ADVERTISEMENT

ന്യൂഡൽഹി ∙ കൂടുതൽ വനിതാ എംപിമാരുള്ള ലോക്സഭയായിട്ടും രണ്ടാം മോദി സർക്കാരിൽ വനിതാപ്രാതിനിധ്യത്തിൽ ഗണ്യമായ കുറവ്. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത 58 കേന്ദ്രമന്ത്രിമാരിൽ ആറു വനിതകൾ മാത്രമാണുള്ളത്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന നിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർക്ക് ഇത്തവണയും കാബിനറ്റ് പദവി ലഭിച്ചു. സഹമന്ത്രിമാരായി സാധ്വി നിരഞ്ജൻ ജ്യോതി, രേണുക സിങ്, ദേബോശ്രീ ചൗധരി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

എന്നാൽ കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമ ഭാരതി, അനുപ്രിയ പട്ടേൽ തുടങ്ങിയവർക്ക് ഇത്തവണ അവസരം ലഭിച്ചില്ല. നജ്മ ഹെപ്ത്തുള്ള കഴിഞ്ഞതവണ കേന്ദ്രമന്ത്രിയായിരുന്നെങ്കിലും പുനഃസംഘടനയിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

17–ാം ലോക്സഭയിലെ 542 അംഗങ്ങളിൽ 78 പേരാണ് വനിതാ എംപിമാർ. ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ ഉള്ളത് ഭരണകക്ഷിയായ ബിജെപിക്കു തന്നെ – 40 പേർ. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് കാര്യമായി പരിഗണിക്കാത്തതിൽ വനിതാ പ്രവർത്തകർക്കും പരിഭവമുണ്ട്. 

നിർമല സീതാരാമൻ

കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം. ആദ്യ നരേന്ദ്ര മോദി സർക്കാരിൽ പ്രതിരോധ മന്ത്രി, ധനവകുപ്പ് സഹമന്ത്രി തുടങ്ങിയ ചുമതലകൾ വഹിച്ചു. ഇന്ദിരാ ഗാന്ധിക്കു ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതയായി.

ഹസിമ്രത് കൗർ ബാദൽ

അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലിന്റെ മരുമകൾ, ഉപമുഖ്യമന്ത്രിയായിരുന്ന സുഖ്‌ബീർ സിങ് ബാദലിന്റെ ഭാര്യ. പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്നുള്ള ലോക്സഭാംഗമാണ്. ഒന്നാം മോദി സർക്കാരിൽ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ഹസിമ്രത്, സർക്കാരിലെ സിഖ് പ്രതിനിധി കൂടിയാണ്.

സ്മൃതി ഇറാനി

വൻ ഭൂരിപക്ഷത്തിൽ മോദി വീണ്ടും അധികാരത്തിലേറിയപ്പോൾ, ലോക്സഭയിലെ താരമായതു സ്മൃതി ഇറാനിയാണ്. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നേടിയ അട്ടിമറി ജയമാണ് സ്മൃതിക്കു കയ്യടി വാങ്ങിക്കൊടുത്തത്. കഴിഞ്ഞ തവണ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായാണു മന്ത്രിസഭയിലെത്തിയത്. മാനവവിഭവശേഷി വകുപ്പ് കൈകാര്യം ചെയ്തിരുന്ന അവർ പിന്നീട് ടെക്സറ്റൈൽസ് മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചു.

സാധ്വി നിരഞ്ജൻ ജ്യോതി

ഉത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപി. ഒന്നാം മോദി സർക്കാരിൽ ഭക്ഷ്യ വകുപ്പ് സഹമന്ത്രിയായിരുന്നു.

രേണുക സിങ്

ഛത്തീസ്ഡിൽ നിന്നുള്ള ബിജെപി നേതാവ്. ഛത്തീസ്ഗഡ് നിയമസഭാംഗമായിരുന്നു.

ദേബോശ്രീ ചൗധരി

ബംഗാളിലെ ബിജെപി ജനറൽ സെക്രട്ടറിയായ ദേബോശ്രീ ചൗധരി ഇത്തവണ സംസ്ഥാനത്ത് അട്ടിമറി വിജയം നേടി ലോക്സഭയിലെത്തിയ ഒരാളാണ്. റായിഗഞ്ച് മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയെ തോൽപ്പിച്ചാണ് ദേബോശ്രീ ജയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com