ADVERTISEMENT

ദുബായ് ∙ മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള എണ്ണ കയറ്റുമതിയിൽ ആശങ്ക നിറഞ്ഞതോടെ ഇന്ധനവിൽപനയിൽ നാലു ശതമാനത്തിന്റെ വർധന. ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്ന സാഹചര്യത്തിലാണ് എണ്ണവിലയേറിയതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ്– ഇറാൻ സംഘർഷം ശക്തമാകുമെന്ന ഭീതി പരന്നതോടെ എണ്ണവില 4.5% വർധന രേഖപ്പെടുത്തിയതായി ‘ദ് ഗാർഡിയൻ’ പത്രം റിപ്പോർട്ട് ചെയ്തു.

ബ്രെൻഡ് ക്രൂഡോയിലിന് 4.5% വിലയേറി ബാരലിന് 62.64 ഡോളറായി. യുഎസ് ക്രൂഡോയിൽ 4% വില വർധിച്ച് ബാരലിന് 53.25 ഡോളറിലെത്തി. ഇനിയും ആക്രമണം തുടർന്നാൽ ക്രൂഡോയിൽ നീക്കം തടസ്സപ്പെടുമെന്നും എണ്ണവില വർധിക്കുമെന്നും മേഖലയിലെ വിദഗ്ധർ പറയുന്നു.

ഗൾഫിലേക്ക് എണ്ണസംഭരണത്തിനായി പോകാനിരുന്ന കപ്പലുകളിൽ മൂന്നെണ്ണം റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്. എണ്ണടാങ്കർ ഉടമകളായ ഡിഎച്ച്ടി ഹോൾഡിങ്സും ഹെയ്ഡ്മർ കമ്പനിയുമാണ് ഗൾഫിലേക്കുള്ള പുതിയ കപ്പൽ സർവീസുകൾ റദ്ദു ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഓഹരി വിപണിയെയും കപ്പലാക്രമണം മോശമായി ബാധിച്ചു. എണ്ണക്കമ്പനികൾക്കായിരുന്നു വലിയ തിരിച്ചടി. 

രാജ്യാന്തര തലത്തിലെ എണ്ണവ്യാപാരത്തെ ഒമാൻ ഉൾക്കടലിലെ സംഭവവികാസങ്ങൾ ദോഷകരമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലും അറബിക്കടലുമായി യോജിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ഏറ്റവും ഇടുങ്ങിയ പാതയിൽ കടലിടുക്കിന് 21 മൈൽ ആണു വീതി. പേർഷ്യൻ ഗൾഫിലെ തുറമുഖങ്ങളിൽ നിന്ന് എണ്ണക്കപ്പലുകൾ ക്രൂഡോയിലുമായി യാത്ര ചെയ്യുന്നത് ഈ കടലിടുക്കിലൂടെയായിരുന്നു.

oil tanker fire oman
ഫ്രണ്ട് ഓൾട്ടെയർ കപ്പലിനു തീപിടിച്ചപ്പോൾ.

2016ൽ മാത്രം പ്രതിദിനം 1.85 കോടി ബാരൽ ക്രൂഡോയിലും മറ്റ് അനുബന്ധ ഉൽപന്നങ്ങളുമാണ് ഇതുവഴി കടന്നു പോയത്. രാജ്യാന്തര തലത്തിൽ ആകെ ഉൽപാദിപ്പിക്കുന്നതിന്റെ 20% വരുമിത്. കടലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ആകെ ക്രൂഡോയിലിന്റെ 30 ശതമാനവും. അതിനാൽത്തന്നെ ലോകത്തിലെ ഏറ്റവും ‘സെൻസിറ്റീവ്’ ആയ ക്രൂഡോയിൽ നീക്ക പാതയായാണ് ഹോർമുസ് കടലിടുക്കിനെ കണക്കാക്കുന്നതും.

സംഭവത്തിൽ അപലപിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. ആക്രമണമുണ്ടായ കപ്പലുകളിലൊന്നിനു തീപിടിച്ചു. രണ്ടു കപ്പലുകളും പക്ഷേ മുങ്ങാതെ സംരക്ഷിക്കാനായി. നോർവെ കപ്പലിൽ നാഫ്തയും ജപ്പാന്റെ കപ്പലില്‍ മെഥനോളുമായിരുന്നു. ഇവയ്ക്കു തീപിടിക്കാതിരുന്നതു വൻ ദുരന്തം ഒഴിവാകാനും സഹായിച്ചു.

സംഭവം നടന്നു മൂന്നു മണിക്കൂറിനകം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായി. ഒരു കപ്പൽ മുങ്ങിയെന്ന ഇറാൻ നാവികസേനയുടെ റിപ്പോർട്ട് തെറ്റാണെന്ന് കപ്പലുടമകൾ വ്യക്തമാക്കി. കപ്പലിൽ നിന്നു ചോർച്ചയും ഉണ്ടായിട്ടില്ല. മാഗ്നറ്റിക് ബോംബാക്രമണത്തിലാണ് ഫ്രണ്ട് ഓൾട്ടെയർ കപ്പലിനു തീപിടിച്ചതെന്നാണു റിപ്പോർട്ട്. രണ്ടാമത്തെ കപ്പലിനു നേരെ ടോർപിഡോ ആക്രമണമുണ്ടായതിനെത്തുടർന്ന് കപ്പൽ ഉപേക്ഷിച്ച് നാവികർ രക്ഷപ്പെട്ടു. രണ്ടു കപ്പലുകളിൽ നിന്നുമായി 44 പേരെ രക്ഷിച്ചു.

രക്ഷയ്ക്കെത്തിയത് ഇറാൻ നാവികസേനയാണെന്ന് ഐഎസ്എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ സമീപത്തെ വാണിജ്യകപ്പലുകൾ രക്ഷാപ്രവർത്തനം നടത്തി ഇറാനു കൈമാറുകയായിരുന്നെന്നാണ് മറ്റു റിപ്പോർട്ടുകൾ. ഒരു കപ്പലിലെ 21 പേരെ രക്ഷിച്ചത് യുഎസ്എസ് ബെയിൻബ്രിജ് ആണെന്നാണ് യുഎസ് അവകാശവാദം.

trump-rouhani
ഡോണൾഡ് ട്രംപ്, ഹസ്സൻ റൂഹാനി

അക്രമത്തിനു പിന്നിൽ ഇറാൻ ആണെന്നു യുഎസിന്റെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ സിബിഎസ് ന്യൂസ് ചാനലിനോടു പറഞ്ഞു. എന്നാൽ യുഎസിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. പേർഷ്യൻ ഗൾഫിലും മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും ലോകമാകെയും സുരക്ഷയ്ക്കാണ് ഇറാൻ പ്രധാന്യം നൽകുന്നതെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്മാക്കി.

യുഎസ് ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പ്രതിസന്ധിയിലായതാണു മേഖലയിലെ നിലവിലെ സംഘർഷത്തിലേക്കു നയിച്ചത്. ഉപരോധം ശക്തമായാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാൻ ഭീഷണി മുഴക്കിയിരുന്നു. മേഖലയിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടാകുന്നതോടെ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള ക്രൂഡോയിൽ നീക്കത്തെയായിരിക്കും അതു ദോഷകരമായി ബാധിക്കുക.

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇറാൻ സന്ദർശനത്തിനെത്തിയ അന്നു തന്നെയാണ് കപ്പലുകൾക്കു നേരെ ആക്രമണമെന്നതും സംഘർഷസാധ്യത കൂട്ടുന്നു. ഇറാനും യുഎസുമായി നല്ല ബന്ധമുള്ള ജപ്പാൻ ഡോണൾഡ് ട്രംപിന്റെ സന്ദേശവുമായാണ് ഇറാനിലെത്തിയത്. ഹോർമുസ് കടലിടുക്കിനോടു ചേർന്ന് ഒരു മാസത്തിനിടെ രണ്ടാം തവണയാണു എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടാകുന്നത്. മേയ് 12നായിരുന്നു ആദ്യ ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com