ADVERTISEMENT

ന്യൂഡല്‍ഹി ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ യുവതി പാർട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായി റിപ്പോർട്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണു കത്തു മുഖേന പാർട്ടിക്കു നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. രണ്ടുമാസം മുന്‍പാണ് പരാതി നൽകിയത്.

സിപിഎം കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്. നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ നേതാക്കളാരും തന്നെ വിഷയത്തിൽ ഇടപടേണ്ടതില്ലെന്നാണു കേന്ദ്രം നിലപാടെടുത്തത്.

അതിനിടെ, പീഡനപരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിക്കും. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടേയും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പരിശോധിക്കും. യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും ശേഖരിക്കും. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.

പ്രതികരിച്ചില്ലെങ്കില്‍ സമന്‍സ് അയക്കുന്നതടക്കമുളള നടപടികളിലേക്ക് കടക്കും. സാമ്പത്തിക വാഗ്ദാനത്തില്‍നിന്ന് ബിനോയ് പിന്മാറിയതോടെയാണ് യുവതി ഡിസംബറില്‍ അഞ്ചുകോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചത്. ഇത് ബിനോയ് അവഗണിച്ചതോടെ ഈ മാസം 13ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ 12ന് കണ്ണൂർ ഐജിക്കു നൽകിയ പരാതിയിൽ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവർ എന്നിവർ‌ക്കെതിരെയാണു പരാതി നൽ‌കിയത്. ഈ വ്യക്തികൾ ചേർന്ന് 2018 ഡിസംബർ 31ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു കത്തയച്ചു ഭീഷണിപ്പെടുത്തിയെന്നാണു ബിനോയിയുടെ പരാതി.

യുവതിക്കെതിരെ കേരള പൊലീസ് കേസെടുത്തേക്കും. യുവതി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നു കാട്ടി ബിനോയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാകും നടപടി. യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു.

English Summary: Women complaints against Binoy Kodiyeri to CPM- reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com