ADVERTISEMENT

തിരുവനന്തപുരം ∙ കുന്നത്തുനാട് നിലംനികത്തല്‍ കേസില്‍ താനറിയാതെ ഒരു ഉത്തരവും ഇനി പുറപ്പെടുവിക്കരുതെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശം. റവന്യൂ സെക്രട്ടറിയോടാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. എറണാകുളം കലക്ടറുടെ റിപ്പോര്‍ട്ടിനെ മറികടന്ന് എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നിലംനികത്തലിന് അനുകൂലമായി റവന്യൂ വകുപ്പ് ഉത്തരവിറക്കിയതാണു മന്ത്രിയെ ചൊടിപ്പിച്ചത്.

കുന്നത്തുനാട്ടിലെ 15 ഏക്കര്‍ വയല്‍ നികത്തല്‍സംബന്ധിച്ച് ഒരു തീരുമാനവും താനറിയാതെ കൈക്കൊള്ളരുതെന്നാണ് ഇ.ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി അറിയാതെ ഉത്തരവിറക്കിയതിലുള്ള അതൃപ്തിയും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. 15 ഏക്കര്‍ ഭൂമിയും വയലാണെന്നും നെല്‍വയല്‍, നീര്‍ത്തട നിയമത്തിനു കീഴില്‍ വരുന്നതാണെന്നും കാണിച്ചു നികത്തലും ക്രയവിക്രയവും കലക്ടർ തടഞ്ഞിരുന്നു.

2005 മുതലുള്ള അപേക്ഷകള്‍ ചൂണ്ടിക്കാട്ടി സ്ഥലം ഉടമയായ റിയല്‍ എസ്റ്റേറ്റ് കമ്പനി അപ്പീല്‍ നൽകി. ഇതിലാണു പൊടുന്നനെ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം തേടിക്കൊണ്ടു സ്ഥലം ഉടമയ്ക്ക് അനുകൂലമായ ഉത്തരവ് റവന്യൂ വകുപ്പ് അഡിഷനല്‍ സെക്രട്ടറി ഇറക്കിയത്. മുന്‍ റവന്യൂ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമായിരുന്നു തുടര്‍നടപടികളും തുടര്‍ന്ന് ഉത്തരവ് ഇറക്കിയതും. ഇ.ചന്ദ്രശേഖരനെ വിവരം അറിയിച്ചിരുന്നില്ല. അഡിഷനല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍റെ നിയമോപദേശം തേടിയതിനിടയ്ക്ക്, എജിയെ സമീപിച്ചതു സിപിഐയെയും ചൊടിപ്പിച്ചു.

വയല്‍നികത്തലിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും വിഷയം നിയമസഭയില്‍ കൊണ്ടുവരികയും ചെയ്തു. റവന്യൂ മന്ത്രിയെപ്പോലും മറികടന്നു മുഖ്യമന്ത്രിയുടെ ഒാഫിസ് വിഷയത്തില്‍ ഇടപെടുകയാണെന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ മന്ത്രി കടുത്ത നിലപാടു സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com