ADVERTISEMENT

കൊച്ചി∙ ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റർനാഷണൽ സ്‌പെയ്‌സ്‌ സെന്റർ) വ്യാഴാഴ്ച കേരളത്തിൽ നിന്നു ദൃശ്യമാകും. സന്ധ്യയ്ക്ക് 7.38 മുതലാണ് കേരളത്തിൽ നിന്നു ദൃശ്യമാകുംവിധം ആകാശത്തൂടെ ഐഎസ്എസ് കടന്നു പോകുന്നത്.

വടക്കു പടിഞ്ഞാറ് ദിശയിൽ ഒരു നക്ഷത്രം കണക്കെ ഉദിച്ചുയരുന്ന ബഹിരാകാശ നിലയം 7.41ന് തലയക്കു മുകളിൽ ശോഭയോടെ കാണാം. 7.43ന് തെക്കു കിഴക്കായി അസ്തമിക്കുകയും ചെയ്യും. മഴമേഘങ്ങളുടെ തടസമില്ലെങ്കിൽ നഗ്ന നേത്രങ്ങൾക്കൊണ്ട് വ്യക്തമായി ഇത് കാണാനാകും. ഇന്ന് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ളവർക്കും ശ്രീലങ്കയിലുള്ളവർക്കും ഐഎസ്എസ് ഭൂമിയെ വലം വയ്ക്കുന്നത് കാണാനാകും. 

നക്ഷത്രംപോലെ തിളങ്ങുന്ന ബഹിരാകാശനിലയം ഭൂമിയിൽ നിന്നു നോക്കുമ്പോൾ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ആകാശത്ത് ഇപ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത് ബഹിരാകാശനിലയത്തിനാണ്. 

അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ആറു രാജ്യങ്ങൾ എന്നിവർ ചേർന്നു നിർമിച്ച വലിയ ബഹിരാകാശനിലയമാണ് ഐഎസ്എസ്. ഭൂമിയിൽനിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയ്ക്കുള്ള ഭ്രമണപഥത്തിലാണ് സഞ്ചാരം. സെക്കൻഡിൽ 7.66 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരവേഗം. മണിക്കൂറിൽ 27,600 കിലോമീറ്റർ.

92.69 മിനിറ്റുകൊണ്ട് ഭൂമിയെ ഒരുതവണ വലംവയ്ക്കും. ദിവസം 15.54 തവണ ഇത് ഭൂമിയെ ചുറ്റും. 4,19,455 കിലോഗ്രാമാണ് ഇതിന്റെ ഭാരം. 72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയുമാണ് ഇതിനുള്ളത്.  935 ഘനമീറ്റർ വ്യാപ്തിയുള്ള ഭാഗത്ത് താമസയോഗ്യമാണ്. ആറുപേർക്കു താമസിക്കാനുള്ള സൗകര്യമാണ് ഇതിനുള്ളത്. 

 

English summary: ISS sighting is possible from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com