ADVERTISEMENT

തലശ്ശേരി ∙ സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നിൽ പാർട്ടിക്കാരുണ്ടെങ്കിൽ അവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ. പൊലീസ് കണ്ടെത്തുന്ന ഒരു പ്രതിയെയും സംരക്ഷിക്കില്ല. പൊലീസ് അന്വേഷണത്തിൽ ഇടപെടുകയുമില്ല. നസീർ വിഷയത്തിൽ പാർട്ടി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആളെ കൊന്നിട്ടോ കൊല്ലാൻ ശ്രമിച്ചിട്ടോ ഒരു പാർട്ടിയും വളരില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടാണത്. നസീറിനെ ആക്രമിക്കാൻ സിപിഎമ്മിന് ഒരു പ്രകോപനവുമില്ല. സിപിഎമ്മിനെ വെല്ലുവിളിക്കാനുള്ള രാഷ്ട്രീയ അടിത്തറയുള്ളയാളല്ല നസീർ. പാർട്ടി വിരുദ്ധ നിലപാടുകളുടെ ഭാഗമായി പാർട്ടിയിൽനിന്നു പോയി. പത്തറുനൂറ് വോട്ട് എങ്ങനെയോ കിട്ടി.

വോട്ടർമാർ തെറ്റി ചെയ്തതാകാം. ഇങ്ങനെ ഒരാളെ സിപിഎം എന്തിന് ആക്രമിക്കണം? നസീറിനെ ആക്രമിച്ചതിന്റെ ഗുണഭോക്താവ് ആരാണെന്നു ചിന്തിക്കണം. അതെന്തായാലും സിപിഎം അല്ല. പാർട്ടിക്കു പങ്കില്ലാത്ത വിഷയത്തിൽ പാർട്ടിയെ ആക്രമിക്കാൻ എ.എൻ.ഷംസീറിനെ ആക്രമിക്കുകയാണു രാഷ്ട്രീയ ശത്രുക്കൾ– ഗോവിന്ദൻ പറഞ്ഞു. 

പേര് പറയാൻ നിർബന്ധിച്ചു

സി.ഒ.ടി.നസീറിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ വധശ്രമത്തിൽ പാർട്ടിക്കു പങ്കില്ലെന്നും പാർട്ടിയുമായി ബന്ധമുള്ള ചിലർക്കു പങ്കുണ്ടെന്നുമാണു തന്നോടു പറഞ്ഞതെന്നു സിപിഎം സംസ്ഥാനസമിതിയംഗം പി.ജയരാജൻ. നസീർ ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ആശുപത്രിയിൽനിന്നു വന്നശേഷം വീട്ടിൽ പോയി നസീറിനെ കണ്ടിരുന്നു. എന്റെ പേര് പറയാൻ ചിലർ നിർബന്ധിച്ചുവെന്നും കേന്ദ്രസർക്കാരിന്റെ സംരക്ഷണം വരെ വാഗ്ദാനം ചെയ്തുവെന്നും നസീർ പറഞ്ഞു.

എന്നാ‍ൽ എന്റെ പേര് പറയാൻ നസീർ തയാറായില്ല. നസീറിന്റെ വിഷയം പാർട്ടി പരിശോധിച്ചിട്ടുണ്ട്. അതു മാധ്യമങ്ങളോടു പറയാൻ മനസ്സില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. മാധ്യമങ്ങളുടെ ഡെസ്കിലും മറ്റും നടക്കുന്ന ചർച്ച പുറത്തുപറയാറുണ്ടോ? തെറ്റ് സംഭവിച്ചാൽ അംഗമായാലും നേതാവായാലും പാർട്ടി നടപടിയെടുക്കും. അതു പക്ഷേ കോൺഗ്രസിനോ ബിജെപിക്കോ കഴിയാത്ത കാര്യമാണ്.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിൽ നസീർ അഴിമതി ആരോപിച്ചിട്ടുണ്ട്. ഈ ആക്ഷേപത്തിൽ കുറച്ച് അടിസ്ഥാനമുണ്ട്. പുൽത്തകിടിയുടെ കാര്യത്തിൽ ചില അപാകതകൾ വന്നിട്ടുണ്ട്. അതു കരാറുകാർ പരിഹരിക്കേണ്ടതാണ്. അല്ലാതെ അത് അഴിമതിയല്ല– ജയരാജൻ പറഞ്ഞു.

സംഘടിതമായ നുണപ്രചാരണം

സി.ഒ.ടി.നസീറിനെതിരായ ആക്രമണത്തിന്റെ പേരിൽ നടക്കുന്നതു സംഘടിതമായ നുണപ്രചാരണമാണെന്ന് എ.എൻ.ഷംസീർ എംഎൽഎ. ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കാനാണു ശ്രമിക്കുന്നത്. വ്യക്തിപരമായി തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നതു പാ‍ർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ശത്രുക്കൾക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്നേഹമല്ല, സിപിഎമ്മിനോടുള്ള വിരോധം മാത്രമാണു കാണാൻ കഴിയുന്നത്– ഷംസീർ പറഞ്ഞു.

English Summary: CPM public meeting on COT Naseer issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com