ADVERTISEMENT

മുംബൈ∙ ദുബായിൽ കെട്ടിട നിർമാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നു ലൈംഗികാരോപണം ഉന്നയിച്ച യുവതി. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദുബായിൽ ബാർ ഡാൻസറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നൽകിയാണ് ബിനോയ് അടുത്തുകൂടിയത്. ഡാൻസ് ബാറിനുള്ളിൽ ബിനോയ് തനിക്കുമേൽ നോട്ടുകൾ വാരിവിതറാറുണ്ടായിരുന്നെന്നും അന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പീഡനപരാതിയിൽ പറയുന്നു.

യുവതി പരാതിയിൽ പറയുന്നത്:

ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായ താൻ 2007–ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാൻസ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറുന്നത്. ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു.

ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തുപോന്നു.

2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ലാണ് ബിനോയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായി. 2019ൽ വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തി - പരാതിയിൽ പറയുന്നു.

English Summary: Binoy Kodiyeri showered me with money says complainant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com