ADVERTISEMENT

ന്യൂഡൽഹി∙ ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിനു നിർദേശം നൽകി കേന്ദ്ര ധനമന്ത്രാലയം. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കും അന്വേഷണം നേരിടുന്നവർക്കുമാണ് വിരമിക്കാൻ നിർദേശം. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56–ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാൾ (ഐആർഎസ്, 1985), എസ്.കെ.ശ്രീവാസ്തവ (ഐആർഎസ്, 1989), ഹോമി രാജ്‌വാഷ് (ഐആർഎസ്, 1985), ബി.ബി.രാജേന്ദ്ര പ്രസാദ്, അജോയ് കുമർ സിങ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദ്രർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് വിരമിക്കൽ നോട്ടിസ്.

പ്രമുഖ വ്യവസായിയിൽ നിന്നു കോഴ വാങ്ങിയെന്നാണ് ജോയിന്റ് കമ്മിഷണർ അശോക് അഗർവാളിനെതിരായ ആരോപണം. രണ്ടു വനിതാ ഐആർഎസ് ഉദ്യോഗസ്ഥരെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് എസ്.കെ.ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ 2009 മുതൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ്‌വാഷ്.

മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് ഹോമിക്കെതിരെ അന്വേഷണം നടത്തുന്നത്. വിരമിക്കൽ നിർദേശം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.

വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടറിയേറ്റും കേന്ദ്ര വിജലൻസ് കമ്മിഷനും വകുപ്പ് തലവന്മാർക്ക് നിർദേശം നൽകിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന.

English Summary: Centre compulsorily retires 12 senior I-T officers for corruption, misconduct 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com