ADVERTISEMENT

അമാരാവതി∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. പാർട്ടി എംഎൽഎ മുഹമ്മദ് മുസ്തഫ ഷെയ്ക് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജഗൻ മോഹൻ രാജ്യത്ത് അ‍ഞ്ച് ഉപമുഖ്യമന്ത്രിമാരുള്ള ഏക മുഖ്യമന്ത്രിയാകും. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരെ ഭരണത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണു നടപടി. ശനിയാഴ്ച പൊതുചടങ്ങിലായിരിക്കും മന്ത്രിമാരെ പ്രഖ്യാപിക്കുക. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് രണ്ട് ഉപമുഖ്യമന്ത്രിമാരായിരുന്നു ഉണ്ടായിരുന്നത്–ഒരാൾ പിന്നാക്കവിഭാഗത്തിൽ നിന്നും മറ്റൊരാൾ കാപ്പു വിഭാഗത്തിൽ നിന്നും.

പട്ടിക ജാതി, പട്ടിക വർഗം, പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപ്പു എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരെയാണ് ഉപമുഖ്യമന്ത്രിമാരായി ജഗൻ തിരഞ്ഞെടുക്കുന്നത്. 25 അംഗങ്ങളുള്ള മന്ത്രിസഭയും രൂപീകരിക്കും. ഇവരിൽ ഭൂരിപക്ഷവും ദുർബല വിഭാഗങ്ങളിൽ നിന്നായിരിക്കും. റെഡ്ഡി വിഭാഗത്തിനാണു മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യമുണ്ടാകുകയെന്ന പ്രചാരണത്തിനും അതോടെ തിരശ്ശീല വീണു.

രണ്ടര വർഷത്തിനു ശേഷം സർക്കാരിന്റെ പ്രകടനം വിലയിരുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ജഗൻ വ്യക്തമാക്കി. വെള്ളിയാഴ്ച ജഗന്റെ വസതിയിൽ നടന്ന പാർട്ടി യോഗത്തിലാണു തീരുമാനം. വൈഎസ്ആർ കോൺഗ്രസിന്റെ മുഴുവൻ എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 175 സീറ്റിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 151 സീറ്റിലും വൈഎസ്ആർ കോൺഗ്രസ് ആണു ജയിച്ചത്. 

English summary: Andhra pradesh Chief Minister Jagan Reddy to get 5 deputies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com