ADVERTISEMENT

കൊച്ചി∙ സിനിമാ ടിക്കറ്റിൽ വിനോദ നികുതി ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. ജുലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നിർദേശം കഴിഞ്ഞ ബജറ്റിൽ മന്ത്രി തോമസ് ഐസക്കാണ് പ്രഖ്യാപിച്ചത്. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉൾപ്പടെയുള്ള സംഘടനകൾ നല്‍കിയ ഹര്‍ജിയെ തുടർന്നാണ് വിനോദ നികുതിക്ക് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്. 

ജിഎസ്ടിക്ക് പുറമെയുള്ള ഇരട്ടനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നും അധികനികുതി പിരിവ് സിനിമാമേഖലയുടെ നടുവൊടിക്കുമെന്നുമാണ് സിനിമാ സംഘടനകൾ വാദിക്കുന്നത്. സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേൽ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് 12%, 100 രൂപയ്ക്ക് മുകളിൽ 18% എന്നിങ്ങനെയാണ് നിലവിലുള്ള നികുതി. 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകൾക്കു വീണ്ടും 11% വില വർധിക്കും. 

സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നിലവിൽ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോൾ അധിക നികുതി കൂടി വന്നാൽ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും വ്യവസായം തകരുമെന്നും പ്രതിനിധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

സിനിമ ടിക്കറ്റിനു മാത്രമാണ് ഇരട്ട നികുതിയെന്നുമാണ് അവർ ചൂണ്ടിക്കാട്ടിയത്. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ എത്താതിരുന്നതോടെയാണ് സിനിമാ സംഘടനകൾ ഹൈക്കോടതിയിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com