ADVERTISEMENT

കൊച്ചി ∙ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന ആക്ഷേപമുയർന്നതോടെ കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡ് പ്രഖ്യാപനം വിവാദമായി. അവാർഡു നേടിയ കാർട്ടൂണിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ കഴമ്പുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ ഡൽഹിയിൽ പ്രഖ്യാപിക്കുകയും ചെയ്തതോടെ അവാർഡുപ്രഖ്യാപനം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

അവാർഡ് നൽകിയത് പുനഃപരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു. അവാർഡിനർഹമായ കാർട്ടൂൺ മത പ്രതീകങ്ങളെ പ്രത്യക്ഷത്തിൽ അവഹേളിക്കുന്നതാണെന്നു മനസിലാക്കിയാണ് തീരുമാനം. അവാർഡ് നിർണയത്തിൽ സർക്കാർ ഇടപെട്ടിരുന്നില്ലെന്നും തീരുമാനം ജൂറിയുടേതെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു.

ഹാസ്യകൈരളി മാസികയിൽ ബിഷപ് ഫ്രാങ്കോയെ പരിഹസിച്ചു വരച്ച കാർട്ടൂണിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇതാണ് വിവാദത്തിന് അടിസ്ഥാനമായതും. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്ന് കെസിബിസി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു.

ക്രിസ്ത്യൻ ന്യൂനപക്ഷം തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്.

പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയാറാകണം. ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.

അതേസമയം കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡിനെക്കുറിച്ചുണ്ടായ വിവാദം അത്യന്തം ഖേദകരമാണെന്നായിരുന്നു കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണിയുടെ പ്രതികരണം. അവാർഡ് നിർണയിച്ചത് കേരളത്തിലെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെട്ട സമിതിയാണ്. അതംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമർശനകലയായ കാർട്ടൂണിന്റെ കൈ കെട്ടിയാൽ അതിന്റെ അർഥം തന്നെ നഷ്ടമാകും.

ഇന്ത്യയിലെത്തന്നെ പ്രമുഖ കാർട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെ ആരെയും തുറന്ന് വിമർശിച്ച കുഞ്ചൻ നമ്പ്യാരുടെ മഹനീയ പൈതൃകം കേരളത്തിനുണ്ട്. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താൽപര്യങ്ങളുടെ കണ്ണടകളിലൂടെ നർമത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്. തുറന്ന വിമർശനത്തിലൂടെ ഭരണകർത്താക്കളെ ഉൾപ്പെടെ നിശിതമായി വിമർശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത്. ചിരി വരയുടെ കൈ കെട്ടരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ആക്ഷേപങ്ങൾ സഹിഷ്ണുതയില്ലായ്മ: അക്കാദമി

ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം നേടിയ കാർട്ടൂണിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ സഹിഷ്ണുതയില്ലായ്മയാണെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അപമാനിച്ചെന്നും ക്രൈസ്തവ ചിഹ്നങ്ങളെ ഇകഴ്ത്തിയെന്നുമുള്ള പരാതികൾ കണക്കിലെടുത്ത് അവാർഡ് നിർണയം പുനഃപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

അവാർഡ് നിർണയത്തിൽ അക്കാദമി ഒരു തരത്തിലുമുള്ള ഇടപെടലുകൾ നടത്താറില്ല. ജൂറിയുടെ തീരുമാനം അതേപടി അംഗീകരിക്കുന്നതാണ് കീഴ്‍‌വഴക്കം. ഇത്തവണയും സംഭവിച്ചത് അതുതന്നെയാണ്. സമകാലിക പ്രസക്തമായ സാമൂഹികവിഷയങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിക്കുകയാണ് കാർട്ടൂണിലൂടെ ചെയ്യുന്നത്. മന്ത്രിമാരും സാമ‍ുദായിക നേതാക്കളും കലാകാരന്മാരുമെല്ലാം കാർട്ടൂണിൽ വിമർശിക്കപ്പെടാറുണ്ട്. 

അതിലെ നർമവും വിമർശനവുമെല്ലാം സഹിഷ്ണുതയോടെ അവർ അംഗീകകരിക്കുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ തവണ പുരസ്കാരം ലഭിച്ചത് മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമർശത്തെ അധികരിച്ചുള്ള കാർട്ടൂണിനായിരുന്നു. എന്നിട്ടും മുഖ്യമന്ത്രി തന്നെയാണ് ജേതാവിനു പുരസ്കാരം സമ്മാനിച്ചത്. ഇതേ സഹിഷ്ണുതയാണ് രാഷ്ട്രീയ, സാമൂഹിക പ്രമുഖരെല്ലാം പിന്തുടരാറുള്ളതെന്നും അക്കാദമി സെക്രട്ടറി അറിയിച്ചു. 

English Summary: Controversy On Cartoon Award Announced by Kerala Lalitha Kala Academy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com