ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ഇടം ലഭിക്കാതെ മുൻ സർക്കാരിലെ പ്രമുഖർ. വീണ്ടും മന്ത്രിയാകാന്‍ താൽപര്യമില്ലെന്ന് അറിയിച്ച മുൻ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണു പുതിയ മന്ത്രിസഭയിൽനിന്നു പുറത്തായത്. കഴിഞ്ഞ 18 മാസമായി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ മന്ത്രിസ്ഥാനം വേണ്ടെന്നു ജയ്റ്റ്ലി മോദിയെ അറിയിച്ചിരുന്നു.

കഴിഞ്ഞതവണ പാർലമെന്റിലും പുറത്തും സർക്കാരിനുവേണ്ടി ഏറ്റവുമധികം പ്രതിരോധം തീർത്ത മന്ത്രിമാരിലൊരാളായിരുന്നു ജയ്റ്റ്ലി. 2014ൽ മന്ത്രിസ്ഥാനം ഏറ്റപ്പോൾ മൂന്ന് പ്രധാനവകുപ്പുകളാണു മോദി ഏൽപിച്ചത്– ധനം, പ്രതിരോധം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്. കഴിഞ്ഞ വർഷം മേയിൽ കിഡ്നി സംബന്ധമായി ജയ്റ്റ്ലിയുടെ ആരോഗ്യ പ്രശ്നങ്ങൾ വഷളാവുകയായിരുന്നു.

മുൻ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനു സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥികളുടെ നിരയിലായിരുന്നു സ്ഥാനം. മോദി സർക്കാരിൽ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള മന്ത്രി കൂടിയായിരുന്നു സുഷമ. വിദേശരാജ്യങ്ങളിൽനിന്ന് സഹായമഭ്യർഥിച്ചുള്ള ഇന്ത്യക്കാർക്കു വേണ്ടി മന്ത്രി നടത്തിയ ഇടപെടലുകള്‍ വൻ കയ്യടി നേടി.

രാജസ്ഥാനിൽനിന്നു രണ്ടാം തവണയും വിജയിച്ച രാജ്യവർധൻ സിങ് റാത്തോഡിനും മന്ത്രിസ്ഥാനം ലഭിച്ചില്ല. 62കാരിയായ മേനക ഗാന്ധിയാണ് മോദി സർക്കാരിൽ ഇടം ലഭിക്കാതെ പോയ മറ്റൊരു പ്രമുഖ. മന്ത്രിയാക്കിയില്ലെങ്കിലും മേനക ഇടക്കാല സ്പീക്കറാകുമെന്നാണു വിവരം.

മുൻ സർക്കാരിൽ സിവിൽ ഏവിയേഷന്‍ മന്ത്രിയായിരുന്ന ജയന്ത് സിൻഹയ്ക്കും ഇക്കുറി മന്ത്രിസ്ഥാനമില്ല. മുതിർന്ന നേതാവ് യശ്വന്ത് സിൻഹയുടെ മകനായ ജയന്ത്, ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണു രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ടത്. ഹിമാചൽ പ്രദേശിൽനിന്നുള്ള രാജ്യസഭാംഗം ജെ.പി.നഡ്ഢയാണു മറ്റൊരാൾ. കഴിഞ്ഞ സർക്കാരിൽ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. നഡ്ഢ ബിജെപി അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com