ADVERTISEMENT

മുസാഫർപുർ ∙ ബിഹാറിൽ മുസാഫർപുരിലും  സമീപ പ്രദേശങ്ങളിലുമായി  മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി. ഇന്ന് മാത്രം ഏഴു പേർ മരിച്ചു. നൂറിലേറെ കുട്ടികൾ ഇപ്പോൾ ചികിത്സയിലാണ്. ഒന്നിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കൂടുതലായും രോഗം ബാധിച്ചിട്ടുള്ളത്.

മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സ്ഥിതി നിയന്ത്രവിധേയമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ പറഞ്ഞു.

ഈ മാസം ഒന്നു മുതൽ സർക്കാർ വക ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (എസ്കെഎംസിഎച്ച്) 197 കുട്ടികളെയും കേജ്‌രിവാൾ ആശുപത്രിയിൽ 91 കുട്ടികളെയും മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലിറ്റിസ് സിൻഡ്രോം) സംശയിച്ചു പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ എസ്കെഎംസിഎച്ചിൽ 83 കുട്ടികളും കേജ്‌രിവാൾ ആശുപത്രിയിൽ 17 കുട്ടികളും മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതേസമയം രക്തത്തിൽ പഞ്ചസാരയുടെ അളവു പെട്ടെന്നു താഴുന്ന ഹൈപ്പോഗ്ലൈസീമിയ മൂലമാണ് 10 വയസ്സിൽ താഴെയുള്ള ഏറെ കുട്ടികളും മരിച്ചതെന്നും അഭിപ്രായമുണ്ട്. 

ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ എസ്കെഎംസിഎച്ച് സന്ദർശിച്ചിരുന്നു. എസ്കെഎംസിഎച്ചിൽ നിന്നാണ് കൂടുതൽ രോഗബാധിതർ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 'ഡോക്ടർമാർ അവരുടെ കഴിവിന്റെ പരാമാവധി ഉപയോഗിച്ചാണ് കുട്ടികളെ പരിചരിക്കുന്നത്.  രോഗപടർച്ച കണ്ടുപിടിക്കാൻ അത്യാധുനിക സംവിധാനത്തിലുള്ള ഒരു സ്ഥാപനം ജില്ലയിൽ ആരംഭിക്കും', ഹർഷവർധൻ പറഞ്ഞു.

2014 ൽ  മസ്തിഷ്കജ്വരം ബാധിച്ച് ബിഹാറിൽ 379 പേർ മരിച്ചിരുന്നു.

English Summary : Encephalitis: Death toll reaches 100 in Bihar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com