sections
MORE

എസിപി അധിക്ഷേപിച്ചു; കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു: സിഐയുടെ ഭാര്യ

Arifa--CI-Nawaz
സിഐയുടെ ഭാര്യ മാധ്യമങ്ങളെ കണ്ടപ്പോൾ (ഇടത്), നവാസ് (വലത്)
SHARE

കൊച്ചി∙ തന്റെ ഭർത്താവിനെ ഉയർന്ന ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്പെക്ടർ നവാസിന്റെ ഭാര്യ ആരിഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതേ ആവശ്യമുന്നയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്. നവാസിന്റെ മേലുദ്യോഗസ്ഥൻ എസിപി പി.എസ്. സുരേഷ് കുമാർ വയർലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് അവർ മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു.

അദ്ദേഹത്തെ കാണാതാകുന്നതിനു തലേ ദിവസം രാത്രി വന്നപ്പോൾ വാഹനത്തിൽ നിന്നു ഫോൺ എടുത്തിരുന്നില്ല. താനാണ് പിന്നീട് ഫോൺ എടുത്തു കൊടുത്തത്. അതു കഴിഞ്ഞ് രാത്രി യൂണിഫോം ധരിച്ച് പോയിട്ട് തിരിച്ചെത്തുന്നത് രാവിലെ നാലു മണിക്കാണ്. വന്നപ്പോൾ വല്ലാതെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. എന്താണെന്നു ചോദിച്ചപ്പോൾ ‘ഒരുപാട് വഴക്കു കേട്ടു, നീ ഇപ്പോൾ ഒന്നും ചോദിക്കരുത്’ എന്നു പറഞ്ഞു. തന്റെ കൂടെ വന്നു കിടക്കുകയും പിന്നെ എഴുന്നേറ്റു പോയി ടിവി വച്ചുകൊണ്ടിരിക്കുന്നതും കണ്ടു. ആ 20 മിനിറ്റിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്.

നേരത്തെ നിരവധി പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. അപ്പോഴെല്ലാം പിടിച്ചു നിന്നു. വ്യക്തിപരമായി അധിക്ഷേപിക്കൽ തുടങ്ങി അനാവശ്യമായി കേസെടുക്കാൻ നിർബന്ധിക്കൽ‍ എന്നിങ്ങനെയെല്ലാം അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത് അറിയാം. എസിയുമായി വയർലസിലൂടെ വിഷയമാണെന്നും പറഞ്ഞിരുന്നു. അപ്പോൾ വിഷമിപ്പിക്കാതിരിക്കാൻ ഉറങ്ങി എഴുന്നേറ്റിട്ട് കാര്യങ്ങൾ ചോദിക്കാമെന്നാണ് വിചാരിച്ചത്. ഭർത്താവിനെ കാണാതായപ്പോൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നു. മറുപടി ഒന്നും ഇല്ലാതിരുന്നപ്പോഴാണ് പരാതി കൊടുത്തത്. സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് മൊഴിയെടുത്തു പോയതല്ലാതെ ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

പിന്നീട് സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വന്ന് അദ്ദേഹം കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിന് തെളിവു ലഭിച്ചതായി അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കാണിച്ചു. അതുമാത്രമാണ് ഏക ആശ്വാസം.. മറ്റൊരു മറുപടിയും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്ന ഡിസിപിയുമായും സംസാരിച്ചിരുന്നു. അവർ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്, കുട്ടികളെ ആശ്വസിപ്പിക്കൂ എന്നാണ് പറഞ്ഞ‍ത്. മക്കൾ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരിക്കുന്ന കുഞ്ഞു കുട്ടികളല്ല. അവരോട് എനിക്ക് സമാധാനം പറയണം.

പൊലീസിന്റെ സഹായമില്ലാതെ വേറെ ഒരു വഴിയും മുന്നിലില്ല. അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടില്ല. അക്കാര്യത്തിൽ തീരുമാനം എടുക്കാൻ സമയം വേണം. ആദ്യം ഭർത്താവിനെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനിടെ സഹപ്രവർത്തകരും ബാച്ച് മേറ്റ്സും എല്ലാവരും വന്ന് ആശ്വസിപ്പിക്കുകയും കണ്ടെത്തുന്നതിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാതായതിന്റെ തലേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ എല്ലാം മൊഴിനൽകാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മൊഴിയെടുക്കണമെന്നും വയർലെസ് സന്ദേശം പരിശോധിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർക്കു നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.

സംഭവിച്ചത്: 24 മണിക്കൂറും ഒപ്പം കൊണ്ടുനടക്കുന്ന വയര്‍ലസ് സെറ്റിലൂടെ മേലുദ്യോഗസ്ഥരുടെ ശകാരവര്‍ഷം ഏല്‍‌ക്കാത്ത പൊലീസുകാര്‍ ഉണ്ടാകില്ല. ചുരുക്കം ചിലര്‍ പ്രതികരിക്കാന്‍ മുതിരുമ്പോള്‍ സ്ഥിതി ആകെ വഷളാകും. അതാണ് ഇക്കഴിഞ്ഞ പുലര്‍ച്ചെ കൊച്ചി സിറ്റി പൊലീസില്‍ ഉണ്ടായത്. സിഐ നവാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സെറ്റിലെത്തി ചൂടായ അസിസ്റ്റന്റ് കമ്മിഷണറോട് സിഐ തിരിച്ചടിച്ചു. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ, എസിയുമായി കൊമ്പുകോര്‍ത്തു. സിറ്റി പൊലീസില്‍ ആ നേരത്ത് ഉണര്‍ന്നിരുന്നവരെല്ലാം ഇതിന് സാക്ഷികളായി. എല്ലാം ശാന്തമായെന്ന് കരുതിയ പ്രഭാതം പുലര്‍ന്നപ്പോഴാണ് നവാസിനെ കാണാനില്ലെന്ന് വീട്ടില്‍ നിന്ന് അറിയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്.

പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈ‌ല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്ന് ഭാര്യക്ക് മെസേജും അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഒന്‍പതോടെ കായംകുളം ബസ് സ്റ്റാന്‍ഡ‍ില്‍ വച്ച് കണ്ടുമുട്ടിയ പൊലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ ഓഫുചെയ്ത നിലയിലാണ്.

സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പൊലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA