ADVERTISEMENT

പഞ്ചവാദ്യത്തിന്റെ ഇടക്കക്കലാശത്തിനു മുൻപു പരമേശ്വര മാരാർ ഇടത്തോട്ടും വലത്തോട്ടും പലതവണ നോക്കും. ചിലപ്പോൾ നോട്ടം കടുത്തതാണെന്നു തോന്നും. ചുണ്ടിന്റെ കോണിലൊരു പുഞ്ചിരിയുണ്ടാകും. പിന്നെ ഒന്നും ചെയ്യാതെ കണ്ണടച്ചു നിൽക്കും. കൈ നീട്ടി രണ്ടു മൂന്നു തവണ താളം പിടിക്കും. അതു കഴിഞ്ഞാൽ ഒരടി മുന്നോട്ടു കയറിനിന്നു തിമിലയിൽ താളങ്ങൾ പെരുക്കിത്തുടങ്ങും. 

സാധാരണ പത്തോ പന്ത്രണ്ടോ കൂട്ടിക്കൊട്ടലിൽ അവസാനിക്കാറുള്ള ഇടക്കലാശം പതിനാറുവരെ നീളുമ്പോൾ പഞ്ചവാദ്യത്തിന്റെ വൈദ്യുത തരംഗങ്ങൾ നടുവിലാൽ പന്തലിനു ചുറ്റും അലറിമറിയും. അതിനുള്ള മുന്നറിയിപ്പായിരുന്നു ആ നോട്ടം. സംഗീതസാന്ദ്രമായ പഞ്ചവാദ്യത്തിന്റെ അത്യപൂർവമായ രൗദ്രനിമിഷങ്ങൾ. പഞ്ചവാദ്യത്തിന്റെ കലാശങ്ങൾ ഇത്രയേറെ ജനകീയമാക്കിയ കൊട്ടുകാർ കുറവാണ്.

പഞ്ചവാദ്യം പിറന്ന നാടെന്നു വിശേഷിപ്പിക്കാവുന്ന അന്നമനടയിലാണു പരമേശ്വരന്റെയും ജനനം. കുട്ടിക്കാലം മുതൽ പഞ്ചവാദ്യം കേട്ടു കൊതിച്ചു നടന്നു. സ്‌കൂളിൽ അൽപം പിന്നിലായിരുന്നെങ്കിലും താളബോധത്തിൽ മുന്നിലായി. അമ്പലത്തിൽ അടിയന്തിരങ്ങൾക്കു കൊട്ടിത്തുടങ്ങിയതോടെ 13–ാം വയസിൽ കലാമണ്ഡലത്തിൽ ചേർന്നു. 17–ാം വയസിൽ പഠനം പൂർത്തിയാക്കി. പിന്നെ കുറേക്കാലം പല്ലാവൂരിനൊപ്പം. ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് പല്ലാവൂർ സഹോദരങ്ങളിലൊരാളെപ്പോലെയായി.

അന്നമനട പരമേശ്വരമാരാർ ആദ്യമായി പൂരത്തിനു കൊട്ടുന്നത് 1972ലാണ്. 20ാം വയസിൽ. പഞ്ചവാദ്യം പഠിച്ചു തുടങ്ങിയ കാലം മുതൽ മനസിൽ കാത്ത മോഹമായിരുന്നു പൂരത്തിന്റെ താളം. അന്ന് അന്നമനട അച്യുതമാരാരാണ് പ്രമാണം. ‘പിന്നീട് അനവധികാലം പൂരത്തിന് കൊട്ടിയപ്പോൾ പ്രമാണിയാകണമെന്നായി മോഹം. ഗുരുക്കന്മാരുടെയും അന്നമനട തേവരുടെയും അനുഗ്രഹം കൊണ്ട് അതു സാധിച്ചു. കഴിയുന്നത്ര കാലം പ്രമാണിത്വം നിലനിർത്തണമെന്നല്ലാതെ വലിയ മോഹങ്ങളില്ല’– ഒരിക്കൽ പരമേശ്വരമാരാർ പറഞ്ഞു.

അന്നമനടയപ്പന്റെ പ്രസാദം

ഗ്രാമദേവനായ അന്നമനട മഹാദേവനു മുൻപിൽ അരനൂറ്റാണ്ടിലേറെ പഞ്ചവാദ്യാഞ്ജലി അർപ്പിച്ചതിന്റെ അനുഗ്രഹമാണ് അന്നമനട പരമേശ്വരമാരാരുടെ താളബോധം. അന്നമനടയപ്പന്റെ വരപ്രസാദമായി പല്ലാവൂർ പുരസ്കാരവും തേടിയെത്തി. പഞ്ചവാദ്യത്തിന്റെ അനിർവചനീയ സൗന്ദര്യം ആസ്വാദക ലോകത്തിനു പകർന്നുനൽകാൻ ജീവിതം സമർപ്പിച്ച പരമേശ്വര മാരാർ (ജൂനിയർ) നാടിന്റെ യശസ്സ് വാനോളം ഉയർത്തിയതോടൊപ്പം ഗുരുക്കൻമാർ പകർന്ന വരദാനത്തെ കെടാതെ സൂക്ഷിച്ചു.

തന്റെ ഗുരുനാഥൻ അന്നമനട പരമേശ്വര മാരാർ (സീനിയർ) കലാമണ്ഡലത്തിൽവച്ച് ചിട്ടപ്പെടുത്തിയ 1792 അക്ഷരകാലത്തിലുള്ള മുഴുനീള പഞ്ചവാദ്യത്തെ പതിറ്റാണ്ടുകൾക്കുശേഷം പുനരാവിഷ്കരിച്ചു പതിറ്റാണ്ടിലേറെ അന്നമനട മഹാദേവസന്നിധിയിൽ അവതരിപ്പിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആറാട്ടിനുള്ള പഞ്ചവാദ്യം അരനൂറ്റാണ്ടിലേറെ അവതരിപ്പിച്ച അദ്ദേഹം, വലിയവിളക്കിന്റെ തലേന്ന് നാട്ടുകാർക്കായി പ്രത്യേക പഞ്ചവാദ്യം അവതരിപ്പിച്ചും ശ്രദ്ധ നേടി. അന്നമനടയിലെത്തിയാൽ ഇദ്ദേഹം തനി നാട്ടുകാരനാകും. ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നു. അതിവിപുലമായ സൗഹൃദവൃന്ദവും ഇവിടെയുണ്ട്.

പല്ലാവൂർ ‘ബിരുദ’മുള്ള പ്രമാണി

പല്ലാവൂർ ത്രയത്തിലെ മണിയൻ മാരാർക്കും കുഞ്ഞുക്കുട്ടൻ മാരാർക്കുമൊപ്പം ഒരേ വീട്ടിൽ ഉണ്ടും ഉറങ്ങിയും കൊട്ടിയും ‘ബിരുദ’മെടുത്തയാളാണ് അന്നമനട പരമേശ്വര മാരാർ. കലാമണ്ഡലത്തിലെ പഞ്ചവാദ്യ പഠനത്തിനു ശേഷം പല്ലാവൂർ സഹോദരങ്ങളുടെ വീട്ടിൽ താമസിച്ച് മേളമഭ്യസിച്ച കാലത്തെ ‘ബിരുദപഠന’മെന്നാണു പരമേശ്വരൻ വിശേഷിപ്പിക്കുന്നത്.

മഠത്തിൽ വരവിനു പ്രമാണം വഹിക്കാൻ പരമേശ്വര മാരാരുടെ വരവും പല്ലാവൂർ താളങ്ങൾക്കു തൊട്ടുപിന്നാലെയാണ്. പല്ലാവൂർ മണിയൻ മാരാർക്കു ശേഷം മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു നേതൃത്വം നൽകിയത‌ു പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാരാണ്. അദ്ദേഹത്തിന്റെ മരണശേഷം പ്രമാണിയാകേണ്ടത് ആരെന്ന ചോദ്യമുയരും മുൻപേ ഉത്തരമായി അന്നമനട പരമേശ്വരന്റെ പേര് കുറിക്കപ്പെട്ടു.

‘പല്ലാവൂർകാരുടെയൊപ്പം കാൽ നൂറ്റാണ്ട് പഞ്ചവാദ്യത്തിന് കൂടാൻ കഴിഞ്ഞതിൽപ്പരം വലിയ ഭാഗ്യമില്ല. എന്നാൽ പഴയ ആചാര്യന്മാരുടെ കൂടെ മേളത്തിൽ പങ്കുകൊണ്ടതാണ് ഏറ്റവും ആസ്വാദ്യകരമായ കാലം. തെറ്റിയാൽ തല്ലുകയും വഴക്കുപറയുകയും ചെയ്‌തിരുന്ന ആ ആചാര്യന്മാരുടെ ശിക്ഷണം മറക്കാനാവില്ല’– പരമേശ്വര മാരാർ പറയുന്നു.

തൃശൂർ പൂരത്തിനു പുറമെ നെന്മാറ-വല്ലങ്ങി വേല, ഉത്രാളിക്കാവ് പൂരം, പെരുവനം പൂരം, എറണാകുളം ശിവക്ഷേത്രം, ഗുരുവായൂർ ദശമി, തൃപ്രയാർ ഏകാദശി, പറക്കോട്ടുകാവ് വേല, അന്നമനട മഹാദേവക്ഷേത്രം, നെല്ലുവായ് ധന്വന്തരി ക്ഷേത്രം തുടങ്ങിയവിടങ്ങളിലെല്ലാം പഞ്ചവാദ്യത്തിന്റെ പ്രമാണിയായി പരമേശ്വര മാരാർ.

മുറിവുണക്കിയ വിസ്മയമേളം

വിരലിലെ മുറിവ് അന്നമനട പരമേശ്വര മാരാരുടെ കയ്യിൽനിന്നു താളത്തെ കവർന്നെടുത്തത് ഒന്നര വർഷമാണ്. അന്നമനട ഇനി മടങ്ങി വരില്ലെന്നു നൊമ്പരത്തോടെ പലരും പറഞ്ഞു. പക്ഷേ, അന്നമനട പരമേശ്വരമാരാർ എന്ന വാദ്യവിസ്മയം അന്നു പറഞ്ഞതിങ്ങനെ. ‘മൂന്നുവർഷം മാറിനിന്ന ശേഷം ഗുരുവായൂരിൽ കളിച്ച് കലാമണ്ഡലം ഗോപിയാശാൻ വന്നതോർമയില്ലേ? അവരൊക്കെയാണ് എന്റെ മനസ്സിൽ. 21 കൂട്ടിക്കൊട്ടുമായി അടുത്ത പൂരത്തിനു വരും. നമുക്കു മഠത്തിലും നടുവിലാലിലും കാണാം. ഇത്തവണ ഒന്നു മാറി നിൽക്കട്ടെ.’

ആയിരങ്ങളെ വിസ്‌മയങ്ങളുടെ വിരൽത്തുമ്പിൽ നിർത്തിയ അന്നമനട പരമേശ്വരമാരാർക്ക് 2015ലെ പൂരത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു. കൊട്ടിന്റെ ലഹരിയിൽ പരമേശ്വര മാരാർ രോഗം മറന്നു. വിരൽത്തുമ്പിലെ മുറിവ് പതുക്കെ വലുതായി. ഡോക്‌ടർമാർ പലവട്ടം പറഞ്ഞിട്ടും കൊട്ടുമായി യാത്ര തുടർന്നു. മുറിവു വലുതായതോടെ വിശ്രമം അനിവാര്യമായി. 2016ൽ മഠത്തിൽ വരവിന് പഞ്ചവാദ്യ പാലാഴി തീർക്കാൻ അമരക്കാരനായി പരമേശ്വരമാരാർ തിരിച്ചെത്തി.

പ്രമേഹം മൂലം ഒരിക്കലും കരിയാതെ വിരലിൽ ‘മധുര’ നൊമ്പരമായി നിന്ന മുറിവ് വിസ്മയകരമായി കരിഞ്ഞു. വളാഞ്ചേരി തിരുവേഗപ്പുറത്തെ ചികിൽസാ കേന്ദ്രത്തിൽ ഒന്നര വർഷം നീണ്ട ചികിൽസയ്ക്കൊടുവിൽ മുറിവു കരിഞ്ഞു. പിന്നീട് പലയിടത്തും പഞ്ചവാദ്യത്തിനു വിളിച്ചു. അപ്പോഴൊക്കെ അന്നമനട ഒഴിവാക്കി. മനസ്സിൽ പറഞ്ഞു: തൃശൂർ പൂരം കൊണ്ടു തുടങ്ങാം.

പരിഷ്കാരങ്ങൾക്കൊപ്പം പാരമ്പര്യവും അദ്ദേഹം മുറുകെപ്പിടിച്ചു. ‘പലരുടെയും തിമിലയിൽ കെട്ടുന്നതു പ്ലാസ്‌റ്റിക്കാണ്. ശരിക്കുവേണ്ടതു തോലാണ്. തോലും തോലും കൂടിച്ചേരുമ്പോഴാണു താളം വരുന്നത്. തിമിലയിൽ തോലെ പാടുള്ളൂ എന്നു സംഘാടകർ പറയേണ്ട കാലമായി’. നാലര പതിറ്റാണ്ടോളം തിരുവമ്പാടിയുടെ വാദ്യത്തിൽ പങ്കാളിയാവുകയും ഒരു പതിറ്റാണ്ടിലേറെ മഠത്തിൽ വരവിന്റെ പ്രമാണിയാവുകയും ചെയ്ത പരമേശ്വര മാരാരുടെ വാക്കുകൾക്ക് കനമേറെയാണ്.

English Summary: Life of Panchavadyam Maestro Annamanada Parameswara Marar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com