ADVERTISEMENT

അയോധ്യ∙ രാമക്ഷേത്രം നിർമാണത്തിനു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിനുള്ള ധൈര്യമുണ്ട്, മോദി കൊണ്ടുവരുന്ന ഓർഡിനൻസ് ആരും തടയില്ല– താക്കറെ പറഞ്ഞു. ഞായറാഴ്ച മകൻ ആദിത്യയ്ക്കൊപ്പം അയോധ്യയിലെ രാംലല്ലാ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയതാണ് താക്കറെ. 18 എംപിമാരും താക്കറെയുടെ കൂടെയുണ്ടായിരുന്നു. നവംബറിൽ രാംലല്ലയിൽ ദർശനത്തിനെത്തിയ താക്കറെ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി അംഗങ്ങളുമായി ഇവിടെയെത്തുമെന്നു പറഞ്ഞിരുന്നു.

‘അയോധ്യ കേസ് വർഷങ്ങളായി കോടതിയുടെ പരിഗണനയിലാണ്. സർക്കാർ ഒരു തീരുമാനമെടുത്താൽ അതിനെ എതിർക്കാൻ ആരും ധൈര്യപ്പെടില്ല. ശിവസേന മാത്രമല്ല ലോകത്തുള്ള എല്ലാ ഹിന്ദുക്കളും ഈ തിരുമാനത്തിനൊപ്പമാണ്. ഇത് എല്ലാ ഹിന്ദുക്കളെയും സംബന്ധിക്കുന്ന വിഷയമാണ്. അതിനാൽ എത്രയും പെട്ടെന്ന് ക്ഷേത്രം നിർമിക്കണം’– ക്ഷേത്രസന്ദർശനത്തിനു ശേഷം താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. 

ബിജെപിയും ശിവസേനയും ഹൈന്ദവതയെ ശാക്തീകരിക്കാനാണു പ്രവർത്തിക്കുന്നത്. ഇതറിഞ്ഞുകൊണ്ടാണ് ജനങ്ങൾ കൂടുതൽ സീറ്റു നൽകി മോദിയെ വീണ്ടും അധികാരത്തിൽ എത്തിച്ചത്. അതിനാൽ ജനങ്ങളുടെ വികാരം മനസ്സിലാക്കി പെരുമാറണമെന്നും താക്കറെ ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ബിജെപി സഖ്യം വിട്ടു പോകുന്നതുൾപ്പെടെയുള്ള സമ്മർദനീക്കം നടത്തുമോയെന്നും മാധ്യമങ്ങൾ ചോദിച്ചു– ‘നല്ലൊരു കാര്യത്തിനു വേണ്ടിയാകുമ്പോൾ ചിന്തകളും നല്ലതായിരിക്കണം’ എന്നായിരുന്നു മറുപടി.

ഈ വർഷം അവസാനമാണ് മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ്. അതിനാൽ രാമക്ഷേത്ര നിർമാണത്തിൽ  സഖ്യകക്ഷിയായ ബിജെപിയുടെ േമൽ കൂടുതൽ സമ്മർദം ചെലുത്താനാണ് ശിവസേനയുടെ തീരുമാനം. എന്നാൽ രാമക്ഷേത്രം തങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമല്ല മറിച്ച് വിശ്വാസത്തിന്റെ കാര്യമാണെന്നു പറയുന്നതിലൂടെ താക്കറയുടെ രാംലല്ലാ ദർശനവും തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വരവല്ലെന്നു സ്ഥാപിക്കുകയാണ് ശിവസേനയുടെ ലക്ഷ്യം.

English Summary : Modi has courage, should bring ordinance to construct Ram temple: Uddhav Thackeray in Ayodhya 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com