ADVERTISEMENT

കൊളംബിയ∙ അഞ്ച് മക്കളെ കൊന്ന മുൻ ഭർത്താവിനോട് ദയ കാണിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുവതി. സൗത്ത് കാരലൈനയിലെ കോടതിയിലാണ് ജഡ്ജിമാരെ പോലും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ‘എന്റെ കുഞ്ഞുങ്ങളോട് യാതൊരു വിധത്തിലുള്ള ദയദാക്ഷിണ്യവും അയാൾ കാണിച്ചിരുന്നില്ല. പക്ഷേ അവർ അഞ്ചുപേരും അയാളെ സ്നേഹിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഞാനിപ്പോൾ സംസാരിക്കുന്നത്..’- അഞ്ച് മക്കളെയും കൊലപ്പെടുത്തിയ മുൻ ഭർത്താവിന് വധശിക്ഷ നൽകരുതെന്നു ഭാര്യ ആവശ്യപ്പെട്ടപ്പോൾ  സൗത്ത് കരോലിനയിലെ കോടതി മുറിയില്‍ ഉണ്ടായിരുന്നവർ അമ്പരന്നു. 

വാദം തുടരുന്നതിനിടെ ജഡ്ജിമാരുടെ എന്ത് വിധിയും അംഗീകരിക്കാൻ തയാറാണെന്നും യുവതി വ്യക്തമാക്കി. അംബർ കൈസർ എന്ന യുവതിയാണ് തന്റെ അഞ്ച് മക്കളെ ക്രൂരമായ കൊലപ്പെടുത്തിയ മുൻ ഭർത്താവിന് ദയ തേടി രംഗത്തെത്തിയത്. ഓഗസ്റ്റ് 2014 ലാണ് കൊലപാതകക്കുറ്റത്തിന് അംബറിന്റെ മുൻ ഭർത്താവ് തിമോത്തി ജോണ്‍സ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ഇയാൾക്കു വധശിക്ഷയോ പരോളില്ലാതെ ജീവപര്യന്തമോ നൽ‌കണമെന്ന കാര്യത്തിൽ ജഡ്ജിമാർ തീരുമാനമെടുക്കാനിരിക്കെയാണ് യുവതിയുടെ അഭ്യർഥന. ജോൺസിനായി താൻ പ്രാർഥിക്കാറുണ്ടെന്നും വധശിക്ഷയെ വ്യക്തിപരമായി താൻ എതിർക്കുന്നുവെന്നും അംബർ കോടതിയിൽ പറഞ്ഞു.

ഭർത്താവുമായുള്ള അഭിപ്രായ ഭിന്നതകളാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്കു അംബറിനെ നയിച്ചത്. വിവാഹമോചന കേസ് നടത്താൻ പോലും അഭിഭാഷകനെ  വയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാതിരുന്ന യുവതി കുഞ്ഞുങ്ങളെ നല്ല സാമ്പത്തിക നിലയും കംപ്യൂട്ടർ എന്‍ജിനീയറുമായ തിമോത്തി ജോൺസിനു വിട്ടുകൊടുത്തു.  ആഴ്ചയിൽ ഒരിക്കൽ മക്കളെ അയാളുടെ വീട്ടിൽ ചെന്ന് കാണാനും, ദിവസവും വിളിക്കുവാനുമുള്ള അനുമതിയിൽ അവർക്കു തൃപ്തിപ്പെടേണ്ടതായി വന്നു. 

ലഹരിക്കടിമയായ ജോണ്‍സ് ദാമ്പത്യം തകർന്ന വൈരാഗ്യത്തിലും മുൻ ഭാര്യയോടുള്ള ദേഷ്യം തീർക്കുന്നതിനുമായാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. മക്കളെ അംബറിന് ഒരിക്കലും കിട്ടരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. അമ്മയുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സംശയിച്ചാണ് ആറു വയസുകാരനായ മകൻ നഥാനെ താൻ കൊന്നതെന്നായിരുന്നു ജോൺസിന്റെ  കുറ്റസമ്മത മൊഴി.

ഇതിന് പിന്നാലെയാണ് മറ്റ് മക്കളെയും വകവരുത്താൻ തീരുമാനിച്ചത്. 8 വയസുകാരി മെറ, ഏഴുവയസുള്ള ഇലിയസ് എന്നിവരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിക്കാൻ തന്റെ കൈ വലുതായതിനാൽ രണ്ടും ഒന്നും വയസുള്ള ഗബ്രിയേൽ, അബിഗേൽ എന്നീ മക്കളെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും ജോൺസ് തന്നെ കോടതിയിൽ സമ്മതിച്ചു.

വിവാഹമോചനത്തിന് ശേഷം മക്കളെ കാണാൻ പലപ്പോഴും ജോൺസ് അനുവദിച്ചിരുന്നില്ലെന്ന് കൈസർ പറയുന്നു. മക്കളെ അയാൾ‌ക്കൊപ്പം ജീവിക്കാൻ വിട്ടതിൽ ഇപ്പോൾ ഖേദിക്കുന്നു. അവരെ കാണാൻ പോകാതിരുന്നത് കൊണ്ട് എനിക്ക് അവരോട് സ്നേഹമില്ലെന്ന് അവർ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങൾ മരിച്ചതെങ്കിൽ, അതെനിക്ക് മരണതുല്യമാണ്''- കോടതി മുറിയിൽ കൈസർ പൊട്ടിക്കരഞ്ഞു.

‘ജോൺസ് നല്ല അച്ഛനായിരുന്നു എന്നാണ് ഞാൻ കരുതിയത്, സാമ്പത്തികമായി വളരെ ഉയർന്ന നിലയിൽ ആയിരുന്നു അയാൾ. എന്നെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. കുട്ടികളുടെ മുന്നിൽവച്ച് എന്നെ തല്ലുമായിരുന്നു, മുഖത്ത് തുപ്പിയിട്ടുണ്ട്. എന്നെ വെട്ടിമുറിച്ച് കഷണങ്ങളാക്കി പന്നികൾക്കു നൽകുമെന്നു പലപ്പോഴായി ഭീഷണിപ്പെടുത്തുമായിരുന്നു’ - അംബർ കോടതിയിൽ പറഞ്ഞു. 

അംബർ തന്റെ മകൻ നഥാന്  എഴുതിയ കത്ത് കോടതിയിൽ വായിക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. വിവാഹമോചനത്തിനു ശേഷം മക്കൾ അഞ്ചുപേരും അച്ഛനോടൊപ്പം താമസം തുടങ്ങിയ കാലത്ത് ആറുവയസു മാത്രം ഉണ്ടായിരുന്ന നഥാന് കൈസർ എഴുതിയ കത്ത്, വിവാഹമോചനമെന്ന മുതിർന്നവരുടെ ലോകത്തിലെ അതിസാധാരണമായ നടപടിയെ കുഞ്ഞുങ്ങളുടെ ഭാഷയിൽ മനസിലാക്കാനുള്ള അമ്മയുടെ ശ്രമമായിരുന്നു. 

 "മക്കളേ.. നിങ്ങളാണ്, നിങ്ങൾ മാത്രമാണ് ഈ അമ്മയുടെ ലോകം. നിങ്ങളെ മക്കളായി തന്നതിൽ ദൈവത്തോട് അമ്മയ്ക്കു തീർത്താൽ തീരാത്ത കടപ്പാടുണ്ട്..."  - ഇത്രയും വായിച്ച ശേഷം അംബർ കോടതിയിൽ െപാട്ടിക്കരഞ്ഞു. അംബറിന്റെ സങ്കടം കണ്ട് കോടതിമുറിയിലിരുന്ന പലരുടെയും നിയന്ത്രണം വിട്ടെങ്കിലും തിമോത്തി ജോൺസിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. 

നരകതുല്യമായ ബാല്യകാലവും മാതാപിതാക്കളുടെ മാനസിക വൈകല്യവും ജോണിന്റെയും സമനില തെറ്റിച്ചതായി ജോണിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജോണിന്റെ മുത്തശ്ശിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പന്ത്രണ്ടാം വയസ്സില്‍ അവർ ജോണിന്റെ അച്ഛന് ജന്മം നൽകി. ജോണിന്റെ അമ്മയ്ക്ക് സ്‌കിസോഫ്രീനിയ എന്ന മാനസിക രോഗമായിരുന്നു. ജോണിന് മൂന്ന് വയസ്സുള്ളപ്പോൾ അവർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വർഷങ്ങളോളം അവരുടെ ജീവിതം അവിടെയായിരുന്നു. 

സ്വന്തം അച്ഛൻ‌ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്നും ആചാരങ്ങളുടെ പേരിൽ ശുചിമുറിയിൽ ചത്ത കോഴിക്കൊപ്പം പൂട്ടിയിട്ടിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയിൽ നിന്ന് ലഭിച്ച രേഖകളിൽ പറയുന്നതായി സാമൂഹിക പ്രവർത്തകരും അഭിഭാഷകനും കോടതിയെ ബോധിപ്പിച്ചു. മൂന്ന് തലമുറകളിലായി നടന്നു വന്ന പീഡനം, സ്വന്തം കുടുംബാംഗങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമം, മർദനം, വേശ്യാവൃത്തി, മയക്കുമരുന്ന്, മക്കളോടുള്ള ക്രൂരത എന്നിവ ജോണിന്റെ മാനസികനിലയെ ബാധിച്ചതായും അഭിഭാഷകൻ പറയുന്നു. 

തിമോത്തിയുടെ വക്കീൽ അയാൾ തന്നെയാണ് ആ അഞ്ചു കൊലകളും ചെയ്തത് എന്ന് കോടതിയിൽ തുറന്നു സമ്മതിക്കുകയും ചെയ്തു. എന്നാൽ, അയാളിൽ താൽക്കാലികമായി പ്രവേശിച്ച ഒരു ഭ്രാന്തമായ മാനസികാവസ്ഥയാണ് അതയാളെക്കൊണ്ട് ചെയ്യിച്ചത്, അല്ലാതെ അയാൾ മനഃപൂർവം കരുതിക്കൂട്ടി അങ്ങനെ പ്രവർത്തിച്ചതല്ല എന്നാണ് അഭിഭാഷകന്റെ വാദം. തിമോത്തിയുടെ വീട്ടിലുള്ള ഒരു ഇലക്ട്രിക്കൽ സോക്കറ്റ് മകൻ നഥാൻ പരീക്ഷണം നടത്തുന്നതിനിടെ പൊട്ടിപ്പോയി. അതിന്റെ ദേഷ്യത്തിനാണ് തിമോത്തി അവനെ കൊന്നു കളഞ്ഞത്. 

കുഞ്ഞുങ്ങളെ  ഒന്നൊന്നായി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തിമോത്തി പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് മൃതശരീരങ്ങൾ പൊതിഞ്ഞ്  തന്റെ എസ്‌യുവിയിൽ  കൊണ്ടു വച്ചു. അമേരിക്കയുടെ തെക്കുകിഴക്കൻ പ്രവിശ്യകളിലൂടെ തുടർച്ചയായി ഒമ്പതു ദിവസങ്ങളോളം അലക്ഷ്യമായി വാഹനം ഓടിച്ചു െകാണ്ടിരുന്ന ഇയാൾ അലബാമയിലെ കാംഡെൻ എന്ന സ്ഥലത്തെ ഒരു മലമുകളിൽ കുഞ്ഞുങ്ങളുടെ നാറിത്തുടങ്ങിയ മൃതശരീരങ്ങൾ ഉപേക്ഷിച്ചു. തിരിച്ചുള്ള യാത്രയിൽ സംശയം തോന്നിയ ഒരു ട്രാഫിക് പൊലീസുകാരൻ തടഞ്ഞു നിർത്തി ചോദ്യം ചെയ്‌തതോടെയാണ് അരുംകൊല ലോകമറിഞ്ഞത്. 

English Summary: Woman asks mercy for ex-husband who killed their five children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com