sections
MORE

ഗുരുവായൂര്‍ ക്ഷേത്രം ദിവ്യം, പ്രൗഢഗംഭീരം; ഇന്ത്യയുടെ സമൃദ്ധിക്കായി പ്രാര്‍ത്ഥിച്ചു: മോദി

Narendra Modi
നരേന്ദ്ര മോദി താമര കൊണ്ടു തുലാഭാരം നടത്തുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ
SHARE

ഗുരുവായൂർ∙ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ നരേന്ദ്ര മോദി ഗുരൂവായൂർ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രദർശനത്തിനു ശേഷം മോദി ശ്രീവത്സം ഗെസ്റ്റ് ഹൗസിലേക്ക് മടങ്ങി. ഗൂരൂവായൂർ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമെന്ന് പ്രധാനമന്ത്രി ക്ഷേത്രദർശനത്തിനു ശേഷം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ പ്രാർഥിച്ചു എന്ന് മലയാളത്തിലാണ് ട്വീറ്റ്.

ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ കിഴക്കേഗോപുരത്തിനു മുമ്പില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. 18 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ച്, താമരമൊട്ടുകൾ കൊണ്ടു തുലാഭാരം നടത്തി. പ്രത്യേക വഴിപാടുകളും ഇതോടൊപ്പം നടന്നു. 91 കിലോ താമരമൊട്ടുകൾ പ്രധാനമന്ത്രിയുടെ തുലാഭാരത്തിന് ഉപയോഗിച്ചു.
111 കിലോ തമിഴ്നാട്ടിലെ ശുചീന്ദ്രത്തുനിന്ന് എത്തിച്ചിരുന്നു.

ദേവസ്വം മുന്നോട്ടുവച്ച പദ്ധതികൾ പഠിച്ച ശേഷം വേണ്ടതു ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഗുരുവായൂർ ദേവസ്വം അധികൃതർ പറഞ്ഞു. സംസ്ഥാന ദേവസ്വം മന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല. 450 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു. പൈതൃക പദ്ധതിക്ക് 100 കോടി. ഗോശാലയ്ക്ക് 300 കോടി, ആനക്കോട്ട വികസനം 50 കോടി എന്നിങ്ങനെയാണ് പദ്ധതി സമർപ്പിച്ചത്.

സോപാനത്ത് കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നറുനെയ്യും മോദി സമർപ്പിച്ചു. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി പ്രസാദം നല്‍കിയതിനു പിന്നാലെ ഗണപതിയെ തൊഴുത് വടക്കേനടയിലൂടെ പുറത്തു കടന്നു. ഉപദേവതയായ ഭഗവതിയെ വന്ദിച്ചാണ് തുലാഭാരം നടത്തിയത്. കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്‍, പീയുഷ് ഗോയല്‍, എച്ച്. രാജ, ഗവര്‍ണര്‍ പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ട്.

ക്ഷേത്രദർശനത്തിനുശേഷം 11.30ന് ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അഭിനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും. പൊതുസമ്മേളനത്തിൽ പതിനായിരത്തോളം പേർക്കാണു പ്രവേശനം. ഉച്ചയ്ക്ക് 12.40ന് ഹെലികോപ്റ്ററിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. 2ന് തിരിച്ചുപോകും.

കേരളത്തില്‍നിന്ന് മോദി, രണ്ടാംവട്ടം അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശയാത്ര തിരിക്കും. മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം. 'ആദ്യം അയല്‍രാജ്യങ്ങള്‍' എന്ന നയത്തിന്റെ പ്രധാന്യം ചൂണ്ടിക്കാട്ടുന്നതാണ് സന്ദര്‍ശനമെന്നു മോദി ട്വീറ്റ് ചെയ്തിരുന്നു. മാലദ്വീപ് പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യും. പ്രസിഡന്റ് ഇബ്രാഹിം സോളിഹുമായും മോദി കൂടിക്കാഴ്ച നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA