ADVERTISEMENT

കാസർകോട്∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പ് സ്റ്റാറ്റസിട്ടതിനു കാസര്‍കോട് പെരിയയില്‍ വിദ്യാര്‍ഥിക്ക് എസ്എഫ്ഐയുടെ ഭീഷണി. സംഘടനയുടെ പേരെഴുതിയ കാര്‍ഡ്, പ്രവേശനോല്‍സവ ദിവസം കൈവശം സൂക്ഷിക്കാത്തതും ഭീഷണിക്ക് കാരണമായി. എസ്എഫ്ഐ അംഗങ്ങളായ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ വിദ്യാര്‍ഥി മറ്റൊരു സ്കൂളിലേക്ക് മാറ്റംവാങ്ങി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്‍റെ ബന്ധുകൂടിയാണ് വിദ്യാര്‍ഥി.

രാവണീശ്വരം ജിഎച്ച്എസ്എസിലായിരുന്നു ശരത് ലാലിന്റെ ബന്ധുവായ വിദ്യര്‍ഥി പ്ലസ് വണ്ണിന് ചേര്‍ന്നത്. പ്രവേശനോത്സവത്തിനിടെ എസ്എഫ്ഐ എന്നെഴുതിയ കാര്‍ഡ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നല്‍കി. എല്ലാ ദിവസവും ഇത് കൈയ്യില്‍ കരുതണമെന്നും നിര്‍ദേശിച്ചു. അന്നു വൈകിട്ടോടെ ഇതേ സ്കൂളില്‍ പ്ലസ്ടൂവിന് പഠിക്കുന്ന വിദ്യാര്‍ഥിയുടെ നമ്പറില്‍നിന്ന് ശരത് ലാലിന്റെ ബന്ധുവിന് ഭീഷണി സന്ദേശങ്ങള്‍ എത്തി. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വാട്സാപ്പ് സ്റ്റാറ്റസായിരുന്നു പ്രശ്നം. സ്റ്റാറ്റസ് നീക്കം ചെയ്തില്ലെങ്കില്‍ സ്കൂളില്‍ വച്ചുകാണാമെന്ന് ഭീഷണി. പ്രവേശനോത്സവത്തിനിടെ നല്‍കിയ കാര്‍ഡ് കൈയ്യിലുണ്ടെന്നതിന് തെളിവ് നല്‍കാനും ആവശ്യപ്പെട്ടു.

വനിതാ മതിലിനെക്കുറിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മർദനമേറ്റ ഇതേസ്കൂളിലെ വിദ്യാര്‍ഥിയുടെ അനുഭവമുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. സമ്മര്‍ദം താങ്ങാനാകാതെ വിദ്യാര്‍ഥി പെരിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയ്ക്ക് മാറ്റം വാങ്ങിയതോടെ ഭീഷണിയുടെ സ്വരം കടുത്തു. പുതിയ സ്കൂളിലെത്തിയിട്ടും വിദ്യാർഥിക്കെതിരായ ഭീഷണി തുടരുകയാണ്. വിദ്യാര്‍ഥിയുടെ ഭാവിയോര്‍ത്ത് പൊലീസില്‍ പരാതിപ്പെടാന്‍ ഭയക്കുകയാണ് കുടുംബം. അതേസമയം സംഭവത്തില്‍ എസ്എഫ്ഐ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com