ADVERTISEMENT

ന്യൂഡല്‍ഹി∙ യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും കഴിഞ്ഞ ആറു വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കു രണ്ടര ശതമാനത്തോളം പെരുപ്പിച്ചു കാട്ടുകയായിരുന്നുവെന്ന് മുന്‍ സാമ്പത്തികകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യം ഇക്കാര്യം വ്യക്തമാക്കുന്നത്.

2011-12നും 2016-17നും ഇടയില്‍ രാജ്യത്തെ ശരാശരി പ്രതിവര്‍ഷ വളര്‍ച്ച 4.5 ശതമാനം ആയിരിക്കുമെന്നും ഏഴു ശതമാനം അല്ലെന്നും അരവിന്ദ് സുബ്രഹ്മണ്യം പറയുന്നു. തകരാറിലായ സ്പീഡോമീറ്റര്‍ ഉപയോഗിക്കുന്ന വാഹനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2014-2018 കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം.

വളര്‍ച്ചാനിരക്ക് പെരുപ്പിച്ചു കാട്ടുന്നത് രാഷ്ട്രീയ തീരുമാനമല്ലെന്നും രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ടെക്‌നോക്രാറ്റുകളാണ് ഇതു ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു. അതിവേഗത്തില്‍ കുതിക്കുന്ന സമ്പദ്‌വ്യവസ്ഥയെന്ന തോന്നലുണ്ടാക്കുന്ന തരത്തിലാണ് ജിഡിപി കണക്കാക്കുന്ന രീതി മാറ്റിയത്. അതുകൊണ്ടാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജിഡിപി നിരക്കില്‍ വര്‍ധനയുണ്ടായതെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കി.

തെറ്റായ കണക്കുകള്‍ സാമ്പത്തിക പരിഷ്‌കരണത്തെ പിന്നോട്ടടിക്കും. വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായിരുന്നെങ്കില്‍ ബാങ്കിങ്, കാര്‍ഷിക രംഗങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകുമായിരുന്നു. ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ജിഡിപി കണക്കുകൂട്ടുന്ന രീതി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com