sections
MORE

ബൈജു കെ.വാസുദേവന് വിട; കാടിന്റെ മകൻ, അതിരപ്പിള്ളിയുടെ കാവലാൾ, സഹൃദയൻ

baiju-k-vasudevan
ബൈജു കെ.വാസുദേവൻ. ചിത്രം: ഫെയ്‌സ്ബുക്
SHARE

തിരപ്പിള്ളിയിലെ മഴക്കാടുകൾക്കു മുകളിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കിപ്പോൾ സങ്കടമുഖമാണ്. അവരുടെ പ്രിയ പുത്രനും കാവലാളുമായ ബൈജു കെ.വാസുദേവൻ (46) അകാലത്തിൽ വിട പറഞ്ഞിരിക്കുന്നു. തോരാമഴയിലും മരപ്പെയ്ത്തിലും തീരുമോ ആ സങ്കടം? ശനിയാഴ്ച കാലുതെറ്റിയൊന്നു വീണതാണു കാരണം. ആശുപത്രിയിൽ പോയി ചികിൽസ കഴിഞ്ഞു മരുന്നുകളുമായി തിരിച്ചെത്തിയതുമാണ്. ഞായറാഴ്ച രാവിലെ വേദന കൂടിയെന്നു സുഹൃത്തുക്കൾ പറയുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീവിതത്തിന്റെ മധ്യത്തിൽ, അനേകരെ ഒറ്റയ്ക്കാക്കി, പ്രകൃതിയുടെ മറ്റൊരു സംരക്ഷകൻ കൂടി യാത്രയാകുന്നു.

Read more at: ബൈജു, നിങ്ങളാകാൻ ഞങ്ങളെത്ര ദൂരം താണ്ടണം? കാട്ടിൽ നിന്നൊരു സ്നേഹഗാഥ...

കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരെയാകെ സങ്കടപ്പെടുത്തുന്നതാണു ബൈജുവിന്റെ മരണം. പക്ഷിക്കുഞ്ഞുങ്ങള്‍ക്കു രക്ഷിതാവായും ചുറ്റും കാണുന്ന പ്രകൃതിയുടെ സംരക്ഷകനായും ഇനി ബൈജു ഉണ്ടാവില്ലെന്നതു കേട്ടവരൊന്നും ആദ്യം വിശ്വസിച്ചില്ല. പരിചയപ്പെടുന്നവരോടെല്ലാം ജ്യേഷ്ഠന്റെ കരുതലോടെ ഇടപെട്ട ബൈജു, പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.‌ ‘ചേട്ടാ ഒരു പ്രശ്നം ഉണ്ട് സഹായിക്കുമോ?’ എന്നു ചോദിച്ചാൽ, എന്താണു കാര്യമെന്നുപോലും തിരക്കാതെ ‘സഹായിക്കാം പറഞ്ഞോളൂ’ എന്നു മറുപടി പറയുന്ന തോഴനെയാണു നഷ്ടമായത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ അനുശോചന പ്രവാഹമാണ്.

ഏതോ വാഹനമിടിച്ചു പിടഞ്ഞുമരിച്ച കോഴിവേഴാമ്പലിന്റെ ഇണയെയും കുഞ്ഞിനെയും പോറ്റിയാണു ബൈജു അടുത്തകാലത്തു വാർത്തകളിൽ നിറഞ്ഞത്. അമ്മക്കിളിച്ചൂട് നഷ്ടപ്പെട്ട കുഞ്ഞ് വേഴാമ്പലിന് 15 നാൾ ബൈജു പോറ്റച്ഛനായത് ‘മനോരമ ഓൺലൈൻ’ വാർത്തയാക്കിയപ്പോൾ, ആ മനുഷ്യത്വം നാടറിഞ്ഞു. 2018 ഏപ്രിൽ അഞ്ചിനാണു വഴിയരികിൽ കൊക്കിൽ തീറ്റയുമായി ചത്തു കിടക്കുന്ന ആൺവേഴാമ്പലിനെ പ്രദേശവാസിയായ ബൈജു കെ.വാസുദേവൻ കണ്ടത്. വനംവകുപ്പ് അധികൃതരും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിൽ ചീനി മരപ്പൊത്തിൽ വേഴാമ്പൽക്കൂട് കണ്ടെത്തി.

തീറ്റ തേടി ഇറങ്ങിയ ആൺകിളിയുടെ ജീവൻ നഷ്പ്പെട്ടതോടെ കൂട്ടിൽ തീറ്റ എത്തിക്കുന്ന ജോലി വനംവകുപ്പ് ഏറ്റെടുത്തു. 40 അടി ഉയരമുള്ള ചീനി മരത്തിൽ മുള ഏണിവച്ചു കൂട്ടിൽ അമ്മക്കിളിക്കും കുഞ്ഞിനും തീറ്റ നൽകി ജീവൻ നിലനിർത്തി. ചുണ്ട് നീട്ടാൻ മാത്രം പാകത്തിലുള്ള ദ്വാരത്തിലൂടെയാണ് തീറ്റ പകർന്നത്. അത്തിപ്പഴം, ആഞ്ഞിലിപ്പഴം പുൽച്ചാടി അടക്കമുള്ള ചെറുപ്രാണികൾ എന്നിവയാണു നൽകിയത്. ബൈജു പകർന്ന സ്നേഹത്തിന്റെ ഈ പ്രകൃതിപാഠം സോഷ്യൽമീഡിയ ഏറ്റെടുത്തു. ബൈജുവിനെ തേടി അംഗീകാരങ്ങളെത്തി. 2018 ഒക്ടോബറിൽ ചാലക്കുടിയിൽ ആളിപ്പടർന്ന കാട്ടുതീ അണയ്ക്കുന്നതിനു മുൻനിരയിൽ നിന്നതും ബൈജുവായിരുന്നു.

കാടായിരുന്നു കൂട്ട്

എഴുപതുകളിൽ വിപ്ലവക്കല്യാണം കഴിച്ച വാസുദേവന്റെയും നബീസയുടെ മൂത്തമകനാണു ബൈജു. കണ്ണൂരുകാരനായ വാസുദേവൻ ബാംബൂ കോർപറേഷനിലെ ദിവസ വേതന ജോലിക്കാരനായിരുന്നു. നബീസയുമായുള്ള വിവാഹത്തിനുശേഷം അതിരപ്പിള്ളിയിൽ താമസമാക്കി. കാടിനോടു ചേർന്നുള്ള ചെറിയ കുടിലിൽ കാട്ടാരവങ്ങൾക്കു നടുവിലേക്കാണു ബൈജു പിറന്നുവീണത്. പക്ഷികൾ കുഞ്ഞുബൈജുവിന്റെ കളിക്കൂട്ടുകാരായി. മൈനയുടെയും മൂങ്ങയുടെയും ശബ്ദങ്ങൾ അനുകരിച്ച് അവൻ കിളിക്കുട്ടിയായി. അച്ഛനുമമ്മയും പുറത്തുപോകുമ്പോൾ സഹോദരങ്ങളെ നോക്കേണ്ട ചുമതലയും ബൈജുവിനായിരുന്നു.

Read more at: ചാലക്കുടിയിലെ കാട്ടുതീ നമ്മെ വിഴുങ്ങിയില്ല, തേനി ആവർത്തിച്ചുമില്ല; ഇവർക്കു നന്ദി!...

പത്താം വയസ്സിലാണു ബൈജു ആദ്യമായി കാടു കയറുന്നത്. അക്കാലത്ത് അക്ഷരാർത്ഥത്തിൽ നിത്യഹരിതമായിരുന്നു അതിരപ്പിള്ളിക്കാടുകൾ. മനുഷ്യരുടെ ഇടപെടലുകൾ നന്നേ കുറവ്. ആദിവാസികളും കാടിനോടു ചേർന്നു ജീവിക്കുന്നവരും ഒടിഞ്ഞുവീണ മരത്തടികൾ പെറുക്കാനും തേൻ ശേഖരിക്കാനും മാത്രം കാടു കയറിയിരുന്ന കാലം. ആദിവാസികളുടെ കൂടെയാണു ബൈജുവും ആദ്യമായി കാട്ടിലേക്കു കാലെടുത്തുവച്ചത്. കാട്ടുവഴികളിലൂടെ നടക്കേണ്ടതെങ്ങനെ, പ്രകൃതിയുടെ സൂചനകൾ മനസ്സിലാക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അവർ ബൈജുവിനു പറഞ്ഞുകൊടുത്തു.

രാത്രിപ്പക്ഷിയായ നിലക്കൂളന്‍ പകൽ കൂവുന്നതു കേട്ടാൽ ഉറപ്പിക്കാം, കാട്ടാനക്കൂട്ടം ആ ഭാഗത്തേക്കു വരുന്നുണ്ടെന്ന്. ഇതുപോലെ ഒട്ടേറെ മുന്നറിയിപ്പുകളും സൂചനകളും കാട് നിരന്തരം പുറപ്പെടുവിക്കുന്നതായി ബൈജു മനസ്സിലാക്കി. ഓരോ ദിവസവും മൃഗങ്ങളും മരങ്ങളും കാറ്റും കിളികളും അധ്യാപകരായി. കാടിന്റെ രഹസ്യമറിഞ്ഞതോടെ ബൈജുവിന്റെ ചിന്തകളിൽ പക്ഷെ മുളച്ചത് ദുഷ്ടതയുടെ വിത്തുകളാണ് ! വന്യമൃഗങ്ങളെ ഇറച്ചിക്കായി വേട്ടയാടിത്തുടങ്ങി. വ്യാജമദ്യ സംഘത്തിനൊപ്പം ചേർന്നു വാറ്റിനു കൂട്ടുനിന്നു. ചിക്കനെയോ മട്ടനെയോ കൊല്ലുന്നതു പോലെയാണു മാംസത്തിനായി മാനിനെയും കാട്ടുപന്നിയെയും വേട്ടയാടിയത് എന്ന് അക്കാലത്തെ ബൈജു ഓർത്തെടുത്തു.

ഇന്ദുചൂഡൻ നട്ട വിത്ത്

തനിക്ക് ആവശ്യമുള്ളത് എടുത്തശേഷം ബാക്കിയാകുന്ന ഇറച്ചി വിൽക്കും. കാട്ടിറച്ചിക്കു നാട്ടുകാർ തരുന്ന പണം, കാടിനെയും പ്രകൃതിയെയും ഇല്ലാതാക്കുന്നതിനുള്ള കമ്മിഷൻ ആണെന്നു ബൈജു തിരിച്ചറിഞ്ഞതു വൈകിയാണ്. പത്താം ക്ലാസ് ജയിച്ചുനിൽക്കുന്ന സമയം. ഫോറസ്റ്റ് ഗാർഡുമാർക്കു വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ക്യാംപിൽ പങ്കെടുത്തു മടങ്ങുമ്പോഴാണു ബൈജുവിന്റെ ഹൃദയത്തിൽ ആർദ്രതയുടെ ഇലയനക്കമുണ്ടായത്. കാടിനോടുള്ള മനോഭാവത്തിൽ സംശയം മുളപൊട്ടി. തൊണ്ണൂറുകളുടെ അവസാനത്തിൽ, അതിരപ്പിള്ളി ഡിഎഫ്ഒ (ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ) ഇന്ദുചൂഡന്റെ ഒരു ക്ലാസാണു ബൈജുവിൽ പച്ചപ്പ് നട്ടുനനച്ചത്.

കൂടുതൽ സ്വാതന്ത്ര്യത്തോടെയും അധികാരത്തോടെയും വനവേട്ട നടത്തുക എന്ന ഉദ്ദേശ്യത്തിലാണു ഫോറസ്റ്റ് ഗാർഡാവാൻ തീരുമാനിച്ചത്. നിങ്ങളിപ്പോൾ പ്രകൃതിയുടെ വന്യമായ സമ്പത്തിന്റെ മടിത്തട്ടിലാണ്. പക്ഷികളും മൃഗങ്ങളും പ്രാണികളും മനുഷ്യരുടെ സഹോദരങ്ങളാണ്. അവരോടൊപ്പം സഹകരിച്ചു ജീവിക്കുകയാണു വേണ്ടത്. അതിരപ്പിള്ളി അമൂല്യസ്വത്താണ്. ഇന്ദുചൂഡന്റെ വാക്കുകൾ ബൈജുവിന്റെ ഹൃദയത്തെ പൊള്ളിച്ചു. താൻ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തിയുടെ ദോഷമറിഞ്ഞു. വേട്ടയാടിയ കൈകളിലെ പാപക്കറ കഴുകിക്കളയാൻ ബൈജു കൊതിച്ചു. അങ്ങനെ പുതിയ ബൈജു പിറന്നു, കാടിന്റെ മകനായി, അതിരപ്പിള്ളിയുടെ കാവൽക്കാരനായി.

പശ്ചിമഘട്ടത്തെക്കുറിച്ചുള്ള പുസ്തകങ്ങളും സാഹിത്യവും തേടിപ്പിടിച്ചു. ഫൊട്ടോഗ്രാഫിയിലേക്കും ശ്രദ്ധ തിരിച്ചു. തന്റെ കാടനുഭവങ്ങൾ, പ്രകൃതിയുടെ സംരക്ഷണത്തിന് ഉപയോഗിക്കാൻ തീർച്ചപ്പെടുത്തി. ഫോറസ്റ്റ് ഓഫിസർമാർ കാട്ടിലെ പ്രശ്നപരിഹാരങ്ങൾക്കു ബൈജുവിനെ ആശ്രയിച്ചു. പരിസ്ഥിതി പ്രവർത്തകനായും വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫറായും പരിസ്ഥിതി ആക്ടിവിസ്റ്റായും ബൈജു രൂപാന്തരപ്പെട്ടു. കാടിനെക്കുറിച്ചുള്ള തന്റെ അറിവുകൾ ഏവരോടും പങ്കുവച്ചു. കാടനുഭവം തേടിയെത്തുന്നവർക്കു ജീവിതത്തിലെ മറക്കാനാകാത്ത വിസ്മയങ്ങൾ കാട്ടിക്കൊടുത്തു.

പുറമേ പരുക്കൻ, അകമേ സഹൃദയൻ

താടിമീശയും മുടിയും നീട്ടിവളർത്തിയ ഒത്തശരീരമാണ് ബൈജുവിന്. ആദ്യ നോട്ടത്തിൽ ആരും ഒന്നടുക്കാൻ മടിക്കും. വേഷഭൂഷാദികളും വ്യത്യസ്തം. കാടിനെ കൈവെള്ളയിൽ അറിയുന്നതിന്റെ ആത്മവിശ്വാസം മുഖത്തുകാണാം. അടുത്തറിയുമ്പോഴാണ് ആളെ തിരിയുക. തികഞ്ഞ സഹൃദയൻ. മൃഗങ്ങളെ മാത്രമല്ല, മനുഷ്യനെയും അകമഴിഞ്ഞ് സ്നേഹിക്കുന്നവൻ. പ്രകൃതിസ്നേഹികളായ ഒട്ടേറെ യുവാക്കളുടെ ചേട്ടനായും ആശാനായും ബൈജു മാറി. കാടിന്റെ അനേകം കഥകൾ പറഞ്ഞുകൊടുക്കുന്ന ടൂറിസ്റ്റ് ഗൈഡായി.

ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടാൽ കേരളത്തിലെയും പുറത്തെയും നൂറുകണക്കിനു ചെറുപ്പക്കാർ ഓടിയെത്തുന്നത്ര സൗഹൃദവലയത്തിന് ഉടമ. നാട്ടിലും വിദേശത്തും നിരവധി സുഹൃത്തുക്കൾ. അതിരപ്പിള്ളി മാത്രമല്ല, മറ്റനേകം കാടുകളിലും ബൈജു എത്തി. ബൈജുവിന്റെ സഹായത്താൽ നിരവധി പേർ കാടിന്റെ അപൂർവ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി, പ്രശസ്തരായി. ബൈജു അപ്പോഴും കാടിന്റെ ഓമനപുത്രനായി കഴിഞ്ഞുകൂടി. പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ബികെവി ഫൗണ്ടേഷൻ എന്നൊരു കൂട്ടായ്മ തുടങ്ങി. വിദ്യാർഥികൾക്ക് അറിവുകളും അനുഭവങ്ങളും പകർന്നുനൽകി.

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോളജ് ഓഫ് ഫോറസ്ട്രിയിൽ വിസിറ്റിങ് ഫാക്കൽറ്റിയായ ബൈജു, വനം വകുപ്പിന്റെ പരിസ്ഥിതി സാക്ഷരതായജ്ഞത്തിലും സജീവമായിരുന്നു. ഇതിനകം പത്തോളം സിനിമകളിൽ അഭിനയിച്ചു. ടിവി പരിപാടികളിൽ പങ്കെടുത്തു താരമായി. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നിലകൊണ്ട ഈ പരിസ്ഥിതി ആക്ടിവിസ്റ്റ് അവസാനമായി പങ്കെടുത്ത സമരം ശാന്തിവനത്തിലായിരുന്നു. ഭാര്യ: അനീഷ. മക്കൾ: അഭിചന്ദ്രദേവ്, ശങ്കർ ദേവ്, ജാനകീ ദേവി. വീട്ടുകാർക്കായി വലുതായൊന്നും സമ്പാദിക്കാതെയാണു ഇദ്ദേഹം യാത്രയായത്. പക്ഷിത്തൂവലുകളുടെ മണമാണു മരണത്തിനെന്നു മാധവിക്കുട്ടി എഴുതിയതു ബൈജുവും വായിച്ചിരിക്കണം. അനേകം കിളികളുടെ തുണയാണു പാതിവഴിയിൽ തൂവൽകൊഴിഞ്ഞ് ജീവൻ വെടിഞ്ഞത്.

English Summary: Naturalist Baiju K Vasudevan passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA