ADVERTISEMENT

കൊച്ചി ∙ കേരളത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചതെന്നു ബിജെപി. സമസ്ത മേഖലകളിലും കേരളത്തെ കൊന്നതിന്റെ റിപ്പോർട്ട്. വിശ്വാസി സമൂഹത്തെയും സ്വൈര ജീവിതത്തെയും ഈ ഭരണം കൊന്നു. തൊഴില്‍ നല്‍കാതെ യുവാക്കളെ കൊന്നു. കണ്‍മുന്നില്‍ മക്കളെ പീഡിപ്പിച്ചതിലൂടെ അമ്മമാരെയും പൊലീസിനെക്കൊണ്ടു മക്കളെയും കൊന്നു. ഇത്തരം കൊലകളുടെ റിപ്പോര്‍ട്ടാണു മുഖ്യമന്ത്രി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്ന പേരിട്ട് അവതരിപ്പിച്ചതെന്നു ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു. 

18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഏതു വാഗ്ദാനമാണു സര്‍ക്കാര്‍ നടപ്പാക്കിയത്? തൊപ്പിപ്പാളയും അരിവാളും ധരിച്ചുള്ള വേഷംകെട്ടലുകള്‍ മാത്രമാണു കൃഷിമന്ത്രി നടത്തിയത്. പാട്ടക്കുടിശികയുള്ള ഭൂമിയും മിച്ചഭൂമിയും കയ്യേറ്റ ഭൂമിയും പിടിച്ചെടുത്തു ഭൂരഹിതര്‍ക്കു കൈമാറുമെന്ന വാഗ്ദാനം നടപ്പായില്ല. ഹൈക്കോടതിയില്‍ കേസുപോലും സര്‍ക്കാര്‍ നടത്തിയില്ല.

പ്രളയമുണ്ടാക്കിയ സര്‍ക്കാര്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണം പ്രഖ്യാപിച്ചു. കുട്ടികളുടെ പണക്കുടുക്കകള്‍ പൊട്ടിച്ചതടക്കം 4500 കോടിയോളം രൂപ പിരിച്ചു. എന്നിട്ടു‘റീ ബില്‍ഡ് കേരള’ പദ്ധതിക്കായി എന്തെങ്കിലും ചെയ്തോ ? ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ ? 

യുഡിഎഫ് ഭരണത്തിന്റെ അവസാനകാലത്തെ 42 മന്ത്രിസഭാ തീരുമാനങ്ങള്‍ അഴിമതിക്കുള്ള കടുംവെട്ട് നിയമങ്ങള്‍ ആണെന്നായിരുന്നു എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത്. പരിശോധിച്ചു റിപ്പോർട്ടുണ്ടാക്കാൻ മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി. പക്ഷേ, 3 വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല. യുഡിഎഫിന്റെ അഴിമതിയുടെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരും അഴിമതി കാട്ടുകയാണ്. യുഡിഎഫ് പരസ്യമായും എൽഡിഎഫ് രഹസ്യമായും ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ.  

ക്രൈസ്തവ സഭകള്‍ ബിജെപിയോടുള്ള സമീപനത്തില്‍ ആത്മപരിശോധന നടത്തണം. യുപിഎ ഭരണകാലത്തു ന്യൂനപക്ഷ ലോക്‌സഭാ മണ്ഡലങ്ങളായി പ്രഖ്യാപിച്ച 91 എണ്ണത്തില്‍ 49 ലും ബിജെപിയാണ് ഇക്കുറി വിജയിച്ചത്. പക്ഷേ, കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം സ്ഥാനാര്‍ഥിയായിട്ടും എറണാകുളം മണ്ഡലത്തില്‍ പ്രതീക്ഷിച്ച സഹകരണം സഭയില്‍ നിന്നുണ്ടായില്ല. ഇടത്, വലതു മുന്നണികളിലെ വഴിപിഴച്ച ഇടയന്മാരുടെ കൂടെ നടക്കുന്ന കുഞ്ഞാടുകളായി ക്രൈസ്തവ സഭകള്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com