ADVERTISEMENT

നെടുങ്കണ്ടം ∙ തമിഴ്നാട്ടിലെ കമ്പത്ത്, മലയാളികൾ കൊള്ളസംഘത്തിന്റെ ആക്രമണങ്ങൾക്കിരയാകുന്ന സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി എം.എം. മണി. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രിയുടെ ഓഫിസും, തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും. പ്രശ്നത്തിനു അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്നും മണി അറിയിച്ചു. കമ്പത്തെ കൊള്ള സംഘങ്ങളെക്കുറിച്ചുള്ള വാർത്ത ഇന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു നടപടി.

ഈ മാസം 6 ന് പുലർച്ചെ 4.10 നാണു കമ്പംമെട്ട് ചേറ്റുകുഴിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ജോനകംവിരുത്തിൽ ജയൻ, തോട്ടം തൊഴിലാളികളെ എത്തിക്കുന്ന ഡ്രൈവർ പുത്തൻപുരയ്ക്കൽ റിജു എന്നിവർ തമിഴ്നാട്ടിലെ കമ്പത്തിനു സമീപമുള്ള ഉഴവർ ചന്തയിലേക്കു പിക് അപ് വാനിൽ പുറപ്പെട്ടത്. പുലർച്ചെ 5 ന്, കേരള തമിഴ്നാട് അതിർത്തിയായ കമ്പം അടിവാരത്തെ വിജന സ്ഥലത്തെത്തിയപ്പോൾ 2 പേർ വാഹനത്തിനു കൈ കാണിച്ചു.

നിർത്താതെ മുന്നോട്ടു പോയപ്പോൾ അകലെ വച്ച് 2 പേർ വാഹനം തടഞ്ഞു. വേഗം കുറച്ചപ്പോൾ 2 പേർ പിക് അപ് വാനിന്റെ ബോണറ്റിലേക്കു ചാടിക്കയറി. പരിഭ്രാന്തിക്കിടെ വാഹനം ഓഫായി. വാഹനത്തിനുള്ളിൽ നിന്നു ജയനെയും, റിജുവിനെയും വലിച്ചു പുറത്തിറക്കി, ക്രൂരമായി ആക്രമിച്ചു. പട്ടിക കഷണം ഉപയോഗിച്ചായിരുന്നു ആക്രമണം. ശരീരമാസകലം മർദനമേറ്റ ഇരുവരും ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. റിജുവിന്റെ കൈവശമുണ്ടായിരുന്ന 8000 രൂപയും, ജയന്റെ മൊബൈൽ ഫോണും അക്രമി സംഘം തട്ടിയെടുത്തു.

കമ്പത്തു നിന്ന് 5 കിലോമീറ്റർ അകലെയായിരുന്നു സംഭവം.  ഇത് ഒറ്റപ്പെട്ട സംഭവമല്ല.  ഞായറാഴ്ച രാത്രി 9 ന് കമ്പത്തിനു സമീപം  ലോറി ഡ്രൈവറെ കൊള്ള സംഘം ആക്രമിച്ചതാണ്    തേനി, കമ്പം, മധുര തുടങ്ങിയ ഭാഗങ്ങളിലേക്കു പോകുന്നവരുടെ വാഹനങ്ങൾ തടഞ്ഞ് ആഭരണവും പണവും തട്ടിയെടുക്കുന്നതു പതിവാണ്.  എതിർക്കാൻ ശ്രമിക്കുന്നവരെ ക്രൂരമായി ആക്രമിച്ചു പരുക്കേൽപിക്കും. അപമാനം ഭയന്ന് പലരും ആക്രമണ വിവരം പുറത്തു പറയാറില്ല.   

idukki-kambam--
കമ്പം അടിവാലത്ത് കവർച്ചാ സംഘത്തിന്റെ അക്രമണത്തിനിരയായ ജയൻ, റിജു എന്നിവർ

ആരും തിരിഞ്ഞു നോക്കില്ല

കൊള്ള സംഘം ആക്രമണം നടത്തുന്നതിനിടെ ആരെങ്കിലും ഇതു വഴി വന്നാലും അവരാരും തിരിഞ്ഞു നോക്കില്ല. റിജുവിനെയും ജയനെയും കൊള്ള സംഘം മർദിക്കുന്നതിനിടെ, കമ്പം–കമ്പംമെ‌‌ട്ട് റോഡിലൂടെ ലോഡുമായി ലോറി എത്തിയെങ്കിലും ലോറി ഡ്രൈവറെ അക്രമി സംഘം ഭീഷണിപ്പെടുത്തി. ആയുധങ്ങളുമായി സംഘം കൊലവിളി മുഴക്കിയതോടെ ലോറി ഡ്രൈവറും സ്ഥലത്തു നിന്നും കടന്നു.

മർദനത്തിനു ശേഷം 2 ബൈക്കുകളിൽ അക്രമി സംഘം രക്ഷപ്പെട്ടു. മർദനമേറ്റ റിജുവും ജയനും,  കമ്പത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകാൻ കമ്പം പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ഇവരുടെ പരാതി സ്വീകരിക്കാൻ പൊലീസ് തയാറായത്. 1 മാസം മുൻപ് വണ്ടൻമേട് മാലി സ്വദേശികളും കൊള്ള സംഘത്തിന്റെ അക്രമത്തിനു ഇരയായിരുന്നു. 18000 രൂപയാണ് ഇവരിൽ നിന്നു തട്ടിയെടുത്തത്.

idukki-kambam-
കമ്പം- കമ്പംമെട്ട് റോഡിൽ കവർച്ചാ സംഘത്തിന്റെ അക്രമണം നടന്ന സ്ഥലം

കമ്പം അടിവാരത്ത് രാത്രി വാഹനങ്ങൾ തടഞ്ഞ് യാത്രികരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി 80,000 രൂപയും മൊബൈൽ ഫോണുകളും കവർന്നത് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. തൊടുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞ് 50,000 രൂപയും കട്ടപ്പന സ്വദേശികളുടെ വാഹനം തടഞ്ഞ് 30,000 രൂപയുമാണ് കവർന്നത്.  മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. രാത്രി 1നും 12നും ഇടയിലാണു സംഭവം. തമിഴ്നാട് ക്യൂ ബ്രാഞ്ചും, ഇന്റലിജൻസ് വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. 

കേരള – തമിഴ്നാട് അതിർത്തിയായ കമ്പം അടിവാരത്ത് കൊള്ള സംഘത്തിന് ഒത്താശ ചെയ്ത് തമിഴ്നാട് പൊലീസ്. ഈ മേഖലയിൽ മാത്രം 20 അംഗ സംഘമാണു കവർച്ചയ്ക്കു നേതൃത്വം നൽകുന്നത്. ഇവരെക്കുറിച്ച് തമിഴ്നാട് പൊലീസിന് വ്യക്തമായ അറിവുണ്ടെങ്കിലും പിടികൂടാൻ തയാറാകില്ല.  ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും പൊലീസിൽ പരാതിപ്പെടാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. 3 മാസത്തിനിടെ സംസ്ഥാനാന്തര പാതയായ കമ്പം–കമ്പംമെട്ട് റോഡിൽ 6 കവർച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com