിറ്റ് അനുകൂലികളെ തുറന്നു പിന്തുണയ്ക്കുന്ന സമീപനമാണ് ട്രംപ് കൈക്കൊണ്ടത്. ഇതിൽ തെരേസ മേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രെക്സിറ്റ് നടപ്പാക്കുന്നതു സബന്ധിച്ച് തന്റെ ഉപദേശങ്ങൾ സ്വീകരിക്കാൻ മേ തയാറാകുന്നില്ലെന്നു കഴിഞ്ഞ വർഷത്തെ ബ്രിട്ടിഷ് സന്ദർശനവേളയിൽ മാധ്യമങ്ങളിലൂടെ ട്രംപ് തുറന്നടിച്ചു. കടുത്ത ബ്രെക്സിറ്റ് വാദികളായ നൈജൽ ഫെറാജ്, ബോറിസ് ജോൺസൺ തുടങ്ങിയ നേതാക്കളുമായി അടുപ്പം സൂക്ഷിക്കുന്ന ട്രംപിന്റെ നയവും ഇരുവരും തമ്മിലുള്ള ബന്ധത്തിൽ തടസ്സമായി. 

ഐറിഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബ്രിട്ടൻ ബ്രെക്സിറ്റ് നടപ്പാക്കുന്ന രീതിയെ കടുത്തഭാഷയിൽ ട്രംപ് വിമർശിച്ചത് വലിയ വാർത്തയായി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ബ്രെക്സിറ്റിന്റെ പേരിൽ കസേര നഷ്ടമാകുന്ന തെരേസയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച പ്രസക്തമാകുന്നത്. ജൂൺ മൂന്നിനാണു മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ട്രംപും പത്നി മെലാനിയയും ലണ്ടനിലെത്തുന്നത്. ഇരുവർക്കും എലിസബത്ത് രാജ്ഞി ബക്കിങ്ങാം കൊട്ടാരത്തിൽ ആചാരപരമായ സ്വീകരണവും വിരുന്നും നൽകും. നാലിനു സെന്റ് ജെയിംസ് പാലസിൽ നടക്കുന്ന ബിസിനസ് ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങിലാകും ട്രംപും മേയും തമ്മിലുള്ള കൂടിക്കാഴ്ച.

പിന്നീട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തും. ചർച്ചകൾക്കുശേഷം സംയുക്തമായി വാർത്താസമ്മേളനം. പ്രധാനമന്ത്രിയെന്ന നിലയിൽ തെരേസ മേയുടെ അവസാനത്തെ ഔദ്യോഗിക നയതന്ത്ര പരിപാടിയാകും ഇത്. അന്നു വൈകിട്ട് അമേരിക്കൻ അംബാസിഡറുടെ ഔദ്യോഗിക വസതിയിൽ ട്രംപ് ഒരുക്കുന്ന അത്താഴവിരുന്നിലും ഇരുനേതാക്കളും പങ്കെടുക്കും. രാജ്ഞിയെ പ്രതിനിധീകരിച്ച് ചാൾസ് രാജകുമാരനാകും ഈ വിരുന്നിൽ പങ്കെടുക്കുക.

English Summary: US President Donald Trump will be UK PM Theresa May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com