sections
MORE

സമയം നോക്കാതെ അമിത് ഷാ; വലംകൈയായി സാകേത്: ‘ഉണര്‍ന്ന് ' ആഭ്യന്തര മന്ത്രാലയം

amit-shah
SHARE

ന്യൂ‍ഡൽഹി ∙ ജമ്മു കശ്മീർ, നക്സൽ പ്രശ്നം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, പൗരത്വ ബിൽ, പാക്കിസ്ഥാനുമായി ചർച്ച വേണമോ തുടങ്ങി പ്രധാന വിഷയങ്ങളിലെല്ലാം രാജ്യം ഉറ്റുനോക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് അമിത് ഷായുടെ രംഗപ്രവേശത്തോടെ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ വേറിട്ട ഉണർവ്. രാവിലെ പത്തു മണിക്കു മുൻപ് തന്നെ നോർത്ത് ബ്ലോക്കിലെ മന്ത്രാലയത്തിലെത്തുന്ന അമിത് ഷാ രാത്രി എട്ടു മണി വരെ ഓഫിസ് പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ പത്തു മണിക്ക് ഓഫിസിലെത്തിയ അമിത് ഷാ വ്യാഴാഴ്ച രാവിലെ 9.40 ന് തന്നെ എത്തിയതോടെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വൃന്ദവും പ്രവർത്തനങ്ങളിൽ പുതിയ രീതികളിലേക്ക് മാറിക്കഴിഞ്ഞു.

ഉദ്യോഗസ്ഥരെ കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയുളള രണ്ടു സഹമന്ത്രിമാരും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവം. മന്ത്രാലയത്തിന്റെ ചുമതല ആദ്യ മോദി മന്ത്രിസഭയിൽ വഹിച്ച രാജ്നാഥ് ഉച്ചയ്ക്ക് വസതിയിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നെങ്കിൽ ഉച്ചയ്ക്ക് 12.45 ന് ഉച്ചഭക്ഷണം ഓഫിസിൽ എത്തിച്ച് കഴിക്കുന്ന രീതിയാണ് അമിത് ഷായ്ക്ക്. ബുധനാഴ്ച ഈദിന് അവധിയായിരുന്നെങ്കിലും അവധി നോക്കാതെ രാജ്യത്തെ മുപ്പതാമത്തെ ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായും സഹമന്ത്രിമാരും മന്ത്രാലയത്തിൽ സജീവമായി.

ഉച്ചവരെ മന്ത്രാലയത്തിൽ പ്രവർത്തിച്ച്, ഉച്ചയ്ക്ക് ശേഷം പ്രധാനപ്പെട്ട ചർച്ചകൾ ഉൾപ്പെടെയുള്ളവ ഔദ്യോഗിക വസതിയിൽ ചേർന്നുവന്ന മുൻഗാമി രാജ്നാഥിൽ നിന്ന് ഭിന്നമായി എല്ലാ ചർച്ചകളും നോർത്ത് ബ്ലോക്കിലെ മന്ത്രാലയത്തിൽ കേന്ദ്രീകരിക്കുന്ന രീതിയാണ് പിന്നിട്ട ദിനങ്ങളിൽ അമിത് ഷാ പുലർത്തിയത്. ഗവർണർമാർ, കേന്ദ്ര മന്ത്രിമാർ, സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾ, ഘടകകക്ഷി നേതാക്കൾ, അർധസൈനിക വിഭാഗങ്ങളുടെ തലവൻമാർ തുടങ്ങിയവരെയെല്ലാം മന്ത്രാലയത്തിലെ ഓഫിസിലാണ് അമിത് ഷാ കാണുന്നത്.

കേന്ദ്ര സർക്കാരിലെ എട്ടു മന്ത്രിസഭാ സമിതികളിലും ഇടം നേടിയതോടെ സർക്കാരിലെ പുതിയ അധികാര കേന്ദ്രമായി അമിത് ഷാ ഉയർന്നു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു സമിതികളിലാണ് ഉള്ളത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആദ്യം രണ്ട് സമിതിയിലായിരുന്നു ഉൾപ്പെട്ടതെങ്കിലും പിന്നീട് ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടലിൽ നാലെണ്ണത്തിൽ കൂടി ഇടം നേടി.

രണ്ടാം മോദി മന്ത്രിസഭയിലെ രണ്ടാമൻ ഔദ്യോഗികമായി നോക്കിയാൽ പ്രതിരോധമന്ത്രി രാജ്നാഥാണെന്നു തോന്നുമെങ്കിലും ഡൽഹിയിലെ ഉദ്യോഗസ്ഥവൃന്ദം ‘രണ്ടാം മോദി യുഗ’ത്തിൽ അമിത് ഷായെയാണ് രണ്ടാമനായി കണക്കുകൂട്ടുന്നത്. പാർട്ടി അധ്യക്ഷനെന്ന നിലയിൽ മികച്ച ജയം നേടാൻ ബിജെപിക്ക് അവസരമുണ്ടാക്കിക്കൊടുത്തതിനൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ കാര്യമായ ഇടപെടൽ ആവശ്യമില്ലാത്ത ‘നിക്ഷേപവും വളർച്ചയും’, ‘തൊഴിലും നൈപുണ്യ വികസനവും’ എന്നീ മന്ത്രിസഭാ ഉപസമിതികളിൽ പോലും അമിത് ഷായുടെ സാന്നിധ്യമാണ് ഈ വിലയിരുത്തലുകൾക്കു പിന്നിൽ.

കശ്‌മീരിൽ പ്രത്യേക ശ്രദ്ധ; അടുത്തയാഴ്ച സന്ദർശനം

കേന്ദ്ര മന്ത്രിസഭയിൽ നിർണായക സാന്നിധ്യമായി അമിത് ഷാ എത്തിയതോടെ കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പും(370) രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാണ്. കശ്മീരിനു പുറത്തുള്ള പണ്ഡിറ്റുകൾക്ക് സംസ്ഥാനത്തേക്കുള്ള മടങ്ങിപ്പോക്ക് സുഗമമാക്കുകയെന്ന ബിജെപി വാഗ്ദാനം ഉറപ്പാക്കുകയാകും വരുന്ന അ‍ഞ്ചു വർഷത്തിനുള്ളിൽ അമിത് ഷായ്ക്ക് നിർണായകം. ഇതിനുളള വഴി തുറക്കുന്നതിന്റെ ഭാഗമായി കശ്മീരിലെ ഭരണം പിടിക്കുകയെന്ന ദൗത്യമാണ് ബിജെപി ആദ്യം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ രാഷ്ട്രപതി ഭരണത്തിലുള്ള സംസ്ഥാനത്ത് മണ്ഡല പുനർനിർണയ കമ്മിഷനെ നിയോഗിക്കുന്നത് ഉൾപ്പെടെ അമിത് ഷാ, ഗവർണർ സത്പാൽ മാലിക്കുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

അടുത്തയാഴ്ച കശ്മീരിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്താനാണ് അമിത് ഷായുടെ നീക്കമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമർനാഥ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ജൂൺ പത്തിനും 15 നും മധ്യേ കശ്മീർ സന്ദർശിക്കുന്ന അമിത് ഷാ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ പ്രത്യേക ഉന്നതതല യോഗം ചേരുമെന്നും അറിയുന്നു.

അമിതിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സാകേത്

2009 ബിഹാർ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥൻ സാകേത് കുമാറിനെയാണ് അമിത് ഷായുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. 2023 ജൂലൈ വരെ സാകേതിനെ പിഎസായി നിയോഗിച്ചുള്ള ഉത്തരവ് പഴ്‌സനല്‍ മന്ത്രാലയം പുറത്തിറക്കി. മോദിയുടെ ആദ്യ മന്ത്രിസഭയിൽ വാർത്താവിനിമയത്തിന്റേയും റെയിൽവേയുടെയും സ്വതന്ത്രചുമതലയുളള സഹമന്ത്രിയായിരുന്ന മനോജ് സിൻഹയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അനുഭവപരിചയം സാകേതിനുണ്ട്.

English Summary: Home ministry working hours stretched with "workaholic" Home Minister Amit Shah

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA