sections
MORE

കപ്പല്‍ ആക്രമിച്ചത് 2 ‘പറക്കും വസ്തുക്കൾ’; പൊട്ടാത്ത മൈൻ ‘കടത്തി’ ഇറാൻ സൈന്യം

Iran-navy-on-japan-ship-gulf-of-oman
കൊക്കുക കറേജിയസിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്ന ഇറാൻ നാവികസേന ബോട്ട്.
SHARE

ദുബായ്/ടോക്കിയോ∙ ഒമാൻ ഉൾക്കടലിൽ ജൂൺ 13നു രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയത് ഇറാനാണെന്നു വ്യക്തമാക്കുന്ന തെളിവുകൾ പുറത്തു വിട്ട് യുഎസ്. ഇറാൻ ദേശീയ സേനയായ റെവല്യൂഷനറി ഗാർഡിന്റെ അംഗങ്ങൾ പട്രോളിങ് ബോട്ടിലെത്തി കപ്പലിൽ നിന്ന് പൊട്ടാത്ത മൈൻ എടുത്തുമാറ്റുന്ന ദൃശ്യങ്ങളാണ് യുഎസ് മിലിട്ടറി പുറത്തുവിട്ടത്. ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോയിൽ എന്നാൽ ദൃശ്യങ്ങൾ വ്യക്തയുള്ളതല്ല. അതേസമയം യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഫോട്ടോകളിൽ വ്യക്തമായ ദൃശ്യങ്ങളുണ്ട്. പൊട്ടാതെ കപ്പലിനോടു ചേർന്നിരിക്കുന്ന ബോംബുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലിംപെറ്റ് ബോംബുകളാണിവയെന്നാണു സൂചന.

കടലിനടിത്തട്ടിൽ കിടന്ന് കാന്തികശക്തിയാൽ കപ്പലിലേക്ക് ആകർഷിക്കപ്പെടുന്ന തരം മാഗ്നറ്റിക് ബോംബാണിത്. പാറകളിലും മറ്റും അതിശക്തമായി പറ്റിപ്പിടിച്ച് വളരുന്ന ലിംപെറ്റ് എന്ന ഒച്ചിന്റെ പേരാണ് ബോംബിനും നൽകിയിരിക്കുന്നത്. ആക്രമണത്തിനിരയായ കൊക്കുക കറേജ്യസ് എന്ന ജാപ്പനീസ് കപ്പലിൽ മൈൻ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ദൃശ്യങ്ങൾ. എന്നാൽ കൊക്കുകയെ ആക്രമിച്ച് ഇറാനാണെന്നു കരുതുന്നില്ലെന്ന് കപ്പലുടമകളായ കൊക്കുക സാംഗ്യോ കമ്പനി പ്രസിഡന്റ് യുട്ടാക്ക കട്ടാഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടോർപിഡോ ആക്രമണവുമല്ല കപ്പലിനു നേരെയുണ്ടായത്.

കപ്പലിനു നേരെ ‘പറന്നുവന്ന’ രണ്ടു വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ആദ്യം ഒരു വസ്തു പറന്നുവന്നു. അതാണ് കപ്പലിൽ ദ്വാരമുണ്ടാക്കിയത്. തൊട്ടുപിന്നാലെ രണ്ടാമത്തെ വസ്തുവും പറന്നെത്തി പൊട്ടിത്തെറിച്ചതായാണു കപ്പൽ ജീവനക്കാർ പറഞ്ഞതെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ കപ്പലിലുണ്ടായിരുന്ന 25,000 ടൺ മെഥനോളിനു കുഴപ്പമൊന്നുമുണ്ടായില്ല. നിലവിൽ യുഎഇ തുറമുഖമായ ഖോർ ഫക്കാനിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ് കൊക്കുക. ആക്രമണത്തെത്തുടർന്ന് കപ്പൽ ഉപേക്ഷിച്ചു പോയ ജീവനക്കാരെല്ലാം തിരികെയെത്തി. യുഎസ് നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലിന്റെ യാത്ര. 

Japan Ship Attack Mines
കൊക്കുക കറേജിയസ് കപ്പലിൽ ആക്രമണമുണ്ടായ ഭാഗങ്ങൾ. യുഎസ് പുറത്തുവിട്ട ചിത്രം.

രാത്രിയിൽ ഇറാന്‍ കപ്പൽ

വ്യാഴാഴ്ച രാത്രി കപ്പലിൽ നിന്നു കാണാവുന്ന ദൂരത്തിൽ ഇറാന്റെ സൈനികകപ്പല്‍ കണ്ടതായി കൊക്കുക ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ ആക്രമണം നടത്തിയത് ഇറാനാണെന്നു പറയാനാകില്ല. പാനമയിലാണ് കപ്പൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽത്തന്നെ കപ്പലിൽ പാനമ പതാകയാണുണ്ടായിരുന്നത്. സൂക്ഷ്മപരിശോധനയിൽ മാത്രമേ കപ്പല്‍ ജപ്പാന്റെ ഉടമസ്ഥതയിലുള്ളതാണെന്നു മനസ്സിലാവുകയുള്ളൂവെന്നും യുട്ടാക്ക പറഞ്ഞു.

സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത് എന്നീ മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനു സമീപമായിരുന്നു വ്യാഴാഴ്ചത്തെ ആക്രമണം, ആഗോള ഇന്ധന കൈമാറ്റത്തിന്റെ അഞ്ചിലൊന്നും ഇതുവഴിയാണു നടക്കുന്നത്. ജപ്പാനെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ് ഈ കപ്പല്‍പ്പാത. ഇതിലൂടെയല്ലാതെ പെട്രോളും മറ്റ് അനുബന്ധ ഉൽപന്നങ്ങളും ജപ്പാനിലേക്കു കൊണ്ടുപോകാനാകില്ല.

IRAN-ECONOMY-CHABAHAR
ഇറാനിലെ ചബഹാർ തുറമുഖത്തെത്തിയ കപ്പലുകളിലൊന്ന്.

മറ്റൊരു നിർണായക സംഭവമുണ്ടാകുന്നതു വരെ ഹോർമുസിലൂടെ സൗദിയിലേക്കുള്ള എണ്ണടാങ്കറുകളുടെ യാത്ര തുടരുമെന്നും ജാപ്പനീസ് വ്യാവസായിക മന്ത്രി ഹിരോഷിഗെ സെക്കോ പറഞ്ഞു. ഊർജ–പരിസ്ഥിതി മന്ത്രിമാരുടെ ഈയാഴ്ച നടക്കാനിരിക്കുന്ന ജി20 യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ഹിരോഷിഗെ അറിയിച്ചു. എന്നാൽ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന യുഎസിന്റെ വാദത്തെപ്പറ്റി അദ്ദേഹം പ്രതികരിച്ചില്ല. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇറാൻ സന്ദർശനത്തിനിടെയായിരുന്നു കപ്പലുകൾക്കു നേരെയുള്ള ആക്രമണം.

‘തെളിവുനശിപ്പിക്കല്‍’ വിഡിയോ

തങ്ങളല്ല ആക്രമണത്തിനു പിന്നിലെന്നു കാണിക്കാൻ തെളിവുനശീകരണത്തിന്റെ ഭാഗമായാണ് ഇറാൻ സൈന്യം കപ്പലിൽ നിന്ന് സ്ഫോടകവസ്തുക്കൾ നീക്കിയതെന്ന് വിഡിയോ പുറത്തുവിട്ട് യുഎസ് ആരോപിച്ചു. കപ്പലിനു സമീപം നിർത്തിയിട്ട ബോട്ട് വഴി മൈൻ തിരികെ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ‘മധ്യപൗരസ്ത്യ ദേശത്ത് പുതിയ സംഘർഷത്തിന് യുഎസിനു താൽപര്യമില്ല. എന്നാൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കാനും വേണ്ടതെല്ലാം ചെയ്യും’– സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ആരോപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി യുഎസ് ആവശ്യപ്രകാരം കപ്പലാക്രമണത്തിന്മേൽ ചർച്ച നടത്തിയെങ്കിലും തീരുമാനങ്ങളുണ്ടായില്ല. 

iran-navy-ship-mine-video-new
കൊക്കുക കറേജ്യസ് കപ്പലിൽ നിന്ന് മൈൻ നീക്കുന്ന ഇറാൻ സൈന്യം. യുഎസ് വിഡിയോയിൽ നിന്ന്.

നേരത്തെയും ഇറാൻ സമാനമായ ആക്രമണം നടത്തിയിട്ടുണ്ട്. 1987–88കളിലെ ‘ടാങ്കർ വാർ’ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇറാഖിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായിട്ടായിരുന്നു എണ്ണക്കപ്പലുകൾക്കു നേരെയുള്ള ഇറാൻ ആക്രമണം. അന്ന് യുഎസ് നാവികസേനയുടെ അകമ്പടിയോടെ സഞ്ചരിച്ചിരുന്ന കപ്പലുകളെയാണ് ആക്രമിച്ചത്. കുവൈത്തിൽ നിന്നുള്ള കപ്പലുകളെ യുഎസിനു കീഴിലാക്കി റീ–റജിസ്റ്റർ ചെയ്തായിരുന്നു അന്ന് റൊണാൾഡ് റീഗന്‍ ഭരണകൂടം എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കിയത്. ഒരു ഘട്ടത്തിൽ 30 യുഎസ് യുദ്ധക്കപ്പലുകൾ വരെ എണ്ണടാങ്കറുകൾക്ക് അകമ്പടി പോയിരുന്നു. 

എന്നാൽ നിലവിലേത് യുഎസിന്റെ ‘ഇറാനോഫോബിക് ക്യാംപെയിന്റെ’ ഭാഗമായുള്ള അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്ന് ഇറാൻ തിരിച്ചടിച്ചു. യുഎന്നിനു മുന്നിലും ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇറാൻ പറഞ്ഞു. മേഖലയിൽ സുരക്ഷ ഉറപ്പാക്കാനുള്ള അധികാരം ഇറാനാണ്. അപകടത്തിൽപ്പെട്ടവരെ ഏറ്റവും കുറഞ്ഞ സമയത്തിനകം രക്ഷിക്കാനാണു തങ്ങൾ ശ്രമിച്ചതെന്നും ഇറാൻ റേഡിയോ അറിയിച്ചു. 

എന്തുചെയ്യുമെന്നറിയാതെ ചൈന

ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച ബ്രെൻഡ് ക്രൂഡ് ഓയിലിന്റെ വില 0.6% വർധിച്ച് ബാരലിന് 61.69 ഡോളറായി. വ്യാഴാഴ്ച വില 4.5% വരെയായി ഉയര്‍ന്നിരുന്നു. ഇറാന്റെ ശത്രുനിരയിലുള്ള രാജ്യങ്ങളിലൊന്നായ സൗദി എന്നാൽ എണ്ണനീക്കത്തിൽ നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ എണ്ണ കയറ്റുമതി ഇനിയും തുടരുമെന്നും സൗദി പറഞ്ഞു. മേഖലയിൽ അപകടകരാംവിധം പ്രശ്നങ്ങൾ കൂടുകയാണെന്നായിരുന്നു യുഎഇ പ്രതികരണം. ആശങ്കയുണ്ടാക്കുന്നതാണ് ഇത്തരം സംഭവവികാസങ്ങൾ. പ്രശ്നപരിഹാരത്തിനു  കൂട്ടായ ശ്രമം വേണമെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ട്വീറ്റ് ചെയ്തു. 

IRAN-OMAN-GULF-OIL-TANKER-US-JAPAN-NORWAY
തങ്ങൾ രക്ഷിച്ചതെന്ന് അവകാശപ്പെട്ട് ഇറാൻ പുറത്തുവിട്ട നാവികരുടെ ചിത്രം. ഔദ്യോഗിക വാർത്താ ഏജൻസി വഴിയാണ് ചിത്രം പുറത്തുവിട്ടത്.

ഒമാന്‍ ഉൾക്കടലുമായി ബന്ധപ്പെട്ട് ഗൾഫിൽ ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു ചൈന വ്യക്തമാക്കി. ബന്ധപ്പെട്ടവർ സംയമനം പാലിക്കുകയും ചർച്ചയ്ക്കു സന്നദ്ധരാവുകയും വേണം. നിലവിലെ സംഘർഷാവസ്ഥയിൽ ചൈനയ്ക്ക് ആശങ്കയുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും പ്രശ്നപരിഹാരത്തിനുമായി ചർച്ചയ്ക്ക് മുൻകയ്യെടുക്കാൻ തയാറാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ, ഇറാനുമായുള്ള ബന്ധം ചൈന ശക്തമാക്കാനിരിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. കിർഗിസ്ഥാനിലെ ഉച്ചകോടിക്കിടെയാണ് ‘ഇറാൻ–ചൈന ബന്ധത്തെ ചൈന കാണുന്നത് നയതന്ത്രപരവും ദീർഘകാലത്തേക്കുള്ളതുമായ കാഴ്ചപ്പാടിലാണെന്ന’ റൂഹാനിയുടെ പ്രസ്താവന. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെയുള്ള യുഎസ് ഉപരോധത്തെ ചൈന വിമർശിച്ചിരുന്നു. സൗദിയിൽ നിന്ന് ചൈനയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ വിഷയത്തിൽ ആശയക്കുഴപ്പത്തിലാണ് ഭരണകൂടം. അതിനാൽത്തന്നെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധമുള്ള നിലപാടുകള്‍ക്കാണ് ചൈന പ്രാധാന്യം നൽകുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA