ADVERTISEMENT

വാഷിങ്ടൻ∙ സായുധ ഡ്രോണുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെ തന്ത്രപ്രധാന ആയുധങ്ങൾ ഇന്ത്യയ്ക്കു വിൽക്കാനൊരുങ്ങി യുഎസ്. ഇന്ത്യയുടെ സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇൻഡോ–പസിഫിക് മേഖലയിൽ പിടിമുറുക്കുകയെന്ന ലക്ഷ്യവും യുഎസിനുണ്ട്. മേഖലയിൽ ചൈനീസ് സാന്നിധ്യം ശക്തമാകുന്നതിനാൽത്തന്നെ ഇന്ത്യയുടെ ആയുധബലം കൂട്ടേണ്ടത് യുഎസിനും നിർണായകമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലോടെയുളള ആയുധവിൽപന. 

ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആയുധ വ്യാപാരത്തിന് അനുമതി നൽകിയതെന്നാണ് യുഎസ് പറയുന്നത്. എന്നാൽ ഇൻഡോ–പസിഫിക് മേഖലയിൽ ചൈന തുടരുന്ന സൈനിക പ്രവർത്തനങ്ങളും പ്രകോപനപരമായ അഭ്യാസപ്രകടനങ്ങളുമാണ് ഇന്ത്യയുമായുള്ള ‘കച്ചവടത്തിനു’ പിന്നിലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഇൻഡോ–പസിഫിക് മേഖലയുടെ പേരിലുള്ള പോരാട്ടം ചൂടുപിടിക്കുമെന്നത് ഉറപ്പായി. ചൈനയ്ക്കു നിർണായക സ്വാധീനമുള്ള മേഖലയിൽ പിടിമുറുക്കാൻ വർഷങ്ങളായി യുഎസ് ശ്രമം തുടരുകയാണ്.

യുഎസിന്റെ ഏറ്റവും മികച്ച പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കാൻ തയാറാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് സായുധ ഡ്രോണുകൾ വിൽക്കാനുള്ള അനുമതി. ആകാശത്തു നിന്നുള്ള ഭീഷണികളെയും മിസൈലുകളെയും ഉൾപ്പെടെ പ്രതിരോധിക്കാനുള്ള ഡിഫൻസ് സാങ്കേതികതയും ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ട്. സായുധ ഡ്രോണുകളുടെ വിൽപനയിൽ തീരുമാനമായെങ്കിലും ഇവ എന്നു കൈമാറുമെന്നതുൾപ്പെടെയുള്ളതില്‍ തീരുമാനമായിട്ടില്ല. ഗാർഡിയൻ ഡ്രോണുകളായിരിക്കും ഇന്ത്യയ്ക്കു വിൽക്കുക. 

Narendra Modi, Donald Trump
നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്

2017ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ ചർച്ചയെത്തുടർന്നു നിരീക്ഷണത്തിനുപയോഗിക്കുന്ന ഗാർഡിയൻ ഡ്രോണുകള്‍ കൈമാറാൻ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഗാർഡിയൻ വിഭാഗത്തിൽ തന്നെയുള്ള സായുധ ഡ്രോണുകൾ വിൽക്കുന്നത്. ഔദ്യോഗിക കരാറുകളൊന്നുമില്ലാതെ എംടിസിആർ കാറ്റഗറി–1ൽപ്പെട്ട സീ ഗാർഡിയൻ ഡ്രോൺ യുഎസ് വിൽക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ഇന്ത്യ. എന്നാൽ ഈ ആയുധ വിൽപനയിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു കാരണമാണ് ഇതുമായി ബന്ധപ്പെട്ട ഇടപാടുകൾ നീണ്ടുപോയത്. 

ഗാർഡിയൻ ഡ്രോണുകളുടെ സായുധ വേർഷൻ കൈമാറാൻ തയാറാണെന്ന് അടുത്തിടെയാണ് യുഎസ് അറിയിച്ചത്. നിലവിൽ പന്ത് ഇന്ത്യയുടെ കോർട്ടിലാണ്. യുഎസിന്റെ വാഗ്ദാനത്തെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഇടപാട് നടക്കുകയാണെങ്കിൽ അത് ഏകദേശം 17,250 കോടി രൂപയിലേറെ മൂല്യമുള്ളതായിരിക്കും.

ഇന്തോ–പസിഫിക് മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയ്ക്ക് യുഎസ് ഗാർഡിയൻ ഡ്രോണുകൾ കൈമാറുന്നതെങ്കിൽ, ഇന്ത്യയുടെ സുരക്ഷ ശക്തമാക്കാനുള്ള സംവിധാനമെന്ന നിലയിലാണ് മിസൈൽ പ്രതിരോധ സംവിധാനം നൽകാനുള്ള സന്നദ്ധത അറിയിച്ചത്. ടെർമിനല്‍ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്), പാട്രിയറ്റ് മിസൈൽ ഡിഫൻസ് സിസ്റ്റം എന്നിവയുടെ ഏറ്റവും പുതിയ വേർഷനാണ് ഇന്ത്യയ്ക്കുള്ള ‘ഓഫർ’. ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ കഴിവു തെളിയിച്ചതാണ് താഡ്. 

akash-missile

എന്നാൽ എസ്–400 മിസൈൽ ഡിഫൻസ് സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അമേരിക്കൻ വാഗ്ദാനത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം എപ്രകാരമായിരിക്കുമെന്നതും വ്യക്തമല്ല. ഈ വിഷയവും പഠിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നത്. ‘ഇന്ത്യയ്ക്ക് ഞങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികത എത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയെന്നതും. അങ്ങനെയെങ്കിൽ മാത്രമേ വിശാലമായ ഇൻഡോ–പസിഫിക് മേഖലയിലെ സുരക്ഷയിൽ ഇന്ത്യയ്ക്കു നിർണായ ശക്തിയാകാൻ സാധിക്കുകയുള്ളൂ’– വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

സ്വതന്ത്രവും തുറന്നിട്ടതുമായ ഇൻഡോ–പസിഫിക് മേഖലയാണ് യുഎസ് ആഗ്രഹിക്കുന്നത്. അതുറപ്പാക്കുന്നതിൽ ഇന്ത്യയ്ക്കു നിർണായക പങ്കുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ ഫാക്ട് ഷീറ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ തന്ത്രപ്രധാനമായ മറ്റൊരു നീക്കവും യുഎസിന്റെ ഭാഗത്തു നിന്നുണ്ടായി. ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓഥറൈസേഷൻ 1 സ്റ്റാറ്റസ് നൽകിയതായിരുന്നു അത്. യുദ്ധരംഗത്തും അല്ലാതെയും ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണങ്ങളും മറ്റും യുഎസിൽ നിന്ന് ലൈസൻസ് നൂലാമാലകളില്ലാതെ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാനുള്ള അംഗീകാരമായിരുന്നു ആ പദവി.

Representative Image
Representative Image

യുഎസിന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ പസിഫിക് കമാൻഡിന്റെ പേര് 2018 ജൂണിൽ യുഎസ് ഇൻഡോ–പസിഫിക് കമാൻഡ് എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന നടപടിയാണു പേരുമാറ്റമെന്നായിരുന്നു വിലയിരുത്തൽ. പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്കു നൽകുന്ന പരിഗണനയുടെ പ്രാധാന്യവും ഈ നടപടിയിലൂടെ യുഎസ് പ്രഖ്യാപിച്ചു. ദക്ഷിണ ചൈനാക്കടലിലെ സൈനിക വിന്യാസവുമായി ബന്ധപ്പെട്ടു ചൈനയും യുഎസും തമ്മിൽ സംഘർഷം വർധിക്കുന്നതിനിടയിലായിരുന്നു ഈ നീക്കം.

യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി ബറാക് ഒബാമ ഭരണകൂടം നേരത്തേ ഇന്ത്യയെ പ്രഖ്യാപിച്ചിരുന്നു. തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 2016ൽ ഇന്ത്യയും യുഎസുമായി കര, വ്യോമ, നാവിക മേഖലകൾ പരസ്പരം പങ്കിടുന്നതിനുള്ള കരാറും ഒപ്പുവച്ചു. ഇൻഡോ–പസഫിക് മേഖലയിലെ ചൈനയുടെ സ്വേച്ഛാപരമായ നടപടികൾക്കും കടന്നുകയറ്റത്തിനും പരോക്ഷമായ മുന്നറിയിപ്പു നൽകി സുപ്രധാന ചതുർരാഷ്ട്ര സഖ്യത്തിനും 2017 നവംബറിൽ തുടക്കം കുറിച്ചിരുന്നു. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണു മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒന്നിച്ചത്.

Mike Pompeo
മൈക് പോംപിയോ

അടുത്തിടെ യുഎസ് നടത്തിയ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളും ഇന്ത്യയോടായിരുന്നു– എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്ടർ(260 കോടി ഡോളർ), അപാഷെ ഹെലികോപ്ടർ (230 കോടി), പി–81 മാരിടൈം പട്രോൾ എയർക്രാഫ്റ്റ് (300 കോടി) തുടങ്ങിയവ വാങ്ങാനുള്ള തീരുമാനം അവയില്‍ ചിലതു മാത്രം. ലോക്ക്‌ഹീഡ് മാർട്ടിൻ എഫ്–21, ബോയിങ് എഫ്–18/എ യുദ്ധവിമാനങ്ങൾ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാനുള്ള ശ്രമങ്ങളും യുഎസ് തുടരുന്നുണ്ട്. 

സ്വതന്ത്രവും ആർക്കും ഇടപെടാവുന്നതുമായ ഇൻഡോ–പസിഫിക് മേഖലയ്ക്കു വേണ്ടിയുള്ള സാമ്പത്തിക അടിത്തറ ഒരുക്കുന്നതിന് ഇന്ത്യയ്ക്കും യുഎസിനും എന്തെല്ലാം ചെയ്യാനാകും എന്നതു സംബന്ധിച്ച നയപരമായ പ്രസംഗം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ നടത്താനൊരുങ്ങുകയാണ്. ജൂൺ 12നു നടക്കുന്ന യുഎസ്–ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിലായിരിക്കും പ്രസംഗം. ഇന്ത്യയുമായി ബന്ധപ്പെട്ട് യുഎസിന്റെ വിദേശനയം സംബന്ധിച്ച് പോംപിയോ നടത്തുന്ന ഏറ്റവും വിപുലമായ ഇടപെടലായിരിക്കും പ്രസംഗമെന്നാണു കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com