ജനവിധിയിൽനിന്ന് പാഠമുൾക്കൊള്ളാതെ മുന്നോട്ടുപോകാൻ കഴിയില്ല: കോടിയേരി ബാലകൃഷ്ണൻ

kodiyeri-balakrishnan
SHARE

കൊണ്ടോട്ടി ∙ ലോക്സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിൽനിന്ന് പാഠമുൾക്കൊള്ളാതെ ഇടതുപക്ഷത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്ത ആരോടും വിദ്വേഷമോ അകല്‍ച്ചയോ ഇല്ലെന്നും ജനവിധി മാനിക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിന്റെ ഭാഗമായുള്ള ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ബിജെപിക്കും ആര്‍എസ്എസിനുമെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്കസ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന ചിന്ത ജനങ്ങളില്‍ ശക്തമായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്. ആ ദൗര്‍ബല്യം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ ബിജെപിയെ പുറത്താക്കി സര്‍ക്കാരുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ജനം കേരളത്തില്‍ യുഡിഎഫിന് വോട്ട് ചെയ്തത്. ആ തരത്തില്‍ യുഡിഎഫ് നടത്തിയ പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരോ ജയിച്ചാല്‍ എല്ലാമായെന്നു കരുതുന്നവരോ അല്ല ഇടതുപക്ഷം. കിട്ടിയ വോട്ടോ സീറ്റോ നോക്കാതെ എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് ഇടതുപക്ഷത്തിന്റെ രീതി. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാകാത്ത വിധം വര്‍ഗീയപ്രചാരണം നടന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കു പകരം തീവ്രഹിന്ദുത്വവും പാക്കിസ്ഥാന്‍ വിരുദ്ധതയും പ്രസംഗിച്ച് എല്ലാക്കാലത്തും മുന്നോട്ടുപോകാന്‍ ബിജെപിക്കു കഴിയില്ല.

ഇടതുപക്ഷത്തിന് കൂടുതല്‍ സാധ്യതയുള്ള സാഹചര്യമാണ് ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ വീണ്ടും അധികാരത്തിലെത്തിയത് ഇന്ത്യയിലെ ഹിന്ദുത്വ പ്രചാരണം കൊണ്ടു മാത്രമാണെന്ന് പരിമിതപ്പെടുത്തല്‍ ശരിയല്ല. അമേരിക്കയും ഓസ്ട്രേലിയയും ഫ്രാന്‍സും ഇസ്രയേലുമുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വലതുപക്ഷത്തേക്കുള്ള പോക്കിന്റെയും കോര്‍പറേറ്റ് അജൻഡകളുടെയും ഭാഗമായി വേണം ഇന്ത്യയിലെ സ്ഥിതിയും വിലയിരുത്താന്‍.

അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് രാഷ്ട്രീയനേതാവല്ലാത്ത എസ്.ജയശങ്കറിനെ ബിജെപി വിദേശകാര്യമന്ത്രിയായി നിയമിച്ചത്. എല്ലാ ഇന്ത്യ-യുഎസ് ഇടപാടുകളുടെയും സൂത്രധാരനാണ് അദ്ദേഹം. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നവര്‍ പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട ശേഷം ഇടതുപക്ഷം നടത്തിയ വലിയ തിരിച്ചുവരവുകള്‍ ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ