ADVERTISEMENT

ലക്നൗ ∙ മുത്തച്ഛനുമായി അയൽക്കാർക്കുള്ള വായ്പാ ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ രണ്ടു വയസുള്ള പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിൽ രാജ്യമെങ്ങും പ്രതിഷേധം. ഉത്തർപ്രദേശിലെ അലിഗഡിലാണു രാജ്യത്തെ ഞെട്ടിച്ച സംഭവം. മേയ് 30 മുതൽ കാണാതിരുന്ന കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങൾ മാലിന്യക്കൂനയിൽനിന്നു തെരുവുനായ്ക്കൾ കഴിഞ്ഞദിവസം കടിച്ചുവലിച്ചു പുറത്തിട്ടപ്പോഴാണു കൊലപാതക വിവരം അറിഞ്ഞത്.

കുട്ടിയുടെ കൊലയുമായി ബന്ധപ്പെട്ട് അയൽക്കാരായ സാഹിദ്, അസ്‌‍ലം എന്നിവരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനോടു ചെയ്ത ക്രൂരതയ്ക്കു കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണു നടക്കുന്നത്. രാജ്യത്തെ പലയിടങ്ങളിലും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടെങ്കിലും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നാണു പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടെന്നു അലിഗഡ് പൊലീസ് പറഞ്ഞു.

കുട്ടിയുടെ കയ്യുംകാലും മുറിഞ്ഞിരുന്നു. കണ്ണുകള്‍ ചൂഴ്ന്നെടുത്താണു വീട്ടുകാർ പറയുന്നത്. അങ്ങനെയില്ലെന്നു പൊലീസുകാരും പറയുന്നു. മൃതദേഹം വളരെയധികം അഴുകിയ നിലയിലായിരുന്നു. അറസ്റ്റിലായ പ്രതികളുടെ വീട്ടിലേക്കു കുട്ടിയുടെ വീട്ടിൽനിന്ന് അര കിലോമീറ്റർ ദൂരമേയുള്ളൂ. പ്രതികൾക്കു കുട്ടിയുടെ കുടുംബവുമായി നല്ല അടുപ്പമാണ്. പ്രതികാര കൊലപാതകമാണു നടന്നതെന്നു പൊലീസ് പറഞ്ഞു.

കുട്ടിയുടെ മുത്തച്ഛനിൽനിന്ന് 50,000 രൂപയാണു സാഹിദ് വായ്പയായി വാങ്ങിയത്. ഇതിൽ 10,000 രൂപ തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും വാക്കുതർക്കമുണ്ടായി. ഇതിന് അനുഭവിക്കേണ്ടി വരുമെന്നു സാഹിദ് വീട്ടുകാരെ ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മേയ് 30ന് കുട്ടി അപ്രത്യക്ഷമായി. വീട്ടുകാരും അയൽക്കാരും ബന്ധുക്കളും രാത്രി മുഴുവൻ തിരഞ്ഞു.

പിറ്റേന്നു രാവിലെ കുട്ടിയെ കാണാതായതായി പൊലീസിൽ പരാതി നൽകി. മൂന്നു ദിവസത്തിനു ശേഷം, കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കടിച്ചെടുത്ത് തെരുവുപട്ടികൾ അലഞ്ഞുതിരിയുന്നതു കണ്ട ഒരു സ്ത്രീ അലറിക്കരഞ്ഞു. ഇതോടെ മാലിന്യക്കൂമ്പാരത്തിൽ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു ദേശീയ സുരക്ഷാ നിയമം അനുസരിച്ചായിരിക്കും അന്വേഷണമെന്നു പൊലീസ് അറിയിച്ചു. ഈ ഭീകരവിരുദ്ധ നിയമം അനുസരിച്ച് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന വ്യക്തികളെ നിയമസതടസ്സങ്ങളില്ലാതെ തടവിലാക്കാൻ സര്‍ക്കാരിനു സാധിക്കും. കൃത്യനിർവഹണത്തിൽ പിഴവുണ്ടായതിനു അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.

സാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് അസ്‌‍‌ലമിന്റെ പങ്ക് വെളിപ്പെട്ടത്. അസ്‌ലമിന്റെ വീട്ടിലാണു കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചത്. പിന്നീടാണ് മാലിന്യക്കൂമ്പാരത്തിലേക്കു മാറ്റിയതെന്നും സീനിയർ പൊലീസ് ഓഫിസർ ആകാശ് കുലാരി പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞദിവസം റോഡ് തടഞ്ഞു പ്രതിഷേധിച്ചിരുന്നു. പ്രതി ചേർക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.

കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. ‘യുപിയിൽ പെൺകുട്ടിക്കുണ്ടായ ദുരനുഭവം മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഒരു കുഞ്ഞിനോട് എങ്ങനെയാണ് ഇത്രയും ക്രൂരമാകാൻ സാധിക്കുന്നത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകരുത്. ഉത്തര്‍പ്രദേശ് പൊലീസ് അതിവേഗം പ്രവര്‍ത്തിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം’– രാഹുൽ ആവശ്യപ്പെട്ടു.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് ഊര്‍മിള മണ്ഡോദ്കര്‍, നടൻ അഭിഷേക് ബച്ചൻ തുടങ്ങിയവർ സംഭവത്തിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

English Summary: 2-Year-Old's Murder Over Rs. 10,000 Sparks Outrage; Dogs Dragged Body in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com