sections
MORE

സർക്കാരിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല; രണ്ടാമൂഴത്തിൽ ‘ശുദ്ധികലശത്തിന്’ മോദി

Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ ആദായനികുതി വകുപ്പിലെ ചീഫ് കമ്മിഷണർ, പ്രിൻസിപ്പൽ കമ്മിഷണർ തുടങ്ങി ഉയർന്ന തസ്തികകളിലെ 12 മുതിർന്ന ഉദ്യോഗസ്ഥർക്കു നിർബന്ധിത വിരമിക്കലിനു നിർദേശം നൽകിയതോടെ രണ്ടാം വരവിൽ നരേന്ദ്ര മോദി ഉറപ്പിക്കുന്നത് ഉദ്യോഗസ്ഥതലത്തിലെ ശുദ്ധികലശമെന്നു വിലയിരുത്തൽ. പ്രവർത്തനത്തിലെ മികവ്, അഴിമതി തടയൽ തുടങ്ങിയവയ്ക്കാണ് ഇതിൽ പ്രാമുഖ്യം നൽകുന്നതെന്നും ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ചർച്ചയുണ്ട്.

ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56–ാം വകുപ്പ് പ്രകാരം അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക ചൂഷണം തുടങ്ങിയവയിൽ ആരോപണവിധേയരും അന്വേഷണം നേരിടുന്നവരോടുമാണു ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിരമിക്കാൻ നിർദേശിച്ചത്. ഒന്നാം മോദി സർക്കാരിന്റെ കാലയളവിൽ 2014 ജൂലൈ ഒന്നിനും 2017 ഒക്ടോബർ 31 നും മധ്യേ ഇത്തരത്തിൽ 176 സർക്കാർ ജീവനക്കാരോട് നിർബന്ധിത വിരമിക്കലിനു നിർദേശിച്ചിരുന്നു. 53 ഗ്രൂപ്പ് എ ജീവനക്കാരോടും 123 ഗ്രൂപ്പ് ബി ജീവനക്കാരോടുമാണു വിവിധ കാരണങ്ങൾ കാട്ടി ഫിനാൻഷ്യൽ റൂൾസിലെ 56 (ജെ) വകുപ്പ് പ്രകാരം വിരമിക്കാൻ നിർദേശിച്ചത്. കാര്യക്ഷമതയാർന്നതും അഴിമതിരഹിതവുമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ഇതെന്നാണു സർക്കാർ അതിനെ അന്നു വിശദീകരിച്ചത്.

പിന്നിട്ട അഞ്ചു വർഷങ്ങളിൽ ഉദ്യോഗസ്ഥർ കാട്ടിയ കാര്യക്ഷമതയും പദ്ധതികൾ നടപ്പാക്കുന്നതിലെ ഊർജസ്വലതയും തിരഞ്ഞെടുപ്പ് വിജയത്തിനു സഹായകമായെന്നാണു മോദി കരുതുന്നത്. ഇതിനുള്ള നന്ദി സൂചകമായി പ്രധാനമന്ത്രി തിങ്കളാഴ്ച ഡൽഹിയിലെ വസതിയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും ജനക്ഷേമ നടപടികൾ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥരുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

PM Modi at Secretary level meeting
സെക്രട്ടറിതല ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു.

കേന്ദ്ര മന്ത്രിസഭയിൽ പ്രധാന മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന രാജ്‌നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഈ യോഗത്തിൽ അഞ്ചുവർഷത്തേക്കുള്ള നയപരിപാടികൾക്കു രൂപം നൽകാനും തീരുമാനമായി. ‘ജനങ്ങൾക്കു സർക്കാരിൽ ഏറെ പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷ വെല്ലുവിളിയായി കാണാതെ ജനസേവനത്തിനുള്ള അവസരമായി കണ്ടു പ്രവർത്തിക്കണം’– യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

2014 ൽ ആദ്യമായി പ്രധാനമന്ത്രിയായപ്പോഴും സെക്രട്ടറിമാരുടെ യോഗം വിളിച്ച മോദി, കൃത്യമായ കാലയളവിൽ നടപടികളുടെ പുരോഗതി വിലയിരുത്തിയിരുന്നു. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന സെക്രട്ടറിമാരുടെ എട്ട് സംഘങ്ങൾ രൂപീകരിച്ചായിരുന്നു അന്ന് പ്രവർത്തനം. ഇതോടൊപ്പം സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരുടെ യോഗം നിശ്ചിത ഇടവേളകളിൽ വിളിച്ചാണ് ഈ എട്ടു സംഘങ്ങൾ നടപ്പാക്കിവന്ന വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തിയത്.

രാജ്യത്തെ സാമ്പത്തികരംഗം അ‍ഞ്ചു ലക്ഷം കോടി ഡോളറിന്റേതാക്കേണ്ടതുണ്ട്. ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്കാകണം ഇതിൽ ഊന്നൽ. ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ആശയവും ഊർജവുമുണ്ട്. ഇതിനൊപ്പം സാങ്കേതികവിദ്യയുടെ ക്രിയാത്മക വിനിയോഗത്തോടെ ഓരോ വകുപ്പിലും സജീവതയും ഉൽപാദനക്ഷമതയും ഉറപ്പാക്കാനാണു ശ്രമിക്കേണ്ടതെന്ന് ഉദ്യോഗസ്ഥരെ ഓർമിപ്പിക്കാനും തിങ്കളാഴ്ചത്തെ യോഗത്തിൽ മോദി മറന്നില്ല.

വിവിധ വകുപ്പുകളിൽ നിർബന്ധിത വിരമിക്കൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാൻ കാബിനറ്റ് സെക്രട്ടേറിയറ്റിനോടു മോദി നിർദേശിച്ചതായി സൂചനയുണ്ട്. തിങ്കളാഴ്ച ഉന്നത ഐഎഎസ് ഉദ്യോസ്ഥരുടെ യോഗത്തിനു തൊട്ടുപിന്നാലെ ധനമന്ത്രാലയത്തിലെ 12 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത് ഇതിന്റെ ഭാഗമാണെന്നാണു കരുതുന്നത്.

narendra-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

1999 മുതൽ 2014 വരെ നിരവധി അഴിമതിക്കേസുകൾ നേരിടുകയും സിബിഐ കേസ് ചുമത്തുകയും ചെയ്ത 1985 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ അശോക് അഗർവാളാണ് ഈ നിർബന്ധിത വിരമിക്കൽ പട്ടികയിൽ പ്രധാനി. കമ്മിഷണർ റാങ്കിലുള്ള രണ്ട് കീഴുദ്യോഗസ്ഥകളുടെ പീഡനപരാതി നേരിട്ട 1989 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ എസ്.കെ.ശ്രീവാസ്തവയാണ് മറ്റൊരാൾ. അഴിമതി, പീഡനപരാതി ആരോപണങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് 10 പേരും.

അതേസമയം, എസ്.കെ.ശ്രീവാസ്തവയ്ക്കെതിരായ നടപടിയിൽ എതിർവാദങ്ങളും ഉയരുന്നു. മൻമോഹൻ സർക്കാരിൽ പ്രബലനായ ഒരു മന്ത്രിയുടെ അപ്രീതിക്കു പാത്രമായതാണ് ശ്രീവാസ്തവയ്ക്കെതിരായ രണ്ടു പീഡനപരാതികൾക്കു പിന്നിലെന്നും ഇതിൽ ഒന്നിൽ വിചാരണ നേരിട്ട ശ്രീവാസ്തവയെ കുറ്റവിമുക്തനാക്കിയെന്നും മറ്റൊന്നിൽ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് നിർബന്ധിത വിരമിക്കലിന് വിധേയനാക്കുന്നതെന്നുമാണു വാദം. ജനറൽ ഫിനാൻഷ്യൽ റൂൾസിലെ 56–ാം വകുപ്പിലെ വ്യവസ്ഥകൾ മാത്രം പരിഗണിച്ച് വിരമിക്കൽ നടപ്പാക്കുമ്പോൾ ആരോപണവിധേയർക്കു പോലും നടപടി നേരിടേണ്ടി വരുമെന്ന വാദമുഖമാണ് ഇവർ ഉയർത്തുന്നത്.

പ്രധാനമന്ത്രിയായി മോദിയുടെ ഉദയത്തിനു മുൻപുള്ള മൂന്നു പതിറ്റാണ്ടുകളിൽ കേന്ദ്രഭരണം കയ്യാളിയ മുന്നണി സർക്കാരുകളുടെ ദുർബലാവസ്ഥയാണ് ഉദ്യോഗസ്ഥ വൃന്ദത്തിൽ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറ്റും ഇടയാക്കിയതെന്നും വിലയിരുത്തലുമുണ്ട്. മുന്നണി സംവിധാനത്തിൽ മതിയായ ഭൂരിപക്ഷം ലഭിക്കാതെ പ്രധാന ഭരണകക്ഷി, ഘടകകക്ഷികളുടെ ചക്രവ്യൂഹത്തിലാകുമ്പോൾ ചില മന്ത്രാലയങ്ങളിലും മറ്റും ശക്തരായ മന്ത്രിമാരുടെ അഭാവത്തിൽ ഉദ്യോഗസ്ഥ വൃന്ദം പിടിമുറുക്കുന്ന കാഴ്ചകൾ ഒറ്റപ്പെട്ട നിലയിലെങ്കിലും ഉണ്ടായിരുന്നു.

ചില സംസ്ഥാനങ്ങളിലാകട്ടെ ചില ‘രാഷ്ട്രീയ കുടുംബ’ങ്ങളുടെ തണലിലാണ് ഉദ്യോഗസ്ഥവൃന്ദത്തിൽ വ്യാപകമായി അഴിമതി പടർന്നതെന്നും വിലയിരുത്തപ്പെടുന്നു. ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭരിക്കാൻ തക്കവിധം ബിജെപിക്കും ദേശീയ ജനാധിപത്യസഖ്യത്തിനും ഇത്തവണ ലഭിച്ച ജനവിധി ഉദ്യോഗസ്ഥതലത്തിൽ കരുത്താർന്ന ഇടപെടലുകൾ നടത്താൻ കേന്ദ്ര സർക്കാരിന് തുണയാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഉദ്യോഗസ്ഥതലത്തിലെ ഉൾപ്പോരുകൾ ഒന്നാം മോദി സർക്കാരിനു തലവേദനയായിരുന്നു. സിബിഐ, എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്, ഐബി, റോ, സിബിഡിടി എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർക്കിടയിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നു. ഒരു വേള സിബിഐ ഡയറക്ടർ അലോക് വർമയുടെ പുറത്താകലിനും ഇടയാക്കി. പുതിയ കാലയളവിൽ ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി മുന്നോട്ടുപോകാനാണു മോദിയും സഹപ്രവർത്തകരും ശ്രമിക്കുന്നത്.

narendra-modi-2
പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്നാൽ ഉദ്യോഗസ്ഥതലത്തിലെ പുനഃക്രമീകരണവും മറ്റും നടപ്പാക്കുന്നത് സങ്കീർണമാണെന്ന തിരിച്ചറിവും മോദിക്കും സംഘത്തിനുമുണ്ട്. 12 ഉന്നത ഉദ്യോഗസ്ഥരെ മാറ്റി മോദി സർക്കാർ മുന്നോട്ടു വയ്ക്കുന്ന നിലപാടുകളിലെ കാർക്കശ്യം ഏതുവിധത്തിലാകും ഉദ്യോഗസ്ഥർ ഏറ്റെടുക്കുക എന്നതിലാകും ഈ ശുദ്ധികലശത്തിന്റെ വിജയം.

ബജറ്റിൽ പ്രതിഫലിക്കും പുതുനയം

ധനമന്ത്രിയായി ചുമതലയേറ്റ നിർമല സീതാരാമൻ ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ആദ്യ ബജറ്റിലാകും രണ്ടാം മോദി സർക്കാരിന്റെ നയപരിപാടികളുടെ രൂപം വ്യക്തമാകുക. ഇതിൽ തൊഴിലുറപ്പു പദ്ധതി, ദേശീയ സാമൂഹിക സുരക്ഷാ പദ്ധതി തുടങ്ങി ആറു പ്രധാന കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വകയിരുത്തലിലാകും ബജറ്റ് വിശകലനത്തിൽ സാമ്പത്തികവിദഗ്ധർ കൂടുതൽ ശ്രദ്ധയൂന്നുക.

ദേശീയ സാമൂഹിക സഹായ പദ്ധതി, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പട്ടിക ജാതി വികസന പദ്ധതി, പട്ടിക വര്‍ഗ്ഗ വികസന പദ്ധതി, ന്യൂനപക്ഷ വികസന പദ്ധതി, പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, കരുതലില്ലാത്ത വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വികസനത്തിനായുള്ള സംയോജിത പദ്ധതി എന്നിവയാണവ.

2018–19 കാലയളവിൽ 84,362 കോടി രൂപയാണ് ഈ ആറു പദ്ധതികൾക്കായി വകയിരുത്തിയതെങ്കിൽ ഇടക്കാല ബജറ്റിൽ ഇത് നാലു ശതമാനത്തോളം കുറച്ച് 81,183 കോടി രൂപയാക്കി. ദേശീയ സാമൂഹിക സുരക്ഷാ പദ്ധതിക്കും ന്യൂനപക്ഷ വികസന പദ്ധതിക്കും മാത്രമാണ് ഇടക്കാല ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയത്.

English Summary: Modi govt 'sacking' 12-odd senior officials and its implications in reorienting bureaucracy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA