ADVERTISEMENT

‘ഇറാന്റെ ഏതെങ്കിലും ഒരു സന്ദേശം കൈമാറാൻ പോലും അർഹനായ വ്യക്തിയാണ് ട്രംപെന്ന് എനിക്കു തോന്നുന്നില്ല...’ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടേതായിരുന്നു വാക്കുകൾ. ജാപ്പനീസ് പ്രസിഡന്റ് ആബെ ഷിൻസോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎസുമായുള്ള സന്ധിസംഭാഷണങ്ങൾ ഇറാന്റെ പുരോഗതിക്കേ ഉപകരിക്കൂവെന്ന ആബെയുടെ നിർദേശത്തിനുള്ള മറുപടിയായിരുന്നു അത്. അധികം വൈകാതെ തന്നെ യുഎസ് പ്രസിഡന്റിന്റെ മറുപടി ട്വീറ്റുമെത്തി: ‘ഇറാനുമായൊരു ഉടമ്പടിയെക്കുറിച്ച് ആലോചിക്കാനുള്ള സമയമൊന്നുമായിട്ടില്ല, അവർ അതിനു തയാറല്ല, ഞങ്ങൾ ഒട്ടുമല്ല...’

വാക്കുകൾ കൊണ്ടുള്ള ഏറ്റുമുട്ടലിനപ്പുറം ഇറാനും യുഎസും തമ്മിൽ ഇത്രയേറെ ശത്രുതയ്ക്കു കാരണമെന്താണ്? അക്കാര്യമാണ് ഇപ്പോൾ മധ്യപൂർവ ദേശത്തെയും മറ്റു ലോകരാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നത്. ഒമാൻ ഉൾക്കടലില്‍ ഹോർമുസ് കടലിടുക്കിനോടു ചേർന്ന് ജപ്പാന്റെയും നോര്‍വെയുടെയും രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഇറാനാണ് മൈനുകളും ടോർപിഡോകളും ഉപയോഗിച്ച് കപ്പലുകൾ തകർത്തതെന്ന കാര്യത്തിൽ യുഎസിനു സംശയമില്ല. ഇതിന്റെ പേരിൽ മേഖലയിലെ സുരക്ഷയ്ക്കായി സംഹാരശേഷിയുള്ള യുദ്ധക്കപ്പലായ യുഎസ്എസ് മോഡേണും യുഎസ് അയച്ചു കഴിഞ്ഞു. നേരത്തേ അയച്ച യുദ്ധക്കപ്പലുകൾ കൂടാതെയാണിത്.

iran-navy-ship-mine-video-new
ഒമാൻ ഉൾക്കടലിൽ ആക്രമണത്തിനിരയായ ജാപ്പനീസ് കപ്പലിൽ നിന്ന് ഇറാൻ റെവല്യൂഷനറി ഗാർഡ്സ് പൊട്ടാത്ത മൈൻ നീക്കുന്നുവെന്നാരോപിച്ച് യുഎസ് പുറത്തുവിട്ട വിഡിയോ ചിത്രം.

തങ്ങളായിട്ടു യുദ്ധം തുടങ്ങില്ലെന്നും പക്ഷേ യുഎസിന്റെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായാൽ നോക്കിയിരിക്കില്ലെന്നുമായിരുന്നു ഇതിനുള്ള ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ മറുപടി. മേയ് 12നു നാല് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്ന അതേ മേഖലയിൽ തന്നെയായിരുന്നു കൃത്യം ഒരു മാസത്തിനപ്പുറം പുതിയ ആക്രമണം. ലോകത്തെ മൊത്തം പെട്രോളിയം നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ അതിക്രമങ്ങളുടെ പേരിൽ വീണ്ടുമൊരു ഇറാൻ–യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെടുമോ? ആശങ്കയിലാണു ലോകം.

അത്തരത്തിൽ ആശങ്കപ്പെടാനും കാരണമുണ്ട്. എണ്ണ ടാങ്കറുകളെ ആക്രമിച്ചുള്ള യുദ്ധമുറയിൽ ഇറാനും ഇറാഖും യുഎസും നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ടെന്നതാണത്. 1980കളിലായിരുന്നു ‘ടാങ്കർ വാർ’ എന്നറിയപ്പെടുന്ന ആ യുദ്ധം കൊടുമ്പിരിക്കൊണ്ടത്. അതിന്റെ തുടർച്ചയായുണ്ടായ സംഭവവികാസങ്ങളാണ് യുഎസിനെ ഇറാന്റെ ഒന്നാം നമ്പർ ശത്രുവാക്കി മാറ്റിയതും. അന്നും ഇന്നും യുഎസിനെ ‘കരയിപ്പിച്ചേ അടങ്ങൂ’ എന്ന വാശിയോടെ മുന്നിൽ നിൽക്കുന്നത് ആയത്തുല്ല അലി ഖമനയിയെന്ന ഇറാന്റെ പരമോന്നത നേതാവും.

 38 രാജ്യങ്ങളുടെ ‘പതാകക്കപ്പലുകൾ’

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ദൈർഘ്യമേറിയ യുദ്ധങ്ങളിലൊന്നായിരുന്നു ഇറാനും ഇറാഖും തമ്മില്‍. 10 ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു, പതിനായിരങ്ങൾക്കു പരുക്കേറ്റു. 1980കളിലെ ഈ യുദ്ധത്തിൽ ഇരു രാജ്യങ്ങളും പ്രധാനമായും ലക്ഷ്യമിട്ടത് സാമ്പത്തിക അടിത്തറ പരസ്പരം തകർക്കുകയെന്നതായിരുന്നു. പ്രധാന വരുമാനമാർഗമായ എണ്ണക്കയറ്റുമതി തടയുകയെന്നതായിരുന്നു അതിനുള്ള ഏകവഴി. അതുവഴി രാജ്യത്ത് സാമ്പത്തിക അസ്ഥിരത ഉറപ്പുവരുത്താം, ആയുധങ്ങൾ വാങ്ങുന്നതു തടയാം. ഇരുരാജ്യങ്ങളിലെയും തുറമുഖങ്ങളിൽ നിന്ു പുറപ്പെടുന്ന കപ്പലുകളെ ലക്ഷ്യമിട്ട് മൈനുകൾ കടലിനടിത്തട്ടിൽ കാത്തിരുന്നു, ടോർപിഡോകൾ പാഞ്ഞെത്തി. 

Japan Ship Attack Mines
ജാപ്പനീസ് കപ്പൽ കൊക്കുക കറേജിയസിനു നേരെയുണ്ടായ ആക്രമണം (ഫയൽ ചിത്രം)

ഇറാഖിലേക്ക് എണ്ണ സംഭരണത്തിനു വിവിധ രാജ്യങ്ങളിലെ കപ്പലുകൾ എത്തുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ആദ്യം ഇറാൻ ശ്രമിച്ചത്. അതിനിടെ ഇറാഖിൽ നിന്നുള്ള എണ്ണനീക്കത്തിനു സഹായവുമായി സൗദി രംഗത്തു വന്നു. ഇതും ഇറാനെ പ്രകോപിപ്പിച്ചു. 1980ൽ തുടങ്ങി ആദ്യത്തെ മൂന്നു വർഷം പക്ഷേ ഇറാഖായിരുന്നു പ്രധാന കടൽപ്പോരാളി. 1984 ആയതോടെ ഇറാനും തിരിച്ചടി തുടങ്ങി. ഏതാനും വർഷങ്ങൾക്കപ്പുറം യുദ്ധം അവസാനിക്കുമ്പോൾ ഇറാഖ് ആക്രമിച്ച കപ്പലുകളുടെ എണ്ണം 283 ആയിരുന്നു. ഇറാന്‍ ആക്രമിച്ചതാകട്ടെ 168ഉം. എട്ടു വർഷം നീണ്ട യുദ്ധം അവസാനിക്കുമ്പോഴേക്കും 38 രാജ്യങ്ങളുടെ പതാകകളുള്ള കപ്പലുകൾ പല കാലങ്ങളിലായി ഇറാനും ഇറാഖും ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. 

രാജ്യാന്തരതലത്തിൽ തന്നെ ‘ടാങ്കർ വാർ’ എന്ന പ്രയോഗം ചർച്ചയാകും വിധം യുദ്ധം ശക്തമാകുന്നത് 1984ലാണ്. അന്നാണ് വടക്കൻ പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപിലുള്ള ഇറാന്റെ ഓയിൽ ടെർമിനലുകളും എണ്ണക്കപ്പലുകളും ഇറാഖ് ആക്രമിക്കുന്നത്. അതോടെ ഇറാനും തുറന്ന യുദ്ധം പ്രഖ്യാപിച്ചു. കുവൈത്തിൽ നിന്നുള്ള കപ്പലുകളെയാണ് ഇറാൻ ആദ്യം ലക്ഷ്യമിട്ടത്. വൈകാതെ തന്നെ മറ്റു രാജ്യങ്ങളുടെ കപ്പലുകൾക്കു നേരെയും ഇറാന്റെ ടോർപിഡോകളെത്തി. 1987ൽ രാജ്യാന്തര തലത്തിലെ എണ്ണ വിതരണം തടസ്സപ്പെടുത്തും വിധം ടാങ്കർ വാർ രൂക്ഷമായതോടെ യുഎസ് ഭരണകൂടം വിഷയത്തിൽ ഇടപെട്ടു. 

Oman-oil-tanker--gulf
ഒമാൻ ഉൾക്കടലിൽ കപ്പലിനു നേരെയുണ്ടായ ആക്രമണം (ഫയൽ ചിത്രം)

അന്നു യുഎസ് പ്രസിഡന്റായിരുന്ന റോണൾഡ് റീഗൻ കുവൈത്തിനു പിന്തുണയറിയിച്ചു. കുവൈത്ത് ഉടമസ്ഥതയിലുള്ള കപ്പലുകൾ യുഎസിനു കീഴെ റീ–റജിസ്റ്റർ ചെയ്യുകയായിരുന്നു ആദ്യപടി. അതോടെ കപ്പലുകൾക്ക് ഔദ്യോഗികമായിത്തന്നെ സൈനികസുരക്ഷ നൽകാൻ യുഎസിനു സാധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന യുഎസിന്റെ ഏറ്റവും വമ്പൻ നാവികസേന ഓപറേഷനും ഇതോടനുബന്ധിച്ചായിരുന്നു. യുഎസ് നാവികസേന, വ്യോമസേന, കരസേനയിലെ സ്പെഷൽ ഓപറേഷൻസ് ഫോഴ്സ് എന്നിവയെല്ലാം ചേർന്ന ‘ഓപറേഷൻ ഏണസ്റ്റിൽ’ മധ്യപൂർവദേശം വിറകൊണ്ടു. ഒരു ഘട്ടത്തിൽ 30 കപ്പലുകൾ വരെയാണ് ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കൊണ്ടുപോകാൻ കുവൈത്തിനെ അനുഗമിച്ചത്. 

കടലിലെ ആ കാഴ്ച!

ഏതുനിമിഷവും യുദ്ധം ശക്തമാകാനുള്ള തരം പ്രകോപനമായിരുന്നു യുഎസിന്റെ ഭാഗത്തു നിന്ന്. അങ്ങനെ പേടിച്ചതു സംഭവിക്കുകയും ചെയ്തു. 1987 സെപ്റ്റംബറിൽ റോന്തുചുറ്റുകയായിരുന്ന യുഎസ് ഹെലികോപ്റ്ററുകളിലൊന്ന് അസാധാരണമായ ഒരു കാഴ്ച കണ്ടു. ഇറാന്റെ ബോട്ടുകളിലൊന്ന് പേര്‍ഷ്യൻ ഗൾഫ് കടലിൽ മൈൻ വിതറുന്നു. മൈൻ സ്ഥാപിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ നാവികസേന ബോട്ടുകളിലൊന്നായിരുന്നു അത്. ഇറാനു നിർമിച്ചു നൽകിയതാകട്ടെ ജപ്പാനും. ബോട്ടിനു നേരെ യുഎസ് ഹെലികോപ്റ്റർ തീതുപ്പി. വെടിവയ്പ് കഴിഞ്ഞതോടെ ബോട്ടിലുണ്ടായിരുന്ന നാലു പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ യുഎസ് നാവികസേന പിടികൂടി. ബോട്ടിനെ മുക്കിക്കളയുകയും ചെയ്തു.

ഇറാൻ–യുഎസ് ബന്ധം സംബന്ധിച്ചു വളരെ നിർണായകമായ ഒരു സമയം കൂടിയായിരുന്നു അത്. തൊട്ടു മുൻ വർഷമാണ് യുഎസിന്റെ രണ്ടു മുതിർന്ന നേതാക്കൾ രഹസ്യമായി ഇറാനിലെത്തി ഭരണകൂടവുമായി ചർച്ച നടത്തിയത്. 1981 മുതൽ 1989 വരെ ഇറാൻ പ്രസിഡന്റായിരുന്നു ഖമനയി. 1986ലെ രഹസ്യ ചർച്ച പൊളിഞ്ഞെങ്കിലും 1987ൽ ഖമനയിയുടെ യുഎസ് സന്ദര്‍ശനത്തിന് അതു കാരണമായി. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കാനായിരുന്നു വരവ്. യുഎസ് മാത്രമല്ല മറ്റു രാജ്യങ്ങളുമായും തുറന്ന ചർച്ചയ്ക്കുള്ള അവസരമായിരുന്നു ഇറാന് യുഎന്നിലേക്കുള്ള ക്ഷണം. 

കൊക്കുക കറേജ്യസ് കപ്പലിലെ തീയണയ്ക്കാൻ ശ്രമിക്കുന്ന ഇറാൻ നാവികസേന ബോട്ട്.
കൊക്കുക കറേജിയസ് കപ്പലിലെ തീ കെടുത്താനുള്ള ശ്രമം.

എന്നാൽ ഖമനയിയുടെ പ്രതീക്ഷകളെല്ലാം പേർഷ്യൻ ഗൾഫിലെ മൈൻ ബോട്ടിനു നേരെയുള്ള യുഎസ് വെടിവയ്പൊടെ പൊലിഞ്ഞു. സംഭവത്തെപ്പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോടു പക്ഷേ ഖമനയി പറഞ്ഞതിങ്ങനെ– ‘മൈൻ വിതറുന്നതല്ല, അതൊരു പാവപ്പെട്ട ചരക്കു കപ്പലായിരുന്നു’. യുഎസിനെതിരെ കനത്ത വാക്ശരങ്ങളും പ്രയോഗിച്ചു ഇറാൻ പ്രസിഡന്റ്. ‘ഇനി പേർഷ്യൻ ഗൾഫിലൊതുങ്ങുന്നതായിരിക്കില്ല ഇറാന്റെ പോരാട്ടം. ഇന്നു നാലു മക്കളുടെ മൃതദേഹം ഞങ്ങൾ ഏറ്റുവാങ്ങുകയാണ്. നാളെ നിങ്ങളുടെ (യുഎസിന്റെ) മക്കളുടെ മൃതദേഹങ്ങളായിരിക്കും നിങ്ങൾ ഏറ്റുവാങ്ങുക. ഒടുവിൽ യുഎസ് ജനത ചോദിക്കും, എന്തുകൊണ്ട് ഇറാൻ ഇതൊന്നും നിർത്തുന്നില്ല...!’

അത്രയും നാൾ യുഎസിനു നേരെയുണ്ടായ ഖമനയിയുടെ കാഴ്ചപ്പാടും അതോടെ മാറി. യുഎന്നിലെ തന്റെ പ്രസംഗത്തെയും തന്നെ വ്യക്തിപരമായും തകർക്കാൻ യുഎസ് കെട്ടിച്ചമച്ച നാടകമായിരുന്നു ഇറാനിയൻ കപ്പലിനു നേരെയുള്ള ആക്രമണമെന്നു തന്നെ ഖമനയി വിശ്വസിച്ചു പോന്നു. 1989ൽ ഇറാന്റെ പരമോന്നത നേതാവായി അദ്ദേഹം അവരോധിക്കപ്പെട്ടു. മൂന്നു പതിറ്റാണ്ടായി ആ സ്ഥാനത്ത് ഖമനയിയുണ്ട്. ഇപ്പോഴും യുഎസ് വിരോധത്തിനു മാത്രം മാറ്റമില്ല. ഡോണൾഡ് ട്രംപ് ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോഴും യാതൊരു കുലുക്കവുമുണ്ടായില്ല ഈ എൺപതുകാരന്. എത്ര ഉപരോധം വന്നാലും യുഎസുമായി കൂടിക്കാഴ്ചയില്ലാതെ തന്നെ ഇറാൻ പുരോഗതി കൈവരിക്കുമെന്നാണ് ഖമനയിയുടെ വാക്കുകൾ.

ayatollah ali khamenei
ആയത്തുല്ല അലി ഖമനയി

വീണ്ടുമൊരു ‘ടാങ്കർ യുദ്ധ’ത്തിലേക്കു പോകാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും രാജ്യാന്തര നിരീക്ഷകർ പറയുന്നു. ഹോർമുസ് കടലിടുക്കിലെ എണ്ണ നീക്കം തടസ്സപ്പെടുത്തിയാൽ ചൈനയിലേക്കുള്ള ഇറാന്റെ കയറ്റുമതിയും നിലയ്ക്കും. ചൈനയാകട്ടെ റഷ്യയിൽ നിന്നു പൈപ് ലൈൻ വഴി എണ്ണയെത്തിക്കാനുള്ള ശ്രമം തുടരുകയുമാണ്. എങ്കിലും യുഎസിനു മേൽ ഇറാന്റെ ഭീഷണി ഇപ്പോഴും തൂങ്ങിയാടുന്നുണ്ട്. ഇറാന്റെ എണ്ണ വാങ്ങാൻ ആരും തയാറായില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണനീക്കവും തടസ്സപ്പെടുത്തും എന്നതാണത്.

ഒരു മാസത്തിനിടെ ആറ് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ മേഖലയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് സൗദിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപരോധം ശക്തമായാൽ യുറേനിയം സംപുഷ്ടീകരണം വീണ്ടും തുടരുമെന്ന ഭീഷണിയും അതിനിടെ ഇറാന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. അന്തിമതീരുമാനമുണ്ടാകുന്നതിന് യൂറോപ്യൻ രാജ്യങ്ങൾക്കുൾപ്പെടെ ഇറാൻ ജൂലൈ ആദ്യവാരം വരെയാണു സമയം നൽകിയിരിക്കുന്നത്. തീരുമാനം അനുകൂലമായില്ലെങ്കില്‍ ‘രാജ്യരക്ഷയ്ക്ക്’ ആയുധമുണ്ടാക്കാനായി സംപുഷ്ടീകരണം ആരംഭിക്കാൻ തന്നെയാണ് ഇറാൻ നീക്കം. പുതിയൊരു ‘ടാങ്കർ വാറി’നുമപ്പുറം മധ്യപൂർവദേശത്തെ സംഘർഷം വളരാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ അതിനാൽത്തന്നെ യുഎന്നും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ ഇടപെട്ട് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

English Summary: Oil tanker attack in Oman Gulf reminds of Persian Gulf's 1980s tanker war between Iran, Iraq, US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com