ADVERTISEMENT

ആലപ്പുഴ∙ പ്രാരാബ്ധങ്ങൾ തീർക്കാനും വീടിന്റെ വായ്പ തിരിച്ചടവിനും വള്ളികുന്നം സ്വദേശി സൗമ്യ വളരെയധികം ബുദ്ധിമുട്ടിയിരുന്നതായി സുഹൃത്തുക്കൾ. അതുതകൊണ്ടുതന്നെ സൗമ്യ അവധിദിവസങ്ങളിൽ പോലും ജോലിക്കു പോയിരുന്നതായും സുഹൃത്തുക്കൾ ഓർക്കുന്നു. ശനിയാഴ്ച സർവകലാശാല അസിസ്റ്റന്റ് പരീക്ഷ കഴിഞ്ഞെത്തി ഏതാനും നിമിഷങ്ങളേ സൗമ്യ വീട്ടിൽ തങ്ങിയുള്ളൂ. വൈകാതെ ജോലിക്കായി സ്റ്റേഷനിലേക്കു പോയി. ആ യാത്ര പക്ഷേ, ഏതാനും മീറ്ററുകൾക്കപ്പുറം അജാസിന്റെ പകയിൽ അവസാനിച്ചു.

കഴിയുന്നതും ജോലിയിൽനിന്ന് അവധിയെടുക്കാത്തതായിരുന്നു സൗമ്യയുടെ രീതി. ആഴ്ചയിലൊരിക്കലുള്ള ഒഴിവുദിവസം പോലും ജോലി ചെയ്യാറുണ്ട്. അതിന് അധികം പണം കിട്ടും. വായ്പ തിരിച്ചടയ്ക്കാൻ അത് കുറച്ചെങ്കിലും ആശ്വാസമാകുമെന്നു സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങൾ നോക്കുന്നതിൽ സൗമ്യയ്ക്ക് ആശങ്കയുണ്ടായിരുന്നില്ല. മൂന്നര വയസ്സു മാത്രമുള്ള ഇളയ മകളുടെ കാര്യങ്ങൾ മൂത്ത കുട്ടികൾ നോക്കും. ഭക്ഷണം തയാറാക്കി വച്ച ശേഷം സൗമ്യയ്ക്കു ജോലിക്കു പോകാം. അനിയത്തിയെ ചേട്ടൻമാർ ഊട്ടുകയും ഉറക്കുകയും ചെയ്യും. അതാണു വലിയ ആശ്വാസമെന്നും സൗമ്യ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.

വിവാഹശേഷം സൗമ്യ പിഎസ്‌സി പരീക്ഷകൾ പലതും എഴുതിയിരുന്നു. കെഎസ്ആർടിസിയിൽ ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നെയാണ് പൊലീസ് സർവീസിൽ കിട്ടിയത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്പി ഓഫിസിലായിരുന്നു നിയമനം. 15 ദിവസം ജോലിക്കു പോയെങ്കിലും ദൂരക്കൂടുതൽ മൂലം മാറ്റത്തിനു ശ്രമിച്ചു. അന്നത്തെ എംപി കെ.സി.വേണുഗോപാൽ ഇടപെട്ടാണ് വള്ളികുന്നം സ്റ്റേഷനിലേക്കു മാറ്റം കിട്ടിയത്. ആയിടയ്ക്കാണ് സൗമ്യയുടെ ഭർത്താവ് സജീവ് ജോലി തേടി ഗൾഫിൽ പോയത്. 2 പ്രാവശ്യമായി ഗൾഫിൽ ജോലി ചെയ്തു. അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോൾ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.

കൊലപാതക സംഭവങ്ങളെക്കുറിച്ച് മറ്റു പരാതികളുമായി ആരെയും സമീപിച്ചിട്ടില്ലെന്നു സാമ്യയുടെ അച്ഛന്‍ പുഷ്പാകരൻ പറഞ്ഞു. സജീവ് നാട്ടിലെത്തി ചടങ്ങുകൾ പൂർത്തിയാക്കിയശേഷം കൂടിയാലോചിച്ചു വേണ്ടതു ചെയ്യും. നാട്ടിൽ കരാർ ജോലികൾ ചെയ്തിരുന്ന പുഷ്പാകരന് ഇടക്കാലത്തു സാമ്പത്തിക ബാധ്യതയേറിയിരുന്നു. അതു കുറയ്ക്കാൻ ഗൾഫിൽ ജോലി തേടിപ്പോയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. പക്ഷാഘാതം വന്ന് ആരോഗ്യവും നഷ്ടപ്പെട്ടു. പഠനം കഴിഞ്ഞ് ജോലി നേടിയ സൗമ്യ സ്വന്തം വീട്ടുകാർക്കും സഹായമെത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com