ADVERTISEMENT

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നു ഹൈക്കോടതി. തടയണ പൊളിച്ചുനീക്കാൻ 15 ദിവസത്തെ സാവകാശം വേണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം അംഗീകരിച്ചാണു കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് അറിയിക്കാൻ കലക്ടറോടു കോടതി ആവശ്യപ്പെട്ടിരുന്നു. ഭൂവുടമ തടയണ പൊളിച്ചുനീക്കാത്ത സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പൊളിക്കണമെന്നാണു കോടതിയുടെ നിർദേശം.

മുൻ ഉത്തരവുകൾ നടപ്പാക്കാതിരുന്നതിനെ തുടർന്ന് നേരത്തേ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടയണ പൊളിക്കാൻ കർശന നിർദേശം നൽകിയിരുന്നു. തടയണയുടെ വശംപൊളിച്ചു വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണു സർക്കാരിനോടു തടയണ പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടത്. തടയണ പൂർണമായും പൊളിച്ചുനീക്കാനാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

വരുന്ന മഴയ്ക്കു മുമ്പു തടയണ പൊളിച്ചു നീക്കണമെന്നായിരുന്നു സർക്കാർ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ നിർദേശം. തടയണയുടെ താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും പ്രകൃതിക്കും തടയണ ഭീഷണിയാണെന്നു പരിശോധന നടത്തിയ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ജലസേചന എക്സിക്യുട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ് തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയാണു പഠനം നടത്തിയത്. ചീങ്കണ്ണിപ്പാലയിൽ അൻവർ കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്കു കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയത്. അൻവർ പിന്നീടു തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

English Summary: Kerala HC orders demolition of illegal check dam built by PV Anwar MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com