ADVERTISEMENT

സിപിഎമ്മുമായി അകലാനുള്ള കാരണങ്ങളിൽ പാർട്ടി അംഗത്വം പുതുക്കുന്ന ഫോമിലെ മതം ഏതെന്ന് ചോദിക്കുന്ന കോളവും കാരണമായി എന്ന സി.ഒ.ടി. നസീറിനറെ വെളിപ്പെടുത്തലോടെ നവോത്ഥാനം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയിലെ അംഗത്വഫോമിലെ ന്യൂനപക്ഷമാണോ അതിൽ മുസ്‌ലിം/ക്രിസ്ത്യൻ/മറ്റുള്ളവർ എന്നു രേഖപ്പെടുത്തേണ്ട കോളവും ചർച്ചയാകുന്നു.

സിപിഎമ്മിനകത്തു വിമത സ്വരമുയർത്തി പാർട്ടിയുമായി അകന്നു കഴിയുകയായിരുന്ന തലശ്ശേരിയിലെ സി.ഒ.ടി. നസീറിന് മേയ് 18 നാണ് വെട്ടേറ്റത്. വടകരയിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ച നസീർ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലാണ് പാർട്ടിയുമായി അകലാനുള്ള കാരണത്തിൽ പാർട്ടി അംഗത്വം ഫോമിലെ മതം ഏതെന്നു ചോദിക്കുന്ന കോളവും കാരണമായതായി പറഞ്ഞത്. പാർട്ടിയുമായി അകലാനുള്ള കാരണം എന്ന ചോദ്യത്തിന് നസീറിന്റെ മറുപടി ഇങ്ങനെ.

‘‘പാർട്ടി അംഗത്വം പുതുക്കാതിരുന്നതിനു വ്യക്‌തമായ കാരണമുണ്ട്. മതം ഏതെന്നു ചോദിക്കുന്ന ഒരു കോളമുണ്ട് അംഗത്വ ഫോമിൽ. പുതുക്കുന്ന സമയത്ത് ഞാൻ ആ കോളം പൂരിപ്പിക്കാതെയാണു നൽകിയത്. മുസ്‌ലിമായോ ന്യൂനപക്ഷമായോ അല്ല പാർട്ടിയിൽ വന്നത്. മനുഷ്യനായിട്ടാണ്. മതജാതി വേർതിരിവ് പാർട്ടിയിലുമുണ്ടെന്നു ബോധ്യപ്പെട്ടു. ഞാൻ പൂരിപ്പിക്കാതെ വിട്ട കോളം ലോക്കൽ സെക്രട്ടറി പൂരിപ്പിച്ചു. മതമില്ല മാനവികരാണെന്നു പുറത്തു മാത്രം പറഞ്ഞതുകൊണ്ടു കാര്യമില്ലല്ലോ. ’’

എതിരഭിപ്രായങ്ങൾ അക്രമത്തിലൂടെ പരിഹരിക്കാമെന്ന ചിന്ത സിപിഎമ്മിലെ ചിലരിൽ വളരുന്നതാണ് ആക്രമിക്കപ്പെടാനുണ്ടായ കാരണത്തിൽ പ്രധാനമായി സി.ഒ.ടി.നസീർ ചൂണ്ടിക്കാട്ടിയത്. ചില നേതാക്കൾക്ക് അവരുടേതായ സംഘമുണ്ടെന്നും നേതാക്കൾ എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുന്ന ക്വട്ടേഷൻ സംഘമാണതെന്നും നസീർ പറഞ്ഞു.

അതേക്കുറിച്ച് നസീറിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ:

? അത്തരം സംഘങ്ങളിൽ പെട്ടവർ പാർട്ടിക്കാർ തന്നെയാണോ

∙അവർക്കു പാർട്ടി കൂറുണ്ടെന്നു പറയാനാവില്ല. അക്രമ പ്രവർത്തനമാണു രാഷ്‌ട്രീയ പ്രവർത്തനമെന്നു ധരിച്ച ചിലരുണ്ട്. അതല്ലല്ലോ, സേവന പ്രവർത്തനമല്ലേ രാഷ്‌ട്രീയം. ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള നേതാക്കൾക്കെതിരെ ആർക്കും തെറ്റുകൾ പോലും ചൂണ്ടിക്കാണിക്കാൻ കഴിയില്ല. തെറ്റുകൾ പാർട്ടി യോഗങ്ങളിൽ പറഞ്ഞാലും ഇത്തരക്കാർക്ക് അസ്വസ്ഥതയാണ്. പാർട്ടിക്കകത്ത് പറഞ്ഞിട്ടും ഫലമില്ലാതെ വരുമ്പോഴാണു പലതും പരസ്യമായി പറയേണ്ടി വരുന്നത്. വിമർശിക്കുന്നവർ ശത്രുവാണെന്ന ധാരണ ഇപ്പോൾ രാഷ്‌ട്രീയത്തിലുണ്ട്. വിമർശനം ഉണ്ടാകാനുള്ള സാഹചര്യമെന്താണെന്നു മനസ്സിലാക്കുന്നില്ല.

? സിപിഎമ്മിന് നസീറിനോടു ശത്രുതയുള്ളതായി തോന്നിയിട്ടുണ്ടോ

∙കമ്യൂണിസ്‌റ്റ് പാർട്ടിയിൽ നിന്നു വ്യതിചലിച്ച് ഒരു കാര്യവും ഞാൻ ചെയ്‌തിട്ടില്ല. പാർട്ടിക്ക് ശത്രുതയുണ്ടാവേണ്ട കാര്യമില്ല. വിയോജിപ്പു പ്രകടിപ്പിക്കാൻ പാർട്ടിയിൽ സ്വാതന്ത്ര്യമുണ്ട്. വിയോജിപ്പു പറഞ്ഞാൽ ചില ആളുകൾക്ക് അസഹിഷ്‌ണുതയുണ്ടാകുന്നുണ്ട്. അവർ ചെയ്യുന്നതു മാത്രമാണു ശരിയെന്നു വിശ്വസിക്കുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുവായി കാണുന്നു. കുറേക്കാലമായി ഉണ്ടായിട്ടുള്ള അവസ്‌ഥയാണിത്. കതിരൂർ, വേറ്റുമ്മൽ, കുണ്ടുചിറ, തുടങ്ങിയ സ്‌ഥലങ്ങളിൽ പണിക്കു പോകാത്ത കുറേ ചെറുപ്പക്കാരുണ്ട്. തല്ലലും വെട്ടലുമാണു രാഷ്‌ട്രീയമെന്ന തെറ്റായ സന്ദേശം അവർക്കു ചിലർ കൊടുത്തിട്ടുണ്ട്. ഞാൻ ഒരു വണ്ടിയിൽ പോകുമ്പോൾ ഒരാളെക്കൂടി അതിൽ കയറ്റിയെന്നു വയ്‌ക്കുക. ഞാൻ വണ്ടിയിൽ കയറ്റിയ ആൾ കോൺഗ്രസുകാരനാണെങ്കിൽ എന്നെയും കോൺഗ്രസാക്കും. ആർഎസ്‌എസുകാരനാണെങ്കിൽ എന്നെ അതാക്കും. മറ്റൊരു പാർട്ടിക്കാരനെ വണ്ടിയിൽ കയറ്റിക്കൊണ്ടു പോകുന്നതു പോലും പാർട്ടിയോടുള്ള ശത്രുതയായി വിലയിരുത്തുന്നു.

? ഇത്തരക്കാർക്ക് പാർട്ടിയിലുള്ള സ്‌ഥാനം എന്താണ്

∙അക്രമക്കേസിൽ പ്രതികളായി ജയിൽ മോചിതരായി വരുന്ന ആളുകളെ വാഹനങ്ങളിൽ പോയി സ്വീകരിക്കുക, ആഹ്ളാദ നൃത്തം ചെയ്യുക... അവരെ കൊണ്ടു വരുന്നതു തന്നെ ഒരു ഹീറോ പരിവേഷത്തിലാണ്. എന്നെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായവരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ സ്വീകരിക്കുന്ന പോലെയാണു സ്വീകരിച്ചത്. അക്രമരാഷ്‌ട്രീയത്തിൽ പങ്കെടുക്കുന്നതും ജയിലിൽ കിടക്കുന്നതുമാണു രാഷ്‌ട്രീയമെന്നാണ് അവർ ധരിച്ചിരിക്കുന്നത്. സമൂഹം അവരെ അംഗീകരിക്കുന്നുണ്ടെന്ന് അവർ തെറ്റിദ്ധരിക്കുന്നു. അതാണു സംഭവിക്കുന്നത്. അവരുടെ സൈബർ ഗ്രൂപ്പ് നോക്കിയാൽ തന്നെ അതുമനസ്സിലാകും. ഇത്തരം ആളുകൾ പറയും പാർട്ടിക്കു വേണ്ടി ഒരുപാടു ത്യാഗം ചെയ്‌തിട്ടുണ്ടെന്ന്. മറ്റുള്ളവരെ ആക്രമിക്കുന്നതും അതിന്റെ പേരിൽ ജയിലിൽ കഴിയുന്നതുമാണു രാഷ്‌ട്രീയമെന്നാണ് അവർ ധരിച്ചത്. സമൂഹം ഇതെല്ലാം അംഗീകരിക്കുന്നു എന്ന തെറ്റിദ്ധാരണയാണ് അവർക്ക്. അവരുടെ മാനസിക നില അങ്ങനെയാണ്. പാർട്ടിയെ സ്‌നേഹിക്കുന്നവർക്കു കണ്ണടച്ച് ഇതിനെ അനുകൂലിക്കേണ്ടി വരുന്നു. ഇത്തരക്കാരാണ് പാർട്ടിയിൽ കയറിക്കയറി പോകുന്നത്. അല്ലാത്തവർ തഴയപ്പെടുകയും ചെയ്യുന്നു.

?അക്രമ രാഷ്‌ട്രീയം വെടിയണമെന്ന് നേതൃത്വം പറയുമ്പോഴും അക്രമം തുടർന്നുകൊണ്ടിരിക്കുന്നു. തലശ്ശേരിയിൽ സംഭവിക്കുന്ന കാര്യങ്ങളെ എങ്ങനെയാണു വിലയിരുത്തുന്നത്

∙ഒരുപാർട്ടി നശിക്കണമെങ്കിൽ ആ പാർട്ടിയിലുള്ളവർ വിചാരിക്കണം. എതിർ പാർട്ടികൾ വിചാരിച്ചാൽ ഒരു പാർട്ടിയും നശിക്കില്ല. പാർട്ടി മാറി ചിന്തിക്കുന്നില്ലെങ്കിൽ അതിന്റെ ദൂഷ്യഫലങ്ങൾ പാർട്ടിക്ക് ഉണ്ടാകും. ജനങ്ങൾ അക്രമ രാഷ്‌ട്രീയത്തിന് എതിരാണ്. അക്രമം തുടരുന്ന പാർട്ടികളുടെ നിലനിൽപ് പ്രശ്‌നത്തിലാകും. കണ്ണൂരിലെ അക്രമ രാഷ്‌ട്രീയത്തിന് ഇനി അധികം ആയുസ്സില്ല. സിപിഎം മാത്രമല്ല എല്ലാ പാർട്ടികളും ഇതു മനസ്സിലാക്കണം. ഒരിടത്ത് അക്രമം നടക്കുമ്പോൾ അക്രമം നടക്കാതിരിക്കാനുള്ള കാര്യങ്ങളാണു നേതൃത്വം ചെയ്യേണ്ടത്. ഇവിടെ നടക്കുന്നതു മറ്റൊന്നാണ്. അക്രമം നടന്ന സ്‌ഥലത്തു പോയി നേതാക്കൾ പ്രകോപനപരമായി പ്രസംഗിക്കും. അതു കേൾക്കുന്ന എല്ലാവരുടെയും വികാരം ഒന്നുപോലെയല്ല. ചിലർ പെട്ടെന്നു പ്രകോപിതരായി തിരിച്ചടിക്കാൻ പോകും. ഒന്നിനു രണ്ട് രണ്ടിനു നാല് എന്നൊക്കെ പ്രസംഗിക്കും. അക്രമം ഉണ്ടാക്കാൻ എളുപ്പമാണ്. ഇല്ലാതാക്കാനാണു പ്രയാസം. അതു പുതുതലമുറയിലെ നേതാക്കളെങ്കിലും മനസ്സിലാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com