ADVERTISEMENT

തിരുവനന്തപുരം ∙ ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. കെഎംആര്‍എല്‍ (കൊച്ചി മെട്രോ) മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പിഎസ‌്‌യു) സെക്രട്ടറിയായി മാറ്റി നിയമിച്ചു. സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജിനു നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിങ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനു സൈനിക ക്ഷേമ വകുപ്പ്, പ്രിന്‍റിങ് ആന്‍ഡ് സ്റ്റേഷനറി എന്നിവയുടെ അധിക ചുമതല നല്‍കാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്കു കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും. ലാൻഡ് ബോര്‍ഡ് സെക്രട്ടറി സി.എ.ലതയെ ലാൻഡ് റവന്യൂ കമ്മിഷണറായി മാറ്റി നിയമിക്കും. ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണര്‍ യു.വി.ജോസിനെ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാക്കി. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയെ എസ്ജിഎസ്ടി വകുപ്പ് അഡീഷനല്‍ കമ്മീഷണറാക്കും. വിവരസാങ്കേതികവിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതലയും വഹിക്കും.

കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറാക്കി. മലപ്പുറം കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറാക്കി. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി വഹിക്കും. ആലപ്പുഴ കലക്ടര്‍ എസ്.സുഹാസ് ആണ് എറണാകുളം കലക്ടർ. അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദീല അബ്ദുല്ലയാണ് ആലപ്പുഴ കലക്ടർ. ഹൗസിങ് കമ്മീഷണര്‍ ബി.അബ്ദുള്‍ നാസർ കൊല്ലം കലക്ടറാകും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം കലക്ടറായും പൊതുഭരണ ഡപ്യൂട്ടി സെക്രട്ടറി കെ.ഗോപാലകൃഷ്ണനെ തിരുവനന്തപുരം കലക്ടറായും മാറ്റി നിയമിക്കും. ഐ ആൻഡ് പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് ആണ് കണ്ണൂര്‍ കലക്ടർ.

കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി

9 തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

വിവിധ വകുപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കമ്മിറ്റി രൂപീകരിക്കും. ഓരോ സ്ഥലത്തെയും ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.

കുടുംബങ്ങള്‍ക്ക് അധിക ധനസഹായം

2018ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.

വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങള്‍ക്കു പ്രയോജനപ്പെടും.

English summary: 6 district collectors transferred: 22 crore to handle rough sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com