ശ്രീനഗർ∙ ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു. രണ്ടു പേർക്കു പരുക്കേറ്റു. അനന്ത്നാഗ് സ്റ്റേഷൻ ഹൗസ് ഓഫിസർ അർഷദ് അഹമ്മദിനും ഒരു നാട്ടുകാരനും പരുക്കേറ്റിട്ടുണ്ട്.
ആക്രമണം നടത്തി രണ്ടു ഭീകരിൽ ഒരാളെ സുരക്ഷാസേന വധിച്ചതായാണ് വിവരം. ബസ് സ്റ്റാൻഡിനു സമീപമുള്ള കെപി റോഡിലാണ് ആക്രമണം.
പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. തുടർന്നു സൈന്യം പ്രത്യാക്രമണം നടത്തി. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ രൂക്ഷമായ വെടിവയ്പും തുടരുന്നു.
ഫെബ്രുവരി 14ന് പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.