ADVERTISEMENT

ന്യൂഡല്‍ഹി∙ ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാരാണ് ബംഗാളിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു ദിവസം ജോലിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഹെല്‍മറ്റും ബാന്‍ഡേജും ധരിച്ചാണു രോഗികളെ പരിശോധിച്ചത്. ഇന്‍പേഷ്യന്റ് വിഭാഗം മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. ഒപി വിഭാഗത്തിലെ പ്രവര്‍ത്തനം മുടങ്ങി.

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ചെവ്വാഴ്ച മുതല്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താറുമാറായി.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം തള്ളിയാണ് ഡോക്ടര്‍മാര്‍ സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കാതെ ജോലിക്കെത്തില്ലെന്നാണ് ഇവരുടെ നിലപാട്. സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിക്കുന്നു. ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരന്‍ മരിച്ചാല്‍ പൊലീസുകാര്‍ ആകെ പണിമുടക്കുകയാണോ ചെയ്യുകയെന്നും മമത ചോദിച്ചു.

രാജ്യത്തെമ്പാടുമുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കാളികളാകണമെന്ന് എയിംസിലെ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്താന്‍ ഐഎംഎ സംസ്ഥാന ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷനും ഇന്ന് മെഡിക്കല്‍ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര റെസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ സമരത്തിലാണ്. ഹൈദരാബാദില്‍ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും ഇന്നു പണിമുടക്കി.

English Summary: Bengal Doctors' Protest Spreads, Health Services Hit In Delhi, Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com