ADVERTISEMENT

തിരുവനന്തപുരം∙ കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. കെ.കെ. സുഭാഷിന്റെ 'വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണിൽ മതചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നുണ്ട്. ഒരു മതത്തിന്റെയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത്തരം നീക്കങ്ങള്‍ ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനോട് സര്‍ക്കാര്‍ യോജിക്കുന്നുമില്ല. അതിനാൽ കാർട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കുമെന്നും ബാലൻ പറഞ്ഞു.

എ.കെ.ബാലന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ ഈ വര്‍ഷം ജൂണ്‍ മാസം 10 നാണ് ലളിതകലാ അക്കാദമി പ്രഖ്യാപിച്ചത്. സീനിയര്‍ കാര്‍ട്ടൂണിസ്റ്റുകളായ പിവി കൃഷ്ണന്‍, സുകുമാര്‍, മധു ഓമല്ലൂര്‍ എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം കെ.കെ. സുഭാഷിന് ലഭിച്ച 'വിശ്വാസം രക്ഷതി' എന്ന കാര്‍ട്ടൂണിനാണ് ജൂറി നിശ്ചയിച്ചത്.

എ. സതീഷ് കുമാറിന്റെ 'സുഖമീ യാത്ര' എന്ന കാര്‍ട്ടൂണിനും കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്റെ 'പുലിപ്പാല്‍' എന്ന രചനയ്ക്കും കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ജൂറിയുടെ തീരുമാനപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന് കീഴിലെ അക്കാദമികള്‍ എല്ലാം സ്വതന്ത്രമായ രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുവിധത്തിലുള്ള ഇടപെടലുകളും സര്‍ക്കാര്‍ നടത്താറില്ല. അവാര്‍ഡ് നിര്‍ണയം പോലെയുള്ള സുപ്രധാനമായ പരിപാടികളും ഏറ്റവും നിക്ഷ്പക്ഷവും സുതാര്യവുമായാണ് നടത്തിവരുന്നത്.

ഈ വര്‍ഷത്തെ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരം ലഭിച്ച കെ.കെ. സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണിനെ സംബന്ധിച്ച് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക മതപ്രതീകങ്ങളെ അവഹേളിക്കുന്ന രീതിയിലും പ്രകോപനപരവുമായാണ് പ്രസ്തുത കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് ആക്ഷേപത്തിന്റെ കാതലായ ഭാഗം. അത്തരമൊരു ആക്ഷേപം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട വിഷയമാണ് കാര്‍ട്ടൂണിന്റെ പ്രമേയം. അത്തരത്തില്‍ ഒരു പ്രമേയത്തെ അധികരിച്ച് ഒരു രചന നിര്‍വ്വഹിക്കുന്നതിനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. പക്ഷെ, ക്രിസ്തീയ മതാചാര പ്രകാരമുള്ള ചില മതചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്ന ചില ഭാഗങ്ങള്‍ കൂടി പ്രസ്തുത കാര്‍ട്ടൂണില്‍ ഉള്ളതായി കാണുന്നുണ്ട്. ഇതിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. വ്യത്യസ്ത മത വിഭാഗങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഒത്തൊരുമയോടു കൂടി സമാധാനപരമായി ജീവിച്ചുപോരുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഒരു മതത്തിന്റെയും വിശ്വാസങ്ങളെ ഹനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത്തരം നീക്കങ്ങള്‍ ഏത് ഭാഗത്തുനിന്നുണ്ടായാലും അതിനോട് സര്‍ക്കാര്‍ യോജിക്കുന്നുമില്ല.

കഴിഞ്ഞ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരം നല്‍കിയത് ഗോപീകൃഷ്ണന്റെ കടക്കുപുറത്ത് എന്ന കാര്‍ട്ടൂണിനാണ്. പ്രസ്തുത കാര്‍ട്ടൂണില്‍ മുഖ്യമന്ത്രിയെയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കുമ്മനം രാജശേഖരനെയുമെല്ലാം അവഹേളിക്കുന്ന രീതിയില്‍ ആണെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. പക്ഷെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ഏറ്റവും മാതൃകാപരമായാണ് മുഖ്യമന്ത്രി ഇക്കാര്യത്തെ കണ്ടത്. വിജെടി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി തന്നെയാണ് ഗോപീകൃഷ്ണന് അവാര്‍ഡ് സമ്മാനിച്ചത്.

ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ ഓണറബിള്‍ മെന്‍ഷന്‍ ലഭിച്ച കാര്‍ട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്റെ പുലിപ്പാല്‍ എന്ന കാര്‍ട്ടൂണില്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയ സഹിഷ്ണുത പാലിച്ചുകൊണ്ടും ആവിഷ്‌കാര സ്വാതന്ത്ര്യം മാനിച്ചുകൊണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. പക്ഷെ, ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കാര്‍ട്ടൂണിലെ പ്രമേയത്തെ അംഗീകരിക്കുമ്പോഴും അതില്‍ മതചിഹ്നങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുകയാണ്.

ഈ അതീവ ഗൗരവമായ വിഷയം മുന്‍നിര്‍ത്തി ലളിതകലാ അക്കാദമിയോട് ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സര്‍ക്കാര്‍ നിർദേശം നല്‍കിയിട്ടുണ്ട്. അവഹേളനപരമായ ഉള്ളടക്കമുള്ള പ്രസ്തുത സൃഷ്ടിക്ക് നല്‍കിയ പുരസ്‌കാരം അക്കാദമി പുനഃപരിശോധിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com