sections
MORE

ശത്രുവിനെ തകർക്കാൻ 100 ‘ബാലാക്കോട്ട്’ ബോംബുകൾ; സ്‌പൈസ് കരുത്തില്‍ ഇന്ത്യ

spice-bomb
സ്പൈസ് ബോംബുകൾ
SHARE

ന്യൂഡൽഹി ∙ ബാലാക്കോട്ടിൽ ജയ്ഷെ ഭീകരരുടെ ക്യാംപ് തകർക്കാൻ ഇന്ത്യയെ സഹായിച്ച ‘സ്പൈസ്’ ബോംബുകളുടെ ശേഖരം വർധിപ്പിക്കാൻ വ്യോമസേന. 300 കോടി രൂപ ചെലവിട്ട് ഇസ്രയേലിൽനിന്നു നൂറിലധികം സ്പൈസ് ബോംബുകൾ‌ (SPICE Bomb) വാങ്ങാൻ വ്യോമസേന കരാറൊപ്പിട്ടു. അടുത്ത മൂന്നു മാസത്തിനകം പുതിയ ബോംബുകൾ ഇന്ത്യയിലെത്തും. 

സിആർപിഎഫ് സൈനികർക്കു നേരെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായാണു ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്. അന്നു ജയ്ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളിൽ കനത്ത നാശം വിതയ്ക്കാൻ ഉപയോഗിച്ച ആയുധങ്ങളിൽ മുഖ്യമായിരുന്നു സ്പൈസ് ബോംബുകൾ. മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ലേസർ ഗൈഡഡ് ബോംബുകൾ വർഷിച്ചത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.

ഇന്ത്യ നാലു വർഷം മുൻപുതന്നെ സ്പൈസ് സ്വന്തമാക്കിയിരുന്നു. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്നാണു സ്പൈസിന്റെ വിശേഷണം. സ്മാർട്ട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’. സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണു ബോംബ് വന്നുവീഴുക. 60 കിലോമീറ്ററാണു ദൂരപരിധി. കാര്യമായ പരിപാലന ചെലവു വരില്ലെന്നതു പ്രത്യേകതയാണ്. ബോംബിന്റെ പ്രവർത്തനക്ഷമത അഞ്ചു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതി.

ഒരൊറ്റ കേന്ദ്രത്തെ ലക്ഷ്യമാക്കി തുരുതുരാ ബോംബുകൾ വർഷിക്കുകയായിരുന്നു പഴയരീതി. ഏതെങ്കിലും ഒരെണ്ണം ലക്ഷ്യസ്ഥാനം കാണും. പ്രതിരോധ വകുപ്പിന് ഏറെ നഷ്ടമുണ്ടാക്കുന്ന ഈ രീതിക്കു പരിഹാരമായാണു സ്പൈസ് കിറ്റിന് ഇസ്രയേൽ കമ്പനി റഫായേൽ രൂപം നൽകിയത്. വന്നുവീഴുന്നയിടത്തെ ഓക്സിജൻ വലിച്ചെടുക്കുന്ന സ്പൈസ് ആക്രമണത്തിൽ ശത്രുക്കൾ ശ്വാസം വിലങ്ങിയാണു കൊല്ലപ്പെടുക. അന്തരീക്ഷം മേഘാവൃതമായാലും മഞ്ഞുമൂടിയാലും ഇരുട്ടായാലും കാലാവസ്ഥ മാറിയാലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കാൻ സ്പൈസ് ബോംബിനു സാധിക്കും.

English Summary: India inks Rs 300-crore deal to buy more ‘Balakot’ SPICE bombs From Israel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA