ADVERTISEMENT

പോർബന്തർ/തിരുവനന്തപുരം ∙ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ 'വായു' നാളെ പുലർച്ചെയോടെ ആഞ്ഞടിക്കാനിരിക്കെ ഗുജറാത്ത് അതീവ ജാഗ്രതയിൽ. മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ ഗുജറാത്തിലെ പോർബന്ദർ തീരത്തെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പോർബന്തർ, വരാവൽ, മഹുവ. ദിയു എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വെരാവലിന് 340 കിലോമീറ്റർ മാറിയാണ് വായുവിന്റെ നിലവിലെ സ്ഥാനം.

മഴ ചിത്രങ്ങൾ കാണാം..

തീരദേശ ജില്ലകളിലെ സ്കൂളുകളും കോളജുകളും നാളെ വരെ അടച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഗുജറാത്തിലും ദിയുവിലും കേന്ദ്രസേനയെ വിന്യസിച്ചു. ശക്തമായ കാറ്റിൽ വീടുകൾ തകരുന്നതിനും മേൽക്കൂരകള്‍ പറന്നുപോകുന്നതിനുമുള്ള സാധ്യത കൽപിക്കപ്പെടുന്നുണ്ട്. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾക്ക് തകരാര്‍ സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഏകദേശം മൂന്നുലക്ഷം പേരെ ഗുജറാത്ത്, ദിയു പ്രദേശത്തുനിന്ന് അധികൃതർ ഒഴിപ്പിച്ചു. മുൻതയാറാക്കിയ 700 ഓളം അഭയകേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റും. ജൂൺ 15 വരെ മൽസത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു മുന്നറിയിപ്പുണ്ട്. ദ്വാരകസ സോമനാഥ്, സാസൻ, കച്ച് മേഖലയില്‍ വന്നിരിക്കുന്ന വിനോദസഞ്ചാരികളോട് ഉച്ചയ്കകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു.

കേരളതീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. മഴയുടെ ശക്തി കുറഞ്ഞതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലർട്ട് നൽകി. നിലവിൽ മുംബൈയിൽ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റർ വരെയാകാനിടയുണ്ട്.

English Summary: Gujarat on high alert as severe cyclonic storm barrels North

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com