ADVERTISEMENT

ന്യൂഡല്‍ഹി∙ രണ്ടാം മോദി മന്ത്രിസഭയില്‍നിന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി പിന്മാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ്റ്റ്‌ലി കത്തു നല്‍കി. ചികില്‍സയ്ക്കായി സമയം അനുവദിക്കണമെന്നും പുതിയ സര്‍ക്കാരില്‍ തനിക്ക് ഉത്തരവാദിത്തം നല്‍കരുതെന്നും അഭ്യര്‍ഥിച്ചാണ് ജയ്റ്റ്‌ലിയുടെ കത്ത്.

ആരോഗ്യകാരണങ്ങളാണ് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണു നേരിടേണ്ടിവന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാര്‍നാഥ് ക്ഷേത്രത്തിലേക്കു തിരിച്ചപ്പോള്‍ ഇക്കാര്യം വാക്കാല്‍ പറഞ്ഞിരുന്നുവെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. സര്‍ക്കാരിനെയും പാര്‍ട്ടിയെയും അനൗദ്യോഗികമായി സഹായിക്കാന്‍ ഒരുപാടു സമയം ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ജയ്റ്റ്‌ലി കത്ത് അവസാനിപ്പിക്കുന്നത്. 

ഇക്കുറി ജയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയ്റ്റ്‌ലിയുടെ നില അതീവഗുരുതരമാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ വക്താവ് സീതാന്‍ഷു കര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

തുടര്‍ ചികില്‍സകള്‍ക്കായി അമേരിക്കയിലോ ബ്രിട്ടനിലോ പോകേണ്ടതു കൊണ്ടാണ് മന്ത്രിസഭയില്‍ അംഗമാകാത്തതെന്ന് ജയ്റ്റ്‌ലിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞയാഴ്ച എംയിസില്‍ പ്രവേശിപ്പിക്കപ്പെട്ട ജയ്റ്റ്‌ലി ബിജെപി ആസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. അണുബാധ ഒഴിവാക്കാനാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം ജയ്റ്റ്‌ലി പൊതുചടങ്ങുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതെന്ന് അടുത്ത സുഹൃത്ത് പറഞ്ഞു.

English Summary : Arun Jaitley writes to P M Narendra Modi requests to not give him any responsibility for the present

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com