ADVERTISEMENT

തിരുവനന്തപുരം∙ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വെടിവയ്പ്പില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത കാലയളവിനിടയില്‍ പരിശീലനം നല്‍കുന്നുണ്ടെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് കയറുന്ന സമയത്തു മാത്രമാണ് ആയുധപരിശീലനം നല്‍കുന്നത്.

വര്‍ഷത്തില്‍ രണ്ടാഴ്ച ആയുധപരിശീലനം നല്‍കണമെന്ന നിര്‍ദേശം വര്‍ഷങ്ങളായി മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഇന്‍സ്പെക്ടര്‍ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് തൃശൂരിലെ എക്സൈസ് അക്കാദമിയിലാണ്. എന്നാല്‍ വെടിവയ്പ്പ് പരിശീലനത്തിനുള്ള സൗകര്യം അക്കാദമിയിലില്ല. തൃശൂരിലെ പൊലീസ് അക്കാദമിയില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് ആലോചന.

അടുത്തമാസം മുതല്‍ ബാച്ചുകളായി തിരിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. മയക്കുമരുന്നു കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനയില്‍ കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

എക്സൈസ് എന്‍ഫോഴ്‌സമെന്റ് കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാനതലത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കും. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു സ്‌ക്വാഡുകള്‍ നിലവിലുണ്ട്. കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ രൂപീകരിക്കുന്ന പുതിയ സ്ക്വാഡിന് കേരളത്തിലെവിടെയും കേസ് റജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും അധികാരം ഉണ്ടായിരിക്കും. പഴയ കേസുകളുടെ പുരോഗതി വിലയിരുത്തി എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനും എക്സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com