ADVERTISEMENT

ന്യൂഡൽഹി∙  പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ലോക്സഭ കക്ഷി നേതാവി‌നെ തിരഞ്ഞെടുക്കാനാകാതെ കോണ്‍ഗ്രസ്. സമ്മേളനം ആരംഭിക്കും മുൻപ് കക്ഷി നേതാവിനെ കണ്ടെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കക്ഷി നേതാവിനെ തിര‍ഞ്ഞെടുക്കുമെന്നാണ് ഇപ്പോള്‍ നേതൃത്വം പറയുന്നത്. 

അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനമുണ്ടാക്കിയ നേതൃപ്രതിസന്ധി ഒരു വശത്ത്. മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തോല്‍വി ഉണ്ടാക്കിയ വിടവ് മറുവശത്ത്. ലോക്സഭയില്‍ ആരെ നായകനാക്കുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം എംപിമാര്‍ ഉന്നയിച്ചിട്ടുണ്ട്. പക്ഷെ അനുകൂലമോ പ്രതികൂലമോ ആയി രാഹുല്‍ പ്രതികരിച്ചിട്ടില്ല.

നേതാവിനെ തീരുമാനിക്കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷെ രാഹുലിന്‍റെ നിസ്സഹകരണവും കക്ഷി നേതാവാകാന്‍ പാകത്തിലുള്ള നേതാക്കളില്ലാത്തതും സോണിയയെ വലയ്ക്കുന്നു. ഇതോടെ കക്ഷി നേതാവില്ലാതെയായിരിക്കും ആദ്യ ലോക്സഭ സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് പോവുകയെന്ന് ഉറപ്പായി.

മുതിര്‍ന്ന എംപിയെന്ന മാനദണ്ഡമാണ്  പരിഗണിക്കുന്നതെങ്കില്‍ സാധ്യത കൂടുതല്‍ ഏഴാം തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനാണ്. പക്ഷെ സീനിയോരിറ്റി മാത്രം പരിഗണിച്ച് തീരുമാനമെടുക്കില്ലെന്ന് കൊടിക്കുന്നില്‍ തന്നെ പറയുന്നു. മികച്ച പാര്‍ലമെന്‍റേറിയനെന്ന പരിഗണനയില്‍ ശശി തരൂരിന്‍റെ പേരും ഉയരുന്നുണ്ട്. ഹിന്ദി, ഇംഗ്ലിഷ് ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് മനീഷ് തിവാരിക്കും സാധ്യത നല്‍കുന്നു.

English Summary: A day left for Parliament to begin, Congress indecisive on its Lok Sabha leader 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com