ADVERTISEMENT

കൊൽക്കത്ത∙ വെള്ളത്തിനടിയില്‍ ലൈവ് സ്റ്റണ്ട് പെര്‍ഫോമന്‍സ് നടത്താന്‍ ശ്രമിച്ച് കൊല്‍ക്കത്തയില്‍ അപകടത്തിൽപ്പെട്ട മജീഷ്യന്റെ മൃതദേഹം കണ്ടെത്തി. മാൻഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചൽ ലാഹിരി (41) ആണ് മരിച്ചത്.

വിഖ്യാത മജീഷ്യന്‍ ഹാരി ഹൗഡിനി 100 വർഷം മുമ്പ് പ്രസിദ്ധമാക്കിയ ‘കാണാതാകൽ’ മാജിക് അനുകരിക്കവെയാണു ചഞ്ചൽ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ഹൗറ പാലത്തിന്റെ 28ാം നമ്പര്‍ പില്ലറിന് സമീപം ബന്ധനസ്ഥനായി ചഞ്ചല്‍ നദിയിലേക്കു ചാടുകയായിരുന്നു. 2013ൽ ഇതേ മാജിക് ചഞ്ചൽ വിജയകരമായി ചെയ്തിരുന്നു. നദിക്കടിയിൽനിന്നും കെട്ടുകളഴിച്ചു രക്ഷപ്പെട്ടു കരയിലേക്കു നീന്തി വരുമെന്നാണു ചഞ്ചൽ പറഞ്ഞിരുന്നത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ചഞ്ചലിനെ കാണാതിരുന്നതോടെ ജനക്കൂട്ടം ആശങ്കയിലായി.

പൊലീസും ദുരന്തനിവാരണ സേനയും ലാഹിരിക്കായി തിരച്ചിൽ നടത്തി. ഡൈവര്‍മാര്‍ ആഴത്തിലേയ്ക്ക് പോയി തിരഞ്ഞെങ്കിലും ചഞ്ചല്‍ ലാഹിരിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ വൈകി അപകടം നടന്ന  സ്ഥലത്തു നിന്നു ഒരു കിലോമീറ്റർ മാത്രം അകലെ നിന്ന് ലാഹിരിയുടെ മൃതദേഹം കണ്ടെത്തി. 

ഹാരി ഹൗഡിനി 100 വർഷം മുൻപ് കാണിച്ചു അതിപ്രശസ്തിയിലേക്കു ഉയർന്ന ഗ്രേറ്റ് എസ്കേപ് വിദ്യ അനുകരിക്കാനായിരുന്നു  ശ്രമം. 21 വർഷം മുൻപും താൻ വിജയകരമായി സമാനമായ വിദ്യ ചെയ്തിട്ടുണ്ടെന്ന് പ്രകടനത്തിനു മുൻപ് ലാഹിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 29 സെക്കന്റ് മാത്രമാണ് അന്ന് പുറത്തു വരാൻ തനിക്ക് ആവശ്യമായി വന്നതെന്നും ഇന്നാൽ ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ലെന്നും ലാഹിരി പ്രകടനത്തിനു മുൻപ് പറഞ്ഞു. ‘കെട്ടഴിച്ചു പുറത്തുവന്നാൽ അത് മാജിക്കാണ് അല്ലെങ്കിൽ ദുരന്തമായിരിക്കുമെന്നായിരുന്നു പ്രകടനത്തിനു തൊട്ടുമുൻപ് ലാഹിരി പറഞ്ഞ വാക്കുകൾ.   

അനുമതി വാങ്ങിയ ശേഷമാണ് ചഞ്ചല്‍ ലാഹിരി പ്രകടനം നടത്തിയത്, അതേസമയം മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറയുന്നു. കൈയും കാലും കെട്ടി കൂടിനകത്ത് കയറിയാണ് ചഞ്ചല്‍ ലാഹിരി സാഹസപ്രകടനത്തിനിറങ്ങിയത്. ഫെയര്‍ലി പ്ലേസ് ഘട്ടില്‍ നിന്ന് ഒരു ബോട്ട് പിടിച്ചാണ് ചഞ്ചല്‍ ലാഹിരി പോയത്. ഉച്ചയോടെ പില്ലര്‍ 28ല്‍ നിന്ന് നദിയിലേയ്ക്ക് ചാടി. വെള്ളത്തിന് അടിയിൽ വച്ച് കെട്ടുകൾ അഴിക്കാനാവാതിരുന്നതാണ് ചഞ്ചല്‍ ലാഹിരിയുടെ മരണത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ. മൃതദേഹം കണ്ടെത്തുമ്പോഴും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

ബോട്ടിലോ കപ്പലിലോ മാജിക് നടത്തുമെന്നു പറഞ്ഞാണു കൊൽക്കത്ത പൊലീസിന്റെയും കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെയും അനുമതി തേടിയത്. എന്നാൽ, നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി അതിസാഹസികമായാണു ചഞ്ചൽ മാജിക് അവതരിപ്പിച്ചതെന്നു പോർട്ട് ട്രസ്റ്റ് ആരോപിച്ചു. 2013ൽ ഇതേ മാജിക് നടത്തിയപ്പോൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സോനാർപുർ സ്വദേശിയായ ചഞ്ചൽ, ലോകമെമ്പാടും 2500ലേറെ മാജിക് ഷോ നടത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. 

English Summary: Kolkata Magician Dies in Hooghly river After Stunt Fails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com