ADVERTISEMENT

കണ്ണൂർ∙ സിപിഎം ഭരിക്കുന്ന ആന്തൂ‍ർ നഗരസഭയിൽനിന്ന് ഓഡിറ്റോറിയത്തിനു കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉന്നയിച്ച ബിൽഡിങ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽ. പാർഥാ ബിൽഡേഴ്സ് എംഡി സാജൻ പാറയിലിനെ (49)ആണു കക്കാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗത്തിന്റെ ഭാര്യ അധ്യക്ഷയായ നഗരസഭക്കെതിരെയാണു പരാതി. മൃതദേഹവുമായി നഗരസഭ ഉപരോധിക്കാനുള്ള ഒരുക്കത്തിലാണു ബന്ധുക്കൾ.

ആന്തൂർ നഗരസഭയിൽപെട്ട ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ ഓഡിറ്റോറിയം നിർമിച്ചത്. എന്നാൽ ഏതാനും മാസം മുൻപ് നിർമാണത്തിൽ അപാകത ആരോപിച്ചു നഗരസഭ നോട്ടിസ് നൽകി. കെട്ടിടം പൊളിച്ചു മാറ്റണമെന്നായിരുന്നു ആവശ്യം. സാജൻ സിപിഎം ജില്ലാ കമ്മിറ്റിയെ സമീപിക്കുകയും ഉദ്യോഗസ്ഥരടങ്ങിയ സമിതി പരിശോധന നടത്തിയശേഷം നടപടിയെടുത്താൽ മതിയെന്നു പാർട്ടി നിർദേശിക്കുകയും ചെയ്തിരുന്നു.

ജില്ലാ ടൗൺ പ്ലാനിങ് ഓഫിസർ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയില്ല. നിർമാണം തുടർന്നു. ഓഡിറ്റോറിയം പൂർത്തിയായശേഷം നാലു മാസം മുൻപു കൈവശാവകാശ സർട്ടിഫിക്കറ്റിനു നഗരസഭയെ സമീപിച്ചു. എന്നാൽ അപേക്ഷയിൽ നഗരസഭ തീരുമാനമെടുത്തില്ല. ഈ വിഷയത്തിലും സാജൻ പരാതിപ്പെട്ടിരുന്നു. ഓഡിറ്റോറിയം തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് അടുത്ത സുഹൃത്തുക്കളോടും പറ‍ഞ്ഞിരുന്നു. 

നഗരസഭാധ്യക്ഷ, സെക്രട്ടറി, എൻജിനിയർ എന്നിവരെക്കുറിച്ചാണു പരാതിപ്പെട്ടിരുന്നത്. ഇവർക്കെതിരെ കത്തെഴുതി വച്ചശേഷമാണ് ആത്മഹത്യയെന്നു പറയുന്നു. കത്തിന്റെ കാര്യത്തിൽ പൊലീസ് സ്ഥിരീകരണം ലഭിച്ചിട്ടില്ല. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയാണു നഗരസഭാധ്യക്ഷ. പ്രതിപക്ഷ കൗൺസിലർ ഇല്ലാത്ത നഗരസഭയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com