ADVERTISEMENT

ബെയ്ജിങ്∙ ലോകം ഉറ്റുനോക്കിയ ഒരു അവകാശസമരത്തിന്റെ വാർഷികദിനത്തിൽ അതേക്കുറിച്ചുള്ള പരാമർശങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന, രാജ്യത്ത് ഇന്നിറങ്ങിയ പത്രങ്ങളിൽ ടിയാനന്‍മെന്‍ സ്‌ക്വയറിനെക്കുറിച്ചു പരാമർശങ്ങളില്ല. എന്തിനേറെ സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ പോലും ടിയാനൻമെൻ സ്ക്വയർ എന്ന പദങ്ങൾ കടന്നെത്താതെ പൗരന്മാർ ശ്രദ്ധിക്കുന്നു.

ടിയാനൻമെൻ സ്ക്വയറിനെ പടികടത്താനായിരുന്നു ചൈനീസ് ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കാലങ്ങളായി ശ്രമിച്ചു കൊണ്ടിരുന്നത്.  ടിയാനന്‍മെന്‍ സ്‌ക്വയറിനെ കുറിച്ചുള്ള ഓർമകൾ തിരികെ കൊണ്ടു വരുവാൻ ശ്രമിച്ചവരെല്ലാം അടിച്ചമർത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.  ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്രത്തിനുമുള്ള പ്രക്ഷോഭങ്ങളിൽ ലോകമെമ്പാടുമുള്ള മാനവഹൃദയങ്ങളിൽ എഴുതപ്പെട്ട വേറിട്ട പ്രതിഷേധ സമരങ്ങളിൽ ഒന്നായിരുന്നു ടിയാനൻമെൻ സ്ക്വയർ പ്രതിഷേധം.

1989 ജൂൺ നാലിനു ടിയാനന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേരെ സൈന്യം വെടിയുതിർത്തു. സംഭവത്തിന്  30 വയസ് പിന്നിടുമ്പോൾ ചൈനയിൽ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി  നടത്തിയ ഏറ്റവും വലിയ പോരാട്ടമായി ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭം  എന്നും ഓർമിക്കപ്പെടുന്നു. എത്ര പേരാണ് ആ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടതെന്നു കൃത്യമായ കണക്കുകൾ പോലുമില്ല.

2,600 ഓളം പേർ ദാരുണമായി കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്.  ടിയാനൻമെൻ സ്ക്വയറിലെ 1989-ലെ സൈനിക നടപടിയെ വീണ്ടും ന്യായീകരിച്ച് കഴിഞ്ഞ ദിവസം ചൈന രംഗത്തെത്തിയിരുന്നു. അത് ശരിയായ തീരുമാനമായിരുന്നെന്ന് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെൻസി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ബെയ്ജിംഗിലെ വിഖ്യാതമായ ടിയാന്‍മെന്‍ സ്‌ക്വയറില്‍ 1989 ൽ തമ്പടിച്ചു. ചൈനയിലെ ഈ മുന്നേറ്റത്തെ പതുക്കെ ലോക സമൂഹം ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നത്തെ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ഷാവൊ സിയാങ്ങിനു ജനാധിപത്യ വാദികളോട് അനുഭാവമുണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി ഷാങ്ങ്ഹായില്‍ ട്രെയിൻ തടയാന്‍ ശ്രമിച്ച ജനാധിപത്യ വാദികളെ അതേ ട്രെയിൻ കയറ്റി കൊന്നതിനെത്തുടര്‍ന്നു സമരക്കാര്‍ ട്രെയിനിനു തീവച്ചു. 1989 ജൂൺ നാലിന് അർധരാത്രി ടാങ്കുകളും കവചിത വാഹനങ്ങളുമടക്കമുള്ള സൈനിക വ്യൂഹം സമരക്കാർക്കു നേരേ ഇരച്ചു കയറി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. സമരക്കാരോട് അനുഭാവം പുലര്‍ത്തിയ ഷാവോ സിയാങ് തടങ്കലിലുമായി.

ടിയാനൻമെൻ സ്‌ക്വയറിനെ കുറിച്ചുള്ള ഓർമകൾ ദീപ്തമാക്കുന്നത് 1989 ജൂൺ അഞ്ചിനു പകർത്തപ്പെട്ട ഒരു ചിത്രമാണ്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന സൈന്യം നൂറുകണക്കിനു വിദ്യാർഥികളെ കൊന്നുതള്ളിയതിനു തൊട്ടടുത്ത ദിവസം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 കാരനായ യുവാവിന്റെ ചിത്രം.  ലോകം അയാളെ 'ടാങ്ക് മാൻ' എന്ന്  വിളിച്ചു.

ചരിത്ര സംഭവത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന ശക്തമായ ചിത്രമായി അത് മാറി. ആ വിദ്യാർഥി ആരാണ്? അയാൾ ജീവനോടെ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ചൈനീസ് സൈന്യം അയാളെ കൊലപ്പെടുത്തിയോ? തുടങ്ങിയ ചോദ്യങ്ങൾ ലോകം ചോദിക്കാൻ തുടങ്ങിയിട്ട് 30 വർഷം  തികയുന്നു. സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത് പകർത്താൻ സമീപത്തെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന വിദേശ മാധ്യമപ്രവർത്തകരാണ് ആ ചിത്രം പകർത്തിയത്.

സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിന്‍ എന്ന പത്ര ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം പിന്നീട് ടൈം മാഗസിന്റെ കവര്‍ ചിത്രമായി. ചാര്‍ലി കോള്‍ എന്ന ഫൊട്ടോഗ്രഫർ ഈ ചിത്രത്തിന്റെ പേരിൽ 1990 ലെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡിന് അർഹനായി. ലോകം ചർച്ച ചെയ്യാൻ പോകുന്ന ചിത്രമാണ് ഇതെന്ന് കരുതിയില്ലെന്ന് സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിന്‍ പിന്നീട് ഓർത്തെടുത്തു. അയാൾ ടാങ്കിനെ പോവാൻ അനുവദിക്കാതെ ഒറ്റയ്ക്ക്  തടഞ്ഞു നിർത്തി. അയാളെ മെതിച്ചുകൊണ്ട് കടന്നു പോവുന്നതിനുപകരം ആ പട്ടാള ടാങ്ക് അതിന്റെ എഞ്ചിൻ ഓഫ് ചെയ്ത അവിടെ നിർത്തി. ." ടാങ്കിന്റെ മുകളിൽ കയറി പട്ടാളക്കാരോട് അയാൾ സംസാരിച്ചതായും വീണ്ടും യാത്രതുടങ്ങാൻ തുടങ്ങിയ ടാങ്കുകളുടെ വ്യൂഹത്തിനു നേരേ വീണ്ടും ചാടി വീണതായും ഫ്രാങ്ക്ലിന്‍ ഓർമിക്കുന്നു.

ഒടുവിൽ രണ്ടു പേർ ചേർന്ന് അയാളെ വലിച്ചിഴച്ചു കൊണ്ടു പോയതായും ഫ്രാങ്ക്ലിന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ രണ്ടു പേർ ആരാണെന്നോ വലിച്ചിഴച്ചു കൊണ്ടു പോയ യുവാവ് ആരാണെന്നോ, എവിടെയാണന്നോ ആർക്കും അറിയില്ല. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന്റെ ഓർമകളെ  പോലും വല്ലാതെ ഭയപ്പെട്ട  ചൈന അയാളെക്കുറിച്ച് പിന്നീട് ലോകത്തോട് ഒന്നും പറഞ്ഞുമില്ല.

ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും വൻ ചലനമുണ്ടാക്കി. പ്രക്ഷോഭത്തെ അനുകൂലിച്ച പി.ഗോവിന്ദപിള്ളയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായി. ചെന്നൈയിൽ 1992 ജനുവരിയിൽ നടന്ന സിപിഎമ്മിന്റെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഷയം ചർച്ചയ്ക്കു വന്നു. ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭം അടിച്ചമർത്തിയ നടപടിയെ പാർട്ടി ശരിവയ്ക്കുകയും ചെയ്തു.

English Summary: 30 years after Tiananmen protests in China, 'Tank Man' remains an icon and a mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com