ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ ഏജന്‍സിക്കു തിരുവനന്തപുരം വിമാനത്താവളം കൈമാറാനാവില്ലെന്ന നിലപാടാണു സംസ്ഥാന സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയോ നിലവിലുള്ള സംവിധാനം തുടരുകയോ ചെയ്യാനാവശ്യമായ ഇടപെടലുകള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

രാജഭരണകാലത്ത് കൈമാറിയ 258.06 ഏക്കര്‍ ഭൂമിക്കും സര്‍ക്കാര്‍ കൈമാറിയ 8.29 ഭൂമിക്കും പുറമെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല.

അതിനാല്‍ സ്വകാര്യ ഏജന്‍സിക്ക് വിമാനത്താവളം കൈമാറാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും, നടത്തിപ്പ് ചുമതല സംസ്ഥാനത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളുടെ നിര്‍മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും ഭാവി വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിഡിനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയി. തുടര്‍ന്നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് എന്ന ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് സംസ്ഥാനം ലേലത്തില്‍ പങ്കെടുത്തു. 

കമ്പനിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂണല്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 10% മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ് ആവശ്യം അംഗീകരിച്ചത്. ഇക്കാരണത്താല്‍ കെഎസ്ഐഡിസിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ പ്രത്യേക കമ്പനിക്ക് ബിഡ് ലഭിച്ചില്ല.

വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു മുന്‍കാല പരിചയവുമില്ലാത്ത സ്ഥാപനമായ അദാനി എന്‍റര്‍പ്രൈസസിനാണ് ബിഡ് ലഭിച്ചത്. ഈ സ്ഥാപനത്തിന് ബിഡ് അവാര്‍ഡ് ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയും ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും അവാര്‍ഡ് എന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സി.ദിവാകരന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com