ADVERTISEMENT

കൊച്ചി∙ കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ വി.എസ് നവാസിനായി അന്വേഷണം തുടരുന്നു.  ഇന്നലെ രാവിലെ തേവര എടിഎമ്മിലെത്തി നവാസ് പണമെടുക്കുന്നതിന്റെ സി.സി.ടിവി ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. പുലർച്ചെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് തേവര എടിഎമ്മിലെത്തിയത്.

ടീഷര്‍ട്ടും പാന്റ്സുമാണ് വേഷം. എടിഎമ്മില്‍ രണ്ടര മിനിറ്റ് ചെലവിട്ടു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അസി. കമ്മിഷണറുമായുണ്ടായ തര്‍ക്കത്തിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്.

മേലുദ്യോഗസ്ഥനുമായി വയര്‍ലെസ് സെറ്റിലൂടെയുണ്ടായ കലഹത്തിന് ശേഷമാണ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കാണാതായത്.  ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. ഡിസിപി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കമ്മിഷണര്‍ വിജയ് സാഖറെ ചുമതലപ്പെടുത്തി. 

ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സിഐ നവാസിനോട് കയർത്ത അസിസ്റ്റന്റ് കമ്മിഷണറോട് അതേ നാണയത്തിൽ തിരിച്ചടിച്ചതോടെയാണ് സ്ഥിതി വഷളായത്. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പൊലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്നു കരുതിയപ്പോഴാണ്  നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.

പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈ‌ല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്നു ഭാര്യക്ക് സന്ദേശം അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡ‍ില്‍ വച്ച് കണ്ടുമുട്ടിയ പൊലിസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.

സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പൊലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

English Summary: Kochi police launch search operation as circle inspector missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com