ADVERTISEMENT

ചെന്നൈ∙ നഗരത്തിൽ ആളുകൾ കണ്ടുമുട്ടിയാൽ നേരത്തെ സംസാരം തുടങ്ങിയിരുന്നതു ഇങ്ങനെയായിരുന്നു- ശാപ്പിട്ടോ?. ആഴ്ചകളായി ചോദ്യത്തിൽ മാറ്റമുണ്ട്. രണ്ടുപേർ കണ്ടുമുട്ടിയാൽ ആദ്യത്തെ ചോദ്യം വെള്ളത്തെക്കുറിച്ചാണ്- വെള്ളത്തിനു പ്രശ്നമുണ്ടോ?. അവസാനമായി മഴ ലഭിച്ചിട്ടു ഇന്നലെ 193 ദിവസം പൂർത്തിയായിരിക്കെ ചെന്നൈ അതിരൂക്ഷമായ ശുദ്ധ ജലപ്രശ്നമാണു നേരിടുന്നത്.

വീടുകൾ മുതൽ ഓഫിസുകൾവരെയും ഹോട്ടലുകളിൽ തുടങ്ങി സ്കൂളുകൾ വരെയും വെള്ളമാണു ചർച്ചാ വിഷയം. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാൽ സ്ഥിതി എവിടെയെത്തി നിൽക്കുമെന്ന ആശങ്കയിലാണു അധികൃതർ. ഇന്നലെ ആകാശം മേഘാവൃതമായതും ഒരാഴ്ചയ്ക്കുള്ളിൽ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിലുമാണ് ഇനി പ്രതീക്ഷ.

ഹോട്ടലുകൾ പൂട്ടാൻ സാധ്യത

Chennai Drought
ചെന്നൈ നഗരത്തിന്റെ പ്രധാന ജല സ്രോതസ്സായ പൂണ്ടി റിസർവോയർ വറ്റിയതിനെ തുടർന്ന് കാലികളെ മേയ്ക്കുന്നു. ചിത്രം: പിടിഐ

കുടിവെള്ള ക്ഷാമം നഗരത്തിലെ ഹോട്ടലുകളുടെ ബാധിച്ചു തുടങ്ങി. ചെറുകിട-ഇടത്തരം ഹോട്ടലുകളിൽ പലതും തൽക്കാലത്തേയ്ക്കു പൂട്ടിയിടാനുള്ള ഒരുക്കത്തിലാണ്. നുങ്കമ്പാക്കത്തു പ്രശസ്തമായ തെന്നകം ഹോട്ടൽ ഇതിനകം അടച്ചുപൂട്ടി. ജലക്ഷാമം പരിഹരിക്കുന്നതുവരെ ഹോട്ടൽ തുറന്നുപ്രവർത്തിക്കില്ലെന്ന നോട്ടിസ് ഹോട്ടലിനു പുറത്തു തൂക്കിയിട്ടുണ്ട്.

നഗരത്തിൽ പതിനായിരത്തോളം ഇടത്തരം, ചെറുകിട ഹോട്ടലുകളുണ്ടെന്നാണു കണക്ക്. ജലക്ഷാമം രൂക്ഷമായതിനാൽ സ്വകാര്യ ടാങ്കറുകൾ വൻതോതിൽ വില കൂട്ടിയതാണു ഇവരെ പ്രതിസന്ധിയിലാക്കുന്നത്. നേരത്തെ നൽകിയതിന്റെ അഞ്ചിരട്ടി വരെയാണ് ഇപ്പോൾ വെള്ളത്തിനായി നൽകേണ്ടിവരുന്നത്. ഇതു നഷ്ടത്തിനു കാരണമാകുന്നു. ഇത്രയും വില നൽകി വെള്ളം വാങ്ങുന്നതിനേക്കാൾ ഭേദം ഹോട്ടലുകൾ അടച്ചിടുന്നതാണെന്നു ഹോട്ടൽ ഉടമകൾ പറയുന്നു.

ചെമ്പരമ്പക്കം തടാകം വറ്റിവരണ്ട നിലയിൽ
ചെമ്പരമ്പക്കം തടാകം വറ്റിവരണ്ട നിലയിൽ

നേരത്തെ ചെറുകിട ഹോട്ടലുകാർ വെള്ളത്തിനായി മാസം 20,000 രൂപവരെയാണു ചെലവാക്കിയിരുന്നത്. ഇപ്പോൾ 10 ദിവസത്തേക്കു തന്നെ ഇത്രയും പണം നൽകേണ്ടിവരുന്നു. ഇടത്തരം ഹോട്ടലുകളിൽ വെള്ളത്തിനു മാത്രം ലക്ഷത്തിലേറെ രൂപയാണു ചെലവാകുന്നത്. വൻകിട ഹോട്ടലുകൾക്കും പ്രശ്നമുണ്ടെങ്കിലും പ്രവർത്തനം ബാധിച്ചു തുടങ്ങിയിട്ടില്ല.

ശുചിമുറിയില്ല, കൈ കഴുകാൻ പാത്രം

Chennai Drought
ദാഹിക്കുന്ന ഭൂമി: 70 വർഷത്തെ ഏറ്റവും താഴ്ന്ന ജലനിരപ്പിലെത്തിയ പുഴൽ റിസർവോയർ. ചിത്രം: എഫ്പി

ജലക്ഷാമം രൂക്ഷമായതോടെ വെള്ളം സംരക്ഷിക്കാൻ ഹോട്ടലുകൾ പല മാർഗങ്ങളും പയറ്റുന്നു. പല ഹോട്ടലുകളും ശുചിമുറികൾ അടച്ചിട്ടു. കൈ കഴുകാനായി വാഷ് ബേസിനുകൾക്കു പകരം പല ഹോട്ടലുകളും ചെറിയ പാത്രത്തിലാണു വെള്ളം നൽകുന്നത്. പാഴാകുന്ന വെള്ളത്തിന്റെ അളവ് കുറക്കാൻ ഇതു സഹായിക്കുമെന്നു ഹോട്ടലുകാർ പറയുന്നു.

നോൺ വെജ് ഓൺലി, ഊണ് തയാറല്ല

നുങ്കമ്പാക്കത്തും പരിസര പ്രദേശങ്ങളിലും ഹോട്ടലുകൾക്കു പുറത്തു കുറച്ചു ദിവസങ്ങളായി ഒരു നോട്ടിസുണ്ടായിരുന്നു - ജലക്ഷാമം കാരണം ഉച്ചയൂണുണ്ടാകില്ല. പല ഹോട്ടലുകളും പ്രവർത്തന സമയം വെട്ടിക്കുറച്ചു. രാവിലെ മുതൽ രാത്രിവരെ തുറന്നിരുന്ന ഹോട്ടലുകൾ രണ്ടു നേരത്തേക്കാക്കി ചുരുക്കി. ഉച്ചയ്ക്കു തുറക്കുന്ന ചെറുകിട ഹോട്ടലുകൾ പലതും ഊണ് ഒഴിവാക്കി. ഇതിനൊപ്പമുള്ള കറികൾ പാചകം ചെയ്യുന്നതിനു കൂടുതൽ വെള്ളം ഉപയോഗിക്കേണ്ടി വരുമെന്നതിനാലാണിത്.

നേരിട്ട് അനുമതിക്ക് ആവശ്യം

Chennai Drought
ചെന്നൈ നഗരത്തിന്റെ പ്രധാന ജല സ്രോതസ്സായ പുഴൽ റിസർവോയർ വറ്റിയതിനെ തുടർന്ന് കാലികളെ മേയ്ക്കുന്നു.

ജലക്ഷാമത്തെത്തുടർന്നു ഹോട്ടലുകൾ പൂട്ടുന്ന സാഹചര്യം ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു ഹോട്ടൽ ഉടമസ്ഥ കൂട്ടായ്മ ഇന്നലെ മന്ത്രി എസ്.പി.വേലുമണിയുമായി ചർച്ച നടത്തി. കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ കിണറുകളിൽ നിന്നു നേരിട്ടു ജലം ശേഖരിക്കാൻ അനുമതി നൽകണമെന്നു ഇവർ മന്ത്രിയോടു ആവശ്യപ്പെട്ടു. നിലവിൽ സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കേണ്ടിവരുന്നതിനാൽ അവർ അമിത വില ഈടാക്കുന്നുവെന്നാണു പരാതി.

മാൻഷനുകളിൽ പ്രതിസന്ധി

കുടുംബമില്ലാതെ നഗരത്തിൽ ഒറ്റയ്ക്കു താമസിക്കുന്നവരുടെ പ്രധാന ഇടമായ മാൻഷനുകളും ജലക്ഷാമത്തെത്തുടർന്നു വൻ പ്രതിസന്ധിയിലാണ്. നഗരത്തിൽ ഏറ്റവും കൂടുതൽ മാൻഷനുകളുള്ളത് ട്രിപ്ലിക്കേൻ, ചെപ്പോക്ക്, റോയപ്പേട്ട എന്നിവിടങ്ങളിലാണ്. പല മാൻഷനുകളും തൽക്കാലത്തേക്കു പൂട്ടിക്കഴിഞ്ഞു. രണ്ടു പേർക്കു നൽകിയിരുന്ന മുറികൾ ഇപ്പോൾ ഒറ്റ താമസക്കാർക്കു മാത്രമാണു നൽകുന്നത്. പല മാൻഷനുകളും വാടക കൂട്ടി. നേരത്തെയും സ്വകാര്യ ടാങ്കറുകളെയാണു മാൻഷനുകൾ വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. നേരത്തെ 12,000 ലീറ്റർ വരുന്ന ടാങ്കറിനു 1,200 രൂപവരെയാണു ഈടാക്കിയിരുന്നത്. നിലവിൽ ഇതു 7,000 മുതൽ 10,000 രൂപവരെയാണ്. ഈ നിരക്കിൽ വെള്ളം വാങ്ങി മുന്നോട്ടുപോകാനാവില്ലെന്നു ട്രിപ്ലിക്കേനിലെ കിങ്സ് മാൻഷൻ ഉടമ രവി പറയുന്നു.

രണ്ടുദിവസം ചൂടുകാറ്റ്; താപനില ഉയരും

Chennai Drought
പുഴൽ റിസർവോയറിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ

ചെന്നൈ ഉൾപ്പെടെ വടക്കൻ തമിഴ്നാട്ടിലെ 10 ജില്ലകളിൽ രണ്ടു ദിവസം ചുടുകാറ്റു വീശും. താപനില ആറു ഡിഗ്രി സെൽഷ്യസ് വരെ ഉയരും. അതിനാൽ, രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നതു പരമാവധി കുറയ്ക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 20 മുതൽ ചെന്നൈയിലുൾപ്പെടെ പകൽ താപനില പടിപടിയായി കുറയും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, വെല്ലൂർ, തിരുവണ്ണാമല തുടങ്ങിയ ജില്ലകളിലാണു ചൂടുകാറ്റ് പ്രവചിച്ചിരിക്കുന്നത്. നിലവിൽ 40 ഡിഗ്രിയിലേറെ താപനിലയിലുള്ള ഈ ജില്ലകളിൽ ഇതു 45 ഡിഗ്രിവരെ ഉയരും.

ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നു

വിവിധ ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതും ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ ചെന്നൈ ഉൾപ്പെടെ 22 ജില്ലകൾ റെഡ് കാറ്റഗറിയിലാണ്. ഭൂഗർഭ ജലത്തിന്റെ അളവ് ആശങ്കജനകമാംവിധം താഴ്ന്ന ജില്ലകളെയാണു റെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടലൂർ, തൂത്തുക്കുടി, തിരുനൽവേലി ജില്ലകൾ കഴിഞ്ഞ ഒരു മാസത്തിനിടെയാണു റെഡ് കാറ്റഗറിയിലേക്കു മാറിയത്. ഈ വർഷം കൂടി മഴയുടെ ലഭ്യത കുറഞ്ഞാൽ കൂടുതൽ ജില്ലകൾ റെഡ് കാറ്റഗറി വിഭാഗത്തിലേക്കു മാറും.

കഴിഞ്ഞ ഒരു മാസത്തിനിടെ, തിരുനൽവേലിയിൽ 0.83 മീറ്ററും തൂത്തുക്കുടിയിൽ 0.45 മീറ്ററും കടലൂരിൽ 0.43 മീറ്ററുമാണു ഭൂഗർഭ ജലത്തിന്റെ തോത് കുറഞ്ഞത്.കഴിഞ്ഞ വർഷം ജനുവരിക്കു ശേഷം ആദ്യമായാണു തിരുനൽവേലി, തൂത്തൂക്കുടി ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ നിരപ്പ് കുറയുന്നത്. മഴയുടെ കുറവാണു കാരണം. നിലവിലെ കണക്കുപ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിലാണ് ഭൂഗർഭ ജലത്തിന്റെ അളവ് വർധിച്ചത്. മധുര, ഈറോഡ്, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ ഉൾപ്പെടെ ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ച ജില്ലകളിലാണു ജലനിരപ്പ് ഉയർന്നത്.

ചെന്നൈയിൽ ഗുരുതരം

Chennai Drought
പുഴൽ റിസർവോയറിൽ നിന്നുള്ള ദൃശ്യം

ചെന്നൈയിലെ പരിസര ജില്ലകളിലും വൻ തോതിലുള്ള ഇടിവാണു ജലനിരപ്പിലുണ്ടായത്. കാഞ്ചീപൂരം, തിരുവള്ളൂർ, വെല്ലൂർ, തിരുവണ്ണാമല ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഭൂഗർഭ ജലനിരപ്പ് വൻ തോതിൽ താഴ്ന്നു. ചെന്നൈയിലേക്കു ജലം വിതരണം ചെയ്യുന്നതിനായി സ്വകാര്യ ടാങ്കറുകൾ വൻ തോതിൽ ജലം ഊറ്റിയതാണു ഇതിനു കാരണമെന്നാണു നിഗമനം. ജില്ലകളിൽ പെരുമ്പല്ലൂരിലും തിരുവണ്ണാമലയിലുമാണു ഏറ്റവും കൂടുതൽ ജലനിരപ്പ് താഴ്ന്നത്. ഒരു വർഷത്തിനിടെ രണ്ടു ജില്ലകളിലും 4.5 മീറ്ററിലധികമാണു ഭൂഗർഭ ജലനിരപ്പ് താഴ്ന്നത്.

മഴയില്ലായ്മ റെക്കോർഡിലേക്ക്?

മഴയ്ക്കു വേണ്ടി കാത്തിരിക്കുന്നതു വേഴാമ്പൽ മാത്രമല്ല, ചെന്നൈ നഗരം കൂടിയാണ്. എങ്ങിനെ കാത്തിരിക്കാതിരിക്കും. ചെന്നൈയിൽ മഴ പെയ്തിട്ടു ഇന്നലെ 192 ദിവസം പിന്നിട്ടും. രണ്ടു ദിവസം കൂടി ഈ മഴയില്ലായ്മ നീണ്ടു നിന്നാൽ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴയില്ലാത്ത വർഷമായി ഇതു മാറും. ചെന്നൈയിൽ മഹാപ്രളയം സംഭവിച്ച 2015നു മുൻപ് ഇതേ രീതിയിൽ മഴയില്ലായ്മ നഗരത്തെ വീർപ്പുമുട്ടിച്ചിരുന്നു. അന്ന് മഴയില്ലാത്ത തുടർച്ചയായ 193 ദിവസങ്ങൾക്കു ശേഷമാണു നിർത്താതെ മഴ പെയ്തത്. തെലങ്കാനയിൽ മഴക്കാലമെത്തുന്ന 19നു ശേഷം ചെന്നൈ ഉൾപ്പെടെ വടക്കൻ തമിഴ്നാട്ടിൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com